ആണുങ്ങൾ കരയില്ലെന്ന ധാരണ കാരണം സിനിമയിൽ എനിക്ക് ഇപ്പോഴും കരയാൻ ബുദ്ധിമുട്ടാണ്: അജു വർഗീസ്
Malayalam Cinema
ആണുങ്ങൾ കരയില്ലെന്ന ധാരണ കാരണം സിനിമയിൽ എനിക്ക് ഇപ്പോഴും കരയാൻ ബുദ്ധിമുട്ടാണ്: അജു വർഗീസ്
നന്ദന. ടി
Thursday, 16th July 2026, 8:40 am

മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ഇപ്പോഴിതാ, തന്റെ പഴയകാലത്തെ ചില മുൻവിധികൾ ജീവിതത്തെയും അഭിനയത്തെയും എങ്ങനെയൊക്കെയാണ് ബാധിച്ചതെന്ന് വ്യക്തമാക്കുകയാണ് നടൻ. യു. ഇൻ.യു എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു താരം.

അജു വർഗീസ്.photo.screen grab/youtube

‘ആണുങ്ങൾ കരയാൻ പാടില്ല എന്ന് വിശ്വസിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ജനിച്ച് ജീവിച്ചതുകൊണ്ട് തന്നെ ആ ചിന്താഗതി എന്നെയും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത് എന്റെ കുടുംബത്തിന്റെയോ അച്ഛനമ്മമാരുടെയോ പ്രശ്നം കൊണ്ടല്ല, മറിച്ച് അന്നത്തെ സാമൂഹിക പശ്ചാത്തലത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. ഇപ്പോൾ ഈ മാറ്റങ്ങളൊക്കെ വന്നിട്ട് ഒരു അഞ്ചാറു വർഷമേ ആയിട്ടുള്ളൂ അപ്പോളേക്കും എനിക്ക് മുപ്പത്തിയാറ് വയസ്സായി, അതുവരെ ചിന്തിച്ചു ജീവിച്ച എന്റെ ഒരു രീതിയിൽ നിന്നും പെട്ടെന്ന് മാറുക എന്നത് പ്രായോഗികമായി നടക്കുന്ന കാര്യമല്ല.

പിന്നെ ഈ അടുത്ത കാലത്തായിട്ടുണ്ടായ ലളിതാമ്മയുടെ മരണം എന്നെ ചെറുതായിട്ടൊന്നുമല്ല ഉലച്ചത്. കാരണം അത് വളരെ അപ്രതീക്ഷിതമായിരുന്നു. അവരുടെ കൂടെ ഇനിയും ഒരുപാട് വർക്ക് ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. നമ്മൾ ഒരുമിച്ച് ചെയ്ത അരവിന്ദന്റെ അതിഥികൾ ആണെങ്കിലും, സു.. സു… സുധി വാത്മീകം ആണെങ്കിലും, വെള്ളിമൂങ്ങ ഒക്കെ ആയിക്കോട്ടെ , കിട്ടിയ സമയം ഒപ്പം ചെലവിടാൻ കൊതിച്ച എന്റെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളായിരുന്നു ചേച്ചി. നേരിൽ കണ്ടും സ്ക്രീനിൽ ഒരുമിച്ച് ഇടപെട്ടും ഒന്നും ആ കൊതി തീർന്നിട്ടുണ്ടായിരുന്നില്ല.

കരയാൻ പാടില്ല എന്നൊരു ശീലം അഞ്ചാം ക്ലാസ് ഒക്കെ തൊട്ടാണ് തുടങ്ങിയത്. അതിനു മുൻപ് തീർച്ചയായും നമ്മളൊക്കെ കരഞ്ഞിട്ടുണ്ടാകുമല്ലോ. ഞാൻ ഒരു ബോർഡിംഗ് സ്കൂളിലാണ് പഠിച്ചത്. അവിടെനിന്ന് നമ്മൾ കരയാൻ പാടില്ല, കരുത്തോടെ ഇരിക്കണം എന്നൊക്കെയായിരുന്നു ധരിച്ചു വെച്ചിരുന്നത്. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. പക്ഷേ അന്ന് ബോർഡിങ്ങിൽ നമുക്ക് ഫ്രണ്ട്സ് അല്ലാതെ കാര്യങ്ങൾ പറഞ്ഞുതരാൻ വേറെ ആരും ഇല്ലല്ലോ. അതൊരു തെറ്റായ സ്വാധീനമായിരുന്നു എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.

ഇതുകൊണ്ടൊക്കെത്തന്നെ സിനിമയിലും എനിക്ക് കരയാൻ പാടാണ്. കാരണം ഒരു ഇമോഷണൽ സീൻ ഒക്കെ വന്നു കഴിഞ്ഞാൽ ഒന്നെങ്കിൽ ഞാൻ കൈകൊണ്ട് മുഖം പൊത്തും, അല്ലെങ്കിൽ ഗ്ലിസറിൻ അധികമായി ഉപയോഗിക്കേണ്ടി വരും. പക്ഷേ അങ്ങനത്തെ സീനുകൾ ഒന്നും എനിക്ക് സിനിമയിൽ ഒരുപാട് വന്നിട്ടില്ല,’ അജു വർഗീസ് പറഞ്ഞു.

അജു വർഗീസ്.photo.screen grab/youtube

Content Highlight: Aju Varghese shares how the societal stereotype of men shouldn’t cry influenced his life

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം