തമിഴിലെ മുന്‍നിര താരങ്ങളിലൊരാളാണ് അജിത് കുമാര്‍. ബാലതാരമായി സിനിമയിലേക്കെത്തിയ അജിത് അമരാവതി എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. മണിരത്‌നം നിര്‍മിച്ച ആസൈയിലൂടെ താരം ശ്രദ്ധേയനായി. കരിയറിന്റെ തുടക്കത്തില്‍ റൊമാന്റിക് റോളുകളില്‍ തിളങ്ങിയ അജിത് അമര്‍ക്കളത്തിലൂടെ ആക്ഷന്‍ റോളും തനിക്കിണങ്ങുമെന്ന് തെളിയിച്ചു. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ തമിഴില്‍ വലിയ സ്റ്റാര്‍ഡം സ്വന്തമാക്കിയ താരം 2011ല്‍ തന്റെ ഫാന്‍സ് ക്ലബ് പിരിച്ചുവിട്ടിരുന്നു.
സിനിമക്ക് പുറമെ തന്റെ പാഷനായ റേസിങ്ങിലും അജിത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫോര്‍മുല 2 റേസില്‍ താരം നിരവധി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. അടുത്തിടെ ദുബായില്‍ നടന്ന 24 എച്ച് ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാവുകയും ചെയ്തു. 15 വര്‍ഷത്തിന് ശേഷമാണ് താരം കാര്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായത്.
തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന F1 എന്ന ഹോളിവുഡ് ചിത്രത്തെക്കുറിച്ച് അജിത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. F1 ഹിറ്റായതിന് പിന്നാലെ അജിത്തിന്റെ റേസിങ് വീഡിയോയും ചിത്രത്തിന്റെ ട്രെയ്‌ലറും ചേര്‍ത്തുകൊണ്ടുള്ള പല എഡിറ്റഡ് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എഫ് വണ്ണിനെക്കാള്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് റീമേക്ക് ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അജിത്തിന്റെ മറുപടി.
‘എഫ് വണ്‍ മാത്രമല്ല, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് റീമേക്ക് ചെയ്യാനും ആഗ്രഹമുണ്ട്. എന്ത് തന്നെയായാലും ആ സിനിമകളില്‍ എന്റെ സ്റ്റണ്ടുകള്‍ ഞാന്‍ തന്നെയാകും ചെയ്യുക. അത് കാലങ്ങളായി ഞാന്‍ ഫോളോ ചെയ്യുന്ന കാര്യമാണ്. എനിക്ക് സ്റ്റണ്ട് ഡബിളുകളുടെ ആവശ്യമില്ല. ആ സിനിമകള്‍ റീമേക്ക് ചെയ്യുന്നുണ്ടെങ്കില്‍ മാത്രമാണ് ഇത്.’ അജിത് കുമാര്‍ പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ക്കൊപ്പം പല എഡിറ്റഡ് വീഡിയോകളും ചേര്‍ത്തുകൊണ്ടുള്ള റീലുകള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അജിത്തിന്റെ തീരുമാനം. സ്വന്തം റേസിങ് ടീമിന്റെ കാര്യങ്ങള്‍ക്കായി അജിത് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.
ടോപ് ഗണ്‍ മാവറിക്കിന് ശേഷം ജോസഫ് കൊസിന്‍സ്‌കി സംവിധാനം ചെയ്ത ചിത്രമാണ് F1. ബ്രാഡ് പിറ്റ് നായകനായെത്തിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ബോക്‌സ് ഓഫീസില്‍ ഇതിനോടകം 300 മില്യണിലധികം ചിത്രം നേടിക്കഴിഞ്ഞു. ആപ്പിള്‍ ടി.വി പ്ലസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി F1 മാറിയിരിക്കുകയാണ്.
Content Highlight: Ajith Kumar’s funny reply about F1 movie remake gone viral