ഫോട്ടോയെടുത്ത പയ്യന്റെ ഫോണ്‍ പിടിച്ചുവാങ്ങിയതില്‍ ഞാന്‍ വില്ലനായി, എല്ലാ മീഡിയകളും എന്നെ വലിച്ചുകീറി: അജിത് കുമാര്‍
Indian Cinema
ഫോട്ടോയെടുത്ത പയ്യന്റെ ഫോണ്‍ പിടിച്ചുവാങ്ങിയതില്‍ ഞാന്‍ വില്ലനായി, എല്ലാ മീഡിയകളും എന്നെ വലിച്ചുകീറി: അജിത് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st November 2025, 7:25 am

സിനിമാഭിനയത്തോടൊപ്പം തന്റെ പാഷനായ റേസിങ്ങും മുന്നോട്ട് കൊണ്ടുപോകുന്ന നടനാണ് അജിത് കുമാര്‍. സിനിമകളുടെ പ്രൊമോഷനോ ഓഡിയോ ലോഞ്ചിനോ താരത്തെ കാണാന്‍ സാധിക്കാറില്ല. കഴിഞ്ഞദിവസം ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ മാധ്യമങ്ങള്‍ തന്നെ മോശമായി ചിത്രീകരിച്ച സംഭവത്തെക്കുറിച്ച് അജിത് സംസാരിച്ചു.

തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ വന്ന ഒരു യുവാവ് അജിത്തിന്റെയടുത്ത് വന്ന് സെല്‍ഫിയെടുത്തതും പിന്നാലെ അജിത് അയാളുടെ ഫോണ്‍ പിടിച്ച് വാങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും പലരും അജിത്തിനെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആ സംഭവത്തില്‍ സത്യാവസ്ഥയറിയാന്‍ ആരും ശ്രമിക്കാറില്ലെന്ന് അജിത് പറയുന്നു.

‘അന്ന് ആ ഇലക്ഷന് ഞാന്‍ ആ പയ്യന്റെ ഫോണ്‍ പിടിച്ചു വാങ്ങിയതിന്റെ വീഡിയോ എല്ലായിടത്തും പ്രചരിച്ചു. പല വാര്‍ത്താ തലക്കെട്ടുകളിലും എന്നെ വലിച്ചുകീറി. എന്നാല്‍ ഏതോ ഒരു മീഡിയ മാത്രം ആ വീഡിയോയുടെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു. ആ വീഡിയോ കുറച്ച് സൂം ചെയ്തപ്പോള്‍ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ഇവിടെ പാടില്ല എന്ന ബോര്‍ഡുകള്‍ അവര്‍ ചൂണ്ടിക്കാണിച്ചു.

അവിടെ വെച്ച് ഫോട്ടോയോ വീഡിയോയോ എടുത്താല്‍ പിഴയടക്കേണ്ടി വരും. ഞാന്‍ അത് തടയുക മാത്രമേ ചെയ്തുള്ളൂ. പക്ഷേ, അതൊന്നും ആരും ശ്രദ്ധിച്ചില്ല. ഒടുക്കം ഞാന്‍ മോശക്കാരനും ആ പയ്യന്‍ ഇരയുമായി മാറി. അവിടെ ഫോട്ടോഗ്രഫിയൊന്നും നടക്കില്ലെന്നും അത് ചെയ്യരുതെന്നും ഞാന്‍ പറഞ്ഞിട്ടും അയാള്‍ കേള്‍ക്കാത്തതുകൊണ്ടാണ് അങ്ങനെ റിയാക്ട് ചെയ്യേണ്ടി വന്നത്’ അജിത് കുമാര്‍ പറയുന്നു.

കരൂര്‍ അപകടത്തെക്കുറിച്ചും താരം സംസാരിച്ചു. ആ ദുരന്തത്തില്‍ വിജയ്‌യെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടെന്നും അജിത് കുമാര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തെ ഉണ്ടാക്കിയെടുക്കാന്‍ എല്ലാവരും വലിയ താത്പര്യമുണ്ടെന്നും ഈ ദുരന്തത്തിന് പിന്നിലെ കാരണം അതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആള്‍ക്കൂട്ടമുണ്ടാകും, മറ്റ് സ്‌പോര്‍ട്‌സ് ഐറ്റങ്ങള്‍ കാണാന്‍ ആളുകളുണ്ടാകും, തിയേറ്ററില്‍ ആളുകളുണ്ടാകും. കാരണം, സാധാരണക്കാര്‍ക്ക് ഇഷ്ടമുള്ള താരങ്ങളെ നേരില്‍ കാണാനുള്ള അവസരം ആരും ഇല്ലാതാക്കില്ല. ആരാധകര്‍ വേണമെന്നും അവര്‍ തങ്ങളുടെ കൂടെ വേണമെന്നുമാണ് എല്ലാ നടന്മാരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനെല്ലാം കൃത്യമായ അതിര് വെക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളുടെ കടമയാണെന്നും മറക്കരുത്,’ അജിത് കുമാര്‍ പറയുന്നു.

Content Highlight: Ajith Kumar explains selfie incident during election