തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് അജിത് കുമാര്‍. തമിഴകത്തിന്റെ സ്വന്തം തലയായി ഇന്‍ഡസ്ട്രിയുടെ നെറുകയില്‍ നിന്നപ്പോഴായിരുന്നു അദ്ദേഹം തന്റെ ഫാന്‍സ് ക്ലബ്ബ് പിരിച്ചുവിട്ടത്. ഓഡിയോ ലോഞ്ചിലോ മറ്റ് പ്രൊമോഷന്‍ പരിപാടികളിലോ പങ്കെടുക്കാത്ത അജിത് തന്റെ പാഷനായ റേസിങ്ങും സിനിമക്കൊപ്പം കൊണ്ടുപോവുകയാണ്.
അജിത് കുമാര്‍ റേസിങ് എന്ന പേരില്‍ ആരംഭിച്ച ടീം F2 റേസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. നിരവധി മത്സരത്തില്‍ പങ്കെടുത്ത ടീം ദുബായ്‌യിലും ബാഴ്‌സലോണയിലും മൂന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. റേസില്‍ തന്റെ ഭാവിപരിപാടികളും വരുംകാല പ്രൊജക്ടുകളെക്കുറിച്ചും സംസാരിക്കുകയാണ് അജിത് കുമാര്‍.
‘ഇപ്പോള്‍ നോക്കുകയാണെങ്കില്‍ ഇന്ത്യയില്‍ അത്രക്ക് പ്രചാരമില്ലാത്ത ഒന്നായിരുന്നു മോട്ടോര്‍സ്‌പോര്‍ട്‌സ്. എന്നാല്‍ ഞാന്‍ ഈ കായികയിനത്തില്‍ പങ്കെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലും അതിന് പുറത്തും മോട്ടോര്‍സ്‌പോര്‍ട്‌സിനെ പരമാവധി പ്രചരിപ്പിക്കുകയാണ് എന്റെ ആരാധകര്‍. അത് ഈയൊരു കായികയിനത്തെ സംബന്ധിച്ച് നല്ലൊരു സൂചനയാണ്.
ഇനി വരുന്ന റേസുകളില്‍ എന്റെ കാറില്‍ ഞാന്‍ ഇന്ത്യന്‍ സിനിമയെ പ്രൊമോട്ട് ചെയ്യാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ക്ലാസിക് സിനിമകളെയെല്ലാം ലോകം മുഴുവന്‍ അറിയിക്കുക എന്നതാണ് അതിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. കാരണം, സ്‌പോര്‍ട്‌സും വിനോദവും മനുഷ്യര്‍ക്ക് വളരെയേറെ പ്രിയപ്പെട്ട കാര്യങ്ങളാണ്. കൊവിഡ് സമയത്ത് പലരെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് ഇത് രണ്ടുമാണ്.
അത് മാത്രമല്ല, റേസിന്റെ ഇടവേളകളിലും പ്രാക്ടീസിനിടയിലും മറ്റ് ടീമിലെ ഡ്രൈവര്‍മാര്‍ എന്നോട് സംസാരിക്കാന്‍ വരാറുണ്ട്. അവര്‍ക്ക് ഇന്ത്യന്‍ സിനിമയെക്കുറിച്ച് അറിയാന്‍ താത്പര്യമുണ്ട്. മത്സരത്തിനിടയില്‍ കമന്റേറ്റര്‍മാരും ഇന്ത്യന്‍ സിനിമകളെ റഫര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പെടുന്നുണ്ട്. ഇതെല്ലാം ഭാഷയുടെ അതിര്‍വരമ്പുകള്‍ മായുന്നു എന്നാണ് സൂചന നല്‍കുന്നത്,’ അജിത് കുമാര്‍ പറഞ്ഞു.
2025ലാണ് അജിത് തന്റെ റേസിങ് ടീം പ്രഖ്യാപിച്ചത്. ഫോര്‍മുല 2ല്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം ആദ്യമേ വ്യക്തമാക്കിയിരുന്നു. ഒരുവര്‍ഷം മുഴുവന്‍ റേസിനായി മാറ്റിവെക്കുന്നു എന്നായിരുന്നു അദ്ദേഹം അറിയിച്ചത്. 2026 ജൂണില്‍ സിനിമയിലേക്ക് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Ajith Kumar saying he will promote Indian Cinema during his Racing tournaments