Malayalam Cinema
'മുത്തശ്ശിക്ക് ബീഡിവലി ഉണ്ടായിരുന്നോ' നമ്പൂതിരി സ്ലാങ് ഇവിടെ ഓക്കെയാണ്, സീരിയസ് ട്രാക്ക് വിട്ട് വീണ്ടും ചിരിപ്പിക്കുന്ന അജു വര്‍ഗീസ്
മലര്‍വാടിയിലൂടെ വിനീത് പരിചയപ്പെടുത്തിയ നടന്മാരെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നിരവധി പുതുമുഖങ്ങള്‍ കടന്നുവന്ന മലര്‍വാടിയില്‍ ഇന്ന് മലയാളസിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത താരമായി നില്‍ക്കുന്നത് അജു വര്‍ഗീസാണ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ തിളങ്ങിയ അജു പിന്നീട് സീരിയസ് ട്രാക്കിലേക്ക് ചുവടുമാറ്റുകയായിരുന്നു.
ഹെലനിലെ വില്ലന്‍ വേഷത്തിലൂടെയാണ് അജു തന്റെ ട്രാക്ക് മാറ്റിയത്. പിന്നീട് കമലയിലെ ലീഡ് റോളിലൂടെ മോളിവുഡിലെ ശ്രദ്ധാകേന്ദ്രമായി അജു വര്‍ഗീസ് മാറി. പിന്നീടങ്ങോട്ട് അജു വര്‍ഗീസ് മലയാളസിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ കോമഡി റോളുകള്‍ ചെയ്യുന്ന അജുവിനെ മിസ്സ് ചെയ്യുന്നെന്ന് ചിലര്‍ പരാതിപ്പെട്ടിരുന്നു.

അജു വര്‍ഗീസ് സര്‍വം മായ Photo: Screen Grab/ Firefly films
എന്നാല്‍ ക്രിസ്മസിന് തിയേറ്ററുകളിലെത്തിയ സര്‍വം മായയിലൂടെ പഴയ അജുവിനെ തിരിച്ചുകിട്ടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ രൂപേന്ദു എന്ന നമ്പൂതിരി കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. നിവിന്റെ തിരിച്ചുവരവിനൊപ്പം പഴയ അജുവിനെയും തിരിച്ചുകിട്ടിയിരിക്കുകയാണ്.
ഓരോ ചെറിയ എക്‌സ്പ്രഷനിലൂടെ നിവിന്‍ ചിരിപ്പിക്കുമ്പോള്‍ സ്ഥിരം ഡയലോഗ് ഡെലിവറിയിലൂടെയാണ് അജു പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. രൂപയോട് ആര്‍ത്തിയുള്ള ‘രൂപേഷ്’ അജുവില്‍ ഭദ്രമായിരുന്നു. ഇന്‍ട്രോ സീനില്‍ തന്നെ ആ കഥാപാത്രത്തിന്റെ റേഞ്ച് വ്യക്തമായിരുന്നു. പൂജ ചെയ്യുന്നതിന് പൈസ ലഭിക്കാതെ വരുമ്പോഴുള്ള നിരാശയെല്ലാം തിയേറ്ററില്‍ ചിരി പടര്‍ത്തി.

അജു വര്‍ഗീസ്, നിവിന്‍ സര്‍വം മായ Photo: Screen Grab/ Firefly films
ഏറെക്കാലമായി പ്രേക്ഷകര്‍ മിസ് ചെയ്തിരുന്ന നിവിന്‍- അജു കോമ്പോയും പ്രേക്ഷകരെ പരമാവധി രസിപ്പിച്ചു. ഇരുവരും തമ്മിലുള്ള കോമ്പോ സീനുകളെല്ലാം രസകരമായിരുന്നു. അജുവും നിവിനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെല്ലാം കൈയടി നേടി. നമ്പൂതിരി സ്ലാങ്ങിലുള്ള അജുവിന്റെ ഡയലോഗ് ഡെലിവറി എടുത്തുപറയേണ്ടതാണ്.
രണ്ടാം പകുതിയില്‍ ബാധ ഒഴിപ്പിക്കാന്‍ പോകുന്ന രംഗത്തില്‍ ‘അമ്മൂമ്മക്കെന്താ ബീഡിവലി ഉണ്ടായിരുന്നോ’ എന്ന ചോദ്യമെല്ലാം ചിരിയുണര്‍ത്തി. ബ്ലോക്ക് ചെയ്തിട്ടുപോയ കാമുകിയുടെ വാട്ട്‌സാപ്പ് സ്റ്റാറ്റസ് നോക്കാന്‍ അമ്മയുടെ ഫോണ്‍ ഇടക്കെടുത്ത് നോക്കുന്നതും പ്രേതത്തെ പേടിക്കുന്ന രംഗവുമെല്ലാം പഴയ അജുവിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ രംഗങ്ങളായിരുന്നു.

മലര്‍വാടിയിലെ കുട്ടനില്‍ നിന്ന് സര്‍വം മായയിലെ രൂപേഷിലെത്തി നില്‍ക്കുമ്പോള്‍ അജു എന്ന നടന്‍ ഒരുപാട് മാറിയിട്ടുണ്ട്. ഏതുതരം കഥാപാത്രത്തിലേക്കും അനായാസം ചുവടുമാറ്റാനാകുന്ന മികച്ച നടനായി അജു മാറിക്കഴിഞ്ഞു. അടുത്തിടെ പേര്‍ളി മാണിയുടെ അഭിമുഖത്തിലെ ഡയലോഗ് കടമെടുത്താല്‍ ‘പണ്ട് HR ആയി നിന്ന മനുഷ്യന്‍ ഇന്ന് മലയാളസിനിമയില്‍ അച്ചാറ് പോലെയായി മാറി’. അതേ, അജു എന്ന നടന്‍ മലയാളസിനിമയുടെ അവിഭാജ്യഘടകമാണ്. ഇനിയും അയാള്‍ക്ക് പ്രേക്ഷകരെ രസിപ്പിക്കാനാകും.
Content Highlight: Aju Varghese performance in Sarvam Maya movie
അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം