ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് എഴുതി സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ ദിവസം പിന്നിടുമ്പോഴേക്കും തന്നെ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് വലിയ കൈയ്യടി ലഭിച്ചിരിക്കുകയാണ്.
ഷാജി പാപ്പനും സംഘവും ഒരിക്കലും നിരാശരാക്കില്ലെന്ന വിശ്വാസം വീണ്ടും ഉറപ്പിക്കുന്ന രീതിയിലാണ് സിനിമ മുന്നോട്ട് പോകുന്നത്. തുടക്കം മുതൽ അവസാനം വരെ ചിരിയുടെ ഒരു നിറയൊഴുക്കാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പാപ്പന്റെ ജീവിതത്തിൽ ഒന്നും ഗതി പിടിക്കാത്ത അവസ്ഥ മൂന്നാം ഭാഗത്തും തുടരുന്നതും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ്
ആദ്യ ഭാഗത്തിൽ പാപ്പന്റെ ഡ്രൈവർ പൊന്നപ്പനായി എത്തി ഭാര്യയെ അടിച്ചോണ്ട് പോകുന്ന അജു വർഗീസ്, ഇത്തവണ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് സാരഥി കോരനായി എത്തുന്നു. കഥയിൽ വലിയ ട്വിസ്റ്റ് നൽകുന്ന ഈ കഥാപാത്രം പാപ്പന്റെ ജീവിതത്തിലേക്ക് വന്ന് വീണ്ടും ഭാര്യയെ അടിച്ചുകൊണ്ടുപോകാൻ തയ്യാറാവുന്നതും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.
പാപ്പന്റെ ഭാര്യയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും, കോരന്റെ തന്ത്രങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം അടുത്ത ഭാഗത്തേക്കുള്ള കാത്തിരിപ്പും വർധിപ്പിക്കുന്നു. ഈ ഭാഗത്തിൽ തന്നെ ചില സൂചനകൾ നൽകിക്കൊണ്ട് കഥ അവസാനിക്കുന്നതും ശ്രദ്ധേയമാണ്.
സോഷ്യൽ മീഡിയയിലും സിനിമ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. പാപ്പനും മേരിക്കുമൊപ്പമുള്ള ചിത്രത്തിന് അജു വർഗീസ് നൽകിയ ക്യാപ്ഷനും ആരാധകരെ ആവേശത്തിലാഴ്ത്തി.
‘പ്രഭു, തമ്പുരാട്ടിയെ നോം പൊന്നു പോലെ നോക്കിക്കോളാം… സാരഥി കോരൻ’ എന്ന കാപ്ഷ്യനോടെയാണ് അജു ഫോട്ടോ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ വന്ന കമന്റുകളും ഏറെ രസകരമാണ് വീണ്ടും പാപ്പാനെ തേച്ചല്ലേ…?, പാപ്പന്റെ ഊര ഒടിഞ്ഞ സമയത്ത് തന്നെ വേണം അല്ലെ.. എന്നിങ്ങനെയാണ് ആരാധകർ പങ്കുവെക്കുന്നത്.
കൂടാതെ സിനിമയുടെ തുടക്കത്തിൽ തന്നെ പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന രണ്ട് വാചകങ്ങളും ശ്രദ്ധേയമാണ്.
‘സമയം ഒരു നേർരേഖയല്ല. ഭൂതവും ഭാവിയും വർത്തമാനവും ഒരുമിച്ച് നിലനിൽക്കുന്നു… മനുഷ്യൻ പല കാലങ്ങളിലായി പല പല ജന്മങ്ങളായി ജീവിക്കുന്നു. സമയത്താൽ മാത്രം വേർതിരിക്കപ്പെട്ടുകൊണ്ട്’ എന്ന ഹെർമൻ ഹെസ്സെയുടെ ദാർശനിക ചിന്തയ്ക്ക് പിന്നാലെ ഷാജി പാപ്പന്റെ ജീവിതസത്യമായി എത്തുന്ന വാചകവും തിയറ്ററുകളിൽ ചിരിയുടെ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചത്.
‘ഏതൊക്കെ കാലങ്ങളിൽ ഏതൊക്കെ ജന്മങ്ങളിൽ ജീവിച്ചാലും… എല്ലാ ജന്മത്തിലും നമ്മടെ ഗതി ഊമ്പലും കഞ്ഞീം ആയിരിക്കും,’ എന്നായിരുന്നു പാപ്പന്റെ ആ വാചകങ്ങൾ.
ആട് സീരീസിനായി കാത്തിരുന്ന മലയാളി പ്രേക്ഷകർക്ക് ഈ ഭാഗം വലിയൊരു ആഘോഷമായി മാറിയിരിക്കുകയാണ്. ഇനി വരുന്ന ഭാഗത്തിനായി കാത്തിരിക്കുകയാണ് ഓരോ സിനിമാപ്രേമിയും.
Content Highlight: Aju Varghese’s character in the movie Aadu has become a topic of discussion on social media.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.