കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം എന്ന ചിത്രത്തിലൂടെ മലയാളി മനസിൽ ഇടം നേടിയ നടിയാണ് ദീപ നായർ. സിനിമ കണ്ട ശേഷം അജു വർഗീസ് തന്നെ വിളിച്ചുവെന്ന ദീപ നായരുടെ വെളിപ്പെടുത്തൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അന്ന് കൂട്ടിയായിരുന്ന അജു വർഗീസ് തന്നെയാണ് ഫോൺ ചെയ്തതെന്ന് ദീപ പറഞ്ഞിരുന്നു. പൊങ്കാലയിടാൻ നാട്ടിലെത്തിയപ്പോഴായിരുന്നു ദീപ ഈ ഓർമ പങ്കുവെച്ചത്. വർഷങ്ങൾക്ക് ശേഷം അജു നടനായപ്പോൾ താൻ അദ്ദേഹത്തിന്റെ ആരാധികയായെന്നും ദീപ പറഞ്ഞിരുന്നു.

അജു വർഗീസ്, Photo: Aju varghese/ Facebook

ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് അജു വർഗീസ് തന്നെ പ്രതികരിച്ചിരിക്കുകയാണ്. മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ദീപ പറഞ്ഞ കാര്യം കേട്ടിരുന്നുവോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കുറേ പോസ്റ്ററുകൾ വന്നിരുന്നു. ദീപ ചേച്ചി എന്റെ സുഹൃത്താണ്. ലവ് ലെറ്റർ എഴുതാനുള്ള വിവരം ഉണ്ടായിരുന്നില്ല. അതിനാൽ ഫോൺ ചെയ്തു. പറഞ്ഞതൊന്നും ഓർമയില്ല. ഒരുവട്ടമല്ല, ഇടയ്ക്കിടെ വിളിക്കുമായിരുന്നു,’ അജു ചിരിയോടെ പറഞ്ഞു.

സിനിമയോടുള്ള ഇഷ്ടം മൂലം ദീപ നായരെ മാത്രമല്ല, മറ്റു പ്രമുഖരെയും താൻ വിളിച്ചിട്ടുണ്ടെന്നും അജു വെളിപ്പെടുത്തി. ‘ഞാനന്ന് വലിയ ചാക്കോച്ചൻ ഫാനായിരുന്നു. ‘അനിയത്തിപ്രാവ്’, ‘നിറം’, ‘മയിൽപ്പീലിക്കാവ്’ തുടങ്ങിയ സിനിമകൾ കാണുന്ന സമയമാണ്.

പ്രിയം’, Photo: YouTube/ Screengrab

അങ്ങനെ ‘പ്രിയം’ കണ്ടപ്പോഴാണ് ദീപ ചേച്ചിയോട് ഇഷ്ടം തോന്നിയത്. അന്നത്തെ ടെലിഫോൺ ഡയറക്ടറി നോക്കി ഞാൻ മമ്മൂട്ടിയെയും ചാക്കോച്ചനെയുമൊക്കെ വിളിച്ചിട്ടുണ്ട്. പക്ഷേ അവരാരും ഫോൺ എടുത്തില്ല. ആകെ ഫോൺ എടുത്തത് ദീപ ചേച്ചി മാത്രമാണ്. അന്ന് എനിക്ക് 15 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,’ അജു പറഞ്ഞു.

മഞ്ജിമ മോഹൻ വഴിയാണ് ദീപ ഓസ്‌ട്രേലിയയിൽ സെറ്റിൽഡ് ആണെന്ന് അജു പിന്നീട് അറിഞ്ഞത്. എന്നാൽ ഇരുവരും നേരിൽ കണ്ടത് കഴിഞ്ഞ വർഷമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Aju varghese talk about Deepa nair