തമിഴിലെ ഏറ്റവും വലിയ താരങ്ങളിലൊരാലാണ് അജിത് കുമാര്‍. ആരുടെയും പിന്തുണയില്ലാതെ ഇന്‍ഡസ്ട്രിയിലെത്തിയ അജിത് കുമാര്‍ വളരെ വേഗത്തില്‍ തമിഴില്‍ വലിയ ഫാന്‍ബേസ് സ്വന്തമാക്കി. റൊമാന്റിക് സിനിമകളില്‍ നിന്ന് ആക്ഷന്‍ റോളുകളിലേക്കുള്ള അജിത്തിന്റെ കൂടുമാറ്റം ആരാധകര്‍ ഏറ്റെടുത്തു. താരത്തിന്റെ ഓരോ സിനിമകളും ആരാധകര്‍ക്ക് ഉത്സവം പോലെ ആഘോഷമാക്കുന്നുണ്ട്.
അഭിനയത്തെപ്പോലെ തന്റെപാഷനായ റേസിങ്ങും അജിത് മുന്നോട്ട് കൊണ്ടുപോകാറുണ്ട്. സ്വന്തമായി റേസിങ് ടീം ആരംഭിച്ച അജിത് ഈയിടെ F3 റേസില്‍ വിജയം സ്വന്തമാക്കിയിരുന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് പൂര്‍ണമായും റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധ നല്‍കാനാണ് ഇപ്പോള്‍ താരത്തിന്റെ നീക്കം. അടുത്ത വര്‍ഷം തന്റേതായി ഒരു സിനിമ ഉണ്ടാകാനിടയില്ലെന്നും അജിത് അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ മോട്ടോര്‍സ്‌പോര്‍ട്‌സുകളോടുള്ള ആളുകളുടെ സമീപനത്തെക്കുറിച്ച് സംസാരിക്കുകയാണ് അജിത് കുമാര്‍.
‘മോട്ടോര്‍സ്‌പോര്‍ട്‌സ് എളുപ്പമാണെന്നാണ് ചിലരുടെ ചിന്ത. എന്റെ അഭിപ്രായത്തില്‍ എല്ലാവരും മോട്ടോര്‍സ്‌പോര്‍ട്‌സിനെക്കുറിച്ച് അറിയണം. അതിന് വേണ്ടി മോട്ടോര്‍സ്‌പോര്‍ട്‌സ് പ്രൊമോട്ട് ചെയ്യണം. എനിക്ക് വേണ്ടിയല്ല അങ്ങനെ ചെയ്യേണ്ടത്. ഇന്ത്യയിലെ മോട്ടോര്‍സ്‌പോര്‍ട്‌സിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയണം. ഇത് എത്രമാത്രം പ്രയാസമുള്ള കാര്യമാണെന്ന് മനസിലാക്കണം.
ഇമോഷണലായും ഫിസിക്കലായും ഈയൊരു കായികയിനത്തിന് വേണ്ടി എത്രമാത്രം കഷ്ടപ്പാട് സഹിക്കുന്നുണ്ടെന്നുള്ള കാര്യം എല്ലവരിലേക്കും എത്തണം. അതുകൊണ്ട് ആളുകളിലേക്ക് ഈയൊരു കായികയിനം എത്താന്‍ വേണ്ടി എല്ലാവരും പ്രൊമോട്ട് ചെയ്യുക. എന്നെങ്കിലും ഒരിക്കല്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ എന്നെങ്കിലും F1 ചാമ്പ്യനായാല്‍ അത് അഭിമാനിക്കാവുന്ന കാര്യമാണ്.
F1 മാത്രമല്ല, എല്ലാ സീരീസിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ ചാമ്പ്യനായാല്‍ ഗംഭീരമാകുമെന്നാണ് എന്റെ അഭിപ്രായം. എല്ലാവരും അവരെക്കൊണ്ട് കഴിയുന്നതുപോലെ മോട്ടോര്‍സ്‌പോര്‍ട്‌സ് പ്രൊമോട്ട് ചെയ്യുക. ഓടിക്കുന്നത് കാണുമ്പോള്‍ നല്ല രസമുണ്ടെന്ന് തോന്നുമെങ്കിലും അതിലെ അപകടം എല്ലാവരും മനസിലാക്കണം,’ അജിത് കുമാര്‍ പറഞ്ഞു.
അജിത് കുമാര്‍ റേസിങ് ടീം എന്നാണ് അദ്ദേഹം തന്റെ ടീമിന് നല്‍കിയ പേര്. ദുബായില്‍ വെച്ച് നടന്ന 24H ചാമ്പ്യന്‍ഷിപ്പില്‍ അജിത്തിന്റെ ടീമായിരുന്നു മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. സ്റ്റാര്‍ഡത്തിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോഴും തന്റെ പാഷന് വേണ്ടി മുന്നിട്ടിറങ്ങുന്ന അജിത് ആരാധകരുടെയും കായികലോകത്തിന്റെയും കൈയടി നേടുകയാണ്.
Content Highlight: Ajith Kumar asks everyone to promote Motorsports