ഇങ്ങനെയൊക്കെ അഭിനയിച്ചാൽ നീ അധികം വൈകാതെ ഫീൽഡ് ഔട്ട് ആവും എന്ന് അവൻ എന്റെ മുഖത്ത് നോക്കി പറയും: അജു വർഗീസ്
മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തെ മുന്നോട്ട് നയിക്കുന്ന സുഹൃദ്ബന്ധങ്ങളെക്കുറിച്ച് പറയുകയാണ് നടൻ. യു. ഇൻ . യു എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

അജു വർഗീസ്.screen grab/youtube
‘സിനിമകൾ ഇറങ്ങിക്കഴിയുമ്പോൾ എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന തരത്തിലുള്ള ട്രോളുകൾ അടക്കം വരാറുണ്ട്. പക്ഷെ അപ്പോഴും എന്നെ തിരുത്താൻ ആളുകളുണ്ട് എന്നതാണ് എന്റെ വലിയ ഭാഗ്യം. എന്നോട് ഏറ്റവും അടുപ്പമുള്ള വ്യക്തിയായ എന്റെ മാനേജർ മുഹമ്മദ്, ഞാൻ ചെയ്ത ഏതെങ്കിലും ഒരു ഷോട്ട് മോശമായാൽ ഇങ്ങനെയൊക്കെ അഭിനയിച്ചാൽ നീ അധികം വൈകാതെ ഫീൽഡ് ഔട്ട് ആവും എന്ന് മുഖത്തുനോക്കി പറയാറുണ്ട്. അവിടെ യാതൊരുവിധ പോളിഷിങ്ങും അവൻ നോക്കാറില്ല.
അതുപോലെതന്നെയാണ് എന്റെ സുഹൃത്തുക്കളുടെ കാര്യവും. എന്റെ സോഷ്യൽ മീഡിയ അഡ്മിൻ ആവട്ടെ, എനിക്കെതിരെ എന്തെങ്കിലും നെഗറ്റീവ് കമന്റുകൾ വന്നാൽ ആദ്യം അതിന്റെ സ്ക്രീൻഷോട്ട് എനിക്ക് അയച്ചു തരുന്നത് അവനായിരിക്കും. അവർ വെറുതെ നല്ലത് മാത്രം പറയുന്ന ആളുകളല്ല എന്നതുതന്നെയാണ് എന്റെ ഭാഗ്യം.ഇതിനുപുറമെ, പേര് പറയുന്നില്ല എന്റെ സുഹൃത്തായ ഒരു പ്രമുഖ സംവിധായകൻ ഞാൻ ചെയ്ത ഒരു സിനിമയെ കുറിച്ച് വളരെ മോശമാണ് സാറേ എന്ന് പറഞ്ഞിട്ടുണ്ട്. ഇതിലൊന്നും യാതൊരു മാറ്റവുമില്ല. ഇനി എന്റെ ആരോഗ്യത്തിന്റെ കാര്യമായാലും, മുൻപ് ഞാൻ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ഒക്കെ ചെയ്യുന്ന സമയത്ത് നീ ചത്തുപോകും എന്നൊക്കെ മുഖത്ത് നോക്കി അവൻ പറയുമായിരുന്നു. യഥാർത്ഥത്തിൽ, ഇത്തരത്തിലുള്ള മയമില്ലാത്ത വിമർശനങ്ങൾ എന്നെ തിരുത്താൻ എന്നും സഹായിച്ചിട്ടേയുള്ളൂ.
എന്റെ മറ്റു സുഹൃത്തുക്കളായ മിഥുൻ മാനുവൽ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവരിലേക്ക് വന്നാൽ, വിനീത് കുറച്ചുകൂടി സോഫ്റ്റ് ആണ്. വെറുതെ കുറ്റം പറയില്ലെങ്കിലും ചിലപ്പോൾ മിണ്ടാതിരിക്കും. ധ്യാൻ ശ്രീനിവാസന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ, സ്വന്തമായി സംവിധാനം ചെയ്ത സിനിമയെ വരെ പരസ്യമായി വിമർശിക്കുന്ന ആളാണ് അവൻ.
ചുരുക്കത്തിൽ, നമ്മൾ ചെയ്ത ഒരു സിനിമ മോശമായാൽ അതിനെ വലിയ രീതിയിൽ എടുക്കേണ്ട കാര്യമില്ല. കാരണം അത് നമ്മുടെ ആരോഗ്യത്തെയോ കുടുംബത്തെയോ ഒന്നും ബാധിക്കുന്ന കാര്യമല്ലല്ലോ. അതുകൊണ്ട് ഒരു പ്രാവശ്യം തെറ്റുകൾ സംഭവിച്ചാൽ, അടുത്ത പ്രാവശ്യം അത് തിരുത്തി മുന്നോട്ട് പോവുക, അത്രയേ ഉള്ളൂ, കാരണം സിനിമ എന്നത് ഒരു മാൻ മെയ്ഡ് ആയിട്ടുള കാര്യം ആണ് ,’അജു വർഗീസ് പറഞ്ഞു.

അജു വർഗീസ്.photo.screen grab/youtube
Content Highlight: Aju Varghese talks about criticisms from his friends regarding his movie