തലവെട്ടം കണ്ടാല്‍ 100 കോടി ഉറപ്പാ, നാല് മാസത്തിനിടെ മൂന്നാമത്തെ 100 കോടി, വാഴ 2ലും ലക്കി ഫാക്ടറായി അജു വര്‍ഗീസ്
Malayalam Cinema
തലവെട്ടം കണ്ടാല്‍ 100 കോടി ഉറപ്പാ, നാല് മാസത്തിനിടെ മൂന്നാമത്തെ 100 കോടി, വാഴ 2ലും ലക്കി ഫാക്ടറായി അജു വര്‍ഗീസ്
അമര്‍നാഥ് എം.
Friday, 17th April 2026, 6:10 pm

റിലീസ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ മോളിവുഡിലെ റെക്കോഡുകള്‍ പലതും കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ് വാഴ 2. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തുനടന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ബോക്‌സ് ഓഫീസിന് റീത്ത് വെച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം അതിവേഗം 100 കോടി നേടിയ ചിത്രമായി വാഴ 2 മാറി.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 190 കോടിയാണ് ഇതുവരെ വാഴ 2 നേടിയത്. ഇന്നോ നാളെയോ ആയി 200 കോടി എന്ന മാന്ത്രിക സംഖ്യയും ചിത്രം തൊട്ടേക്കും. ആദ്യഭാഗത്തിന്റെ അതേ ടെംപ്ലേറ്റില്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും കഥ പറഞ്ഞത്. കോമഡിക്കൊപ്പം ഇമോഷനുകള്‍ക്കും ചിത്രം പ്രാധാന്യം നല്‍കിയിട്ടുണ്ട്. വാഴ 2വും 100 കോടി നേടുമ്പോള്‍ പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത് ചിത്രത്തിലെ അജു വര്‍ഗീസിന്റെ സാന്നിധ്യമാണ്.

വാഴ 2 Photo: Screen grab/ Think Music India

കഴിഞ്ഞ നാല് മാസത്തിനിടെ അജു വര്‍ഗീസ് ഭാഗമായ മൂന്നാമത്തെ സിനിമയാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടുന്നത്. ഡിസംബറില്‍ തിയേറ്ററുകളിലെത്തിയ സര്‍വ്വം മായ 150 കോടി നേടി വന്‍ വിജയമായിരുന്നു. നിവിന്‍ പോളി നായകനായ ചിത്രത്തില്‍ രൂപേഷ് എന്ന കഥാപാത്രത്തെയായിരുന്നു അജു വര്‍ഗീസ് അവതരിപ്പിച്ചത്.

സര്‍വ്വം മായക്ക് ശേഷം ഉറങ്ങിക്കിടന്ന തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ ആട് 3യിലും അജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിലെ പഴയകാലത്തില്‍ പദ്മനാഭ രാജാവിന്റെ തേരാളിയായ സാരഥി കോരനെയാണ് അജു അവതരിപ്പിച്ചത്. ആടിന്റെ രണ്ട് ഭാഗങ്ങളിലും ചിരി പടര്‍ത്തിയ പൊന്നപ്പന്‍ എന്ന കഥാപാത്രത്തിന്റെ അതേ സ്വഭാവങ്ങള്‍ തന്നെയായിരുന്നു സാരഥി കോരനും.

അജു വര്‍ഗീസ് Photo: Aju Varghese/ Facebook

ഇപ്പോഴിതാ വാഴ 2ല്‍ പ്രേക്ഷകരുടെ കൈയടി നേടുന്ന മനോജ് സാറായും അജു തിളങ്ങുകയാണ്. എല്ലാ സ്‌കൂളിലും വിദ്യാര്‍ത്ഥികളെ സ്‌നേഹിക്കുന്ന, അവരുടെ ഭാവി നന്നാകണമെന്ന് ചിന്തിക്കുന്ന ഒരുപാട് അധ്യാപകരുടെ പ്രതിനിധിയാണ് മനോജ് സാര്‍. അജു വര്‍ഗീസ് എന്ന നടന്റെ മികച്ച കഥാപാത്രങ്ങളിലൊന്നെന്നാണ് മനോജ് സാറിനെ പലരും വിശേഷിപ്പിച്ചത്.

അജുവിന്റെ തലവെട്ടം കണ്ടാല്‍ 100 കോടി ക്ലബ്ബില്‍ സിനിമ ഇടംപിടിക്കുമെന്നാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. മോളിവുഡിന്റെ പുതിയ ലക്കി ചാര്‍മായി അജു മാറിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കോമഡി താരമായി കരിയര്‍ ആരംഭിച്ച അജു പിന്നീട് ക്യാരക്ടര്‍ റോളുകളിലും നായകവേഷത്തിലും തന്റെ കാലിബര്‍ തെളിയിച്ചിട്ടുണ്ട്. ഇനിയും സിനിമാലോകത്തെ അജു ഞെട്ടിക്കുമെന്നാണ് ഉറപ്പാണ്.

Content Highlight: Aju Varghese’s presence in Sarvam Maya Aadu 3 and Vaazha 2 viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം