മലയാള സിനിമയിലെ ശ്രദ്ധേയ നടന്മാരിൽ ഒരാളാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം, പിന്നീട് ഹാസ്യവും സ്വഭാവ കഥാപാത്രങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായി മാറി. ഇപ്പോഴിതാ താൻ ഉൾപ്പെടുന്ന തലമുറയിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് അജു വർഗീസ്. മീഡിയവൺ ഷോ മാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വർഷങ്ങൾ കടന്നുപോകുമ്പോൾ നമുക്ക് അതിന്റേതായ മാറ്റങ്ങൾ സംഭവിക്കുമല്ലോ. അപ്പോൾ നമ്മുടെ ആ ഒരു സോഷ്യൽ പ്രോഗ്രസ്കാർഡ് പലപ്പോഴും ഇത്തരത്തിലുള്ള അഭിമുഖങ്ങളിലൂടെയാണ് എല്ലാവരും അറിയുന്നത്. പണ്ട് നമ്മൾ ഉൾപ്പെടെയുള്ള വ്യക്തികൾ ബോഡി ഷെയ്മിങ് ചെയ്തിട്ടുള്ളവരാണ്. എന്നാൽ അത് തെറ്റാണെന്ന് അറിയുന്നത് കൊണ്ട് പതുക്കെ ആ തമാശകൾ നമ്മളിൽ നിന്നും ഇല്ലാതായി. അങ്ങനെ കുറെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുകയും നിർബന്ധപൂർവ്വം മാറേണ്ടതായി വരികയും ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ ഇപ്പോൾ മകൾ തിരുത്തുന്നുണ്ട്.
ഞാൻ വളർന്നുവന്ന ഒരു തലമുറയിൽ ബോഡി ഷെയ്മിങ് തെറ്റല്ലായിരുന്നു. അത് പെട്ടെന്നൊരു ദിവസം മാറ്റാൻ പാടാണ്, എന്നാൽ ഇപ്പോൾ നാലഞ്ച് വർഷമായി ആളുകൾക്ക് ഇതിനെക്കുറിച്ചൊക്കെ ബോധ്യമുണ്ട്, പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒക്കെ വന്നിട്ടുമുണ്ട്. പിന്നെ ഈ എഴുത്തുകാരെയും സംവിധായകരെയും ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ശ്രീനിവാസൻ സർ, ജോർജ് സർ എന്നിവരുടെയൊക്കെ സിനിമകൾക്ക് അന്നേ വളരെ ‘പൊളിറ്റിക്കലി കറക്ട്’ ആയിട്ടുള്ള ഒരു ദീർഘവീക്ഷണം ഉണ്ടായിരുന്നു. ഒരുപക്ഷേ അവരുടെ വായനാശീലങ്ങൾ അല്ലെങ്കിൽ അവരുടെ ജീവിതവീക്ഷണങ്ങൾ കൊണ്ടോ ഒക്കെയായിരിക്കാം അത്. നമ്മൾ പിന്നെ അങ്ങനെയല്ലാതെ വളർന്നതുകൊണ്ട്, ഇപ്പോൾ നാട്ടുകാർ പഠിപ്പിച്ചും മറ്റും ഇങ്ങനെ പഠിച്ചു വരുന്നു.
ഈ അടുത്ത് സാദത്ത് സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ഞാൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആ സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ ദൈർഘ്യം വെറും മൂന്നോ നാലോ മിനിറ്റ് മാത്രമേ ഉണ്ടാവുകയുള്ളൂ. പക്ഷേ, എനിക്ക് മനസിനോട് വളരെ അടുത്ത് നിൽക്കുന്ന ഒരു കഥാപാത്രമാണത്. സിനിമ വരുമ്പോൾ മനസിലാകും, ആ ക്യാരക്ടറിനെക്കുറിച്ച് സംസാരിക്കപ്പെടാൻ സാധ്യതയുണ്ട്. കാരണം സിനിമയിൽ നമ്മൾ അഭിനയിച്ചു പോകുന്നു എന്നതിലുപരി അവിടെ വലിയൊരു റെപ്രെസെന്റഷന് ഉണ്ട്’, അജു വർഗീസ് പറഞ്ഞു.