പ്രശംസിച്ചില്ലെങ്കിലും, കേരളത്തിലെ വിദ്യാര്‍ഥികളെ കഴിവുകെട്ടവരെന്ന് വിളിച്ച് അപമാനിക്കരുത്; അധ്യാപകനായ എന്‍.പി ആഷ്‌ലിക്ക് മലയാളിയായ ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തുറന്ന കത്ത്
Opinion
പ്രശംസിച്ചില്ലെങ്കിലും, കേരളത്തിലെ വിദ്യാര്‍ഥികളെ കഴിവുകെട്ടവരെന്ന് വിളിച്ച് അപമാനിക്കരുത്; അധ്യാപകനായ എന്‍.പി ആഷ്‌ലിക്ക് മലയാളിയായ ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തുറന്ന കത്ത്
അജിത് ഇ.എ
Tuesday, 2nd April 2019, 2:38 pm

 

“മറുനാടന്‍ മലയാളി”യില്‍ ആഷ്‌ലി എന്‍.പി. എഴുതിയ ലേഖനത്തിന് “ചെറിയ” തിരുത്തുകള്‍.

കേരളം ഹിന്ദുത്വ വര്‍ഗ്ഗീയതയ്ക്ക് പൊട്ടെന്‍ഷ്യല്‍ ഉള്ള നാടാണെന്ന വാദമാണ് ആഷ്‌ലി തന്റെ ലേഖനത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത്. അതിലേക്ക് തല്‍ക്കാലം കടക്കാനാഗ്രഹിക്കുന്നില്ല. കേരളത്തിന്റെ പൊതുബോധം അപ്പാടെ പുരോഗമനപരമാണെന്ന അഭിപ്രായവുമില്ല. പക്ഷേ കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനം തകര്‍ന്നു പോയിക്കഴിഞ്ഞുവെന്നും, അത്തരം ഒരു തകര്‍ച്ചയില്‍ കാര്യശേഷിയില്ലാത്ത, ചിന്താശേഷിയില്ലാത്ത ഒരു യുവത വളര്‍ന്നുവെന്നും അത് വര്‍ഗീയതയ്ക്ക് വളം വകുന്നുണ്ട് എന്നും ലേഖകന്‍ പറയാതെയും പറഞ്ഞും വാദിക്കുന്നുണ്ട്.

അരാഷ്ട്രീയവാദം അക്കാദമിക് ഭാഷയില്‍ പൊതിഞ്ഞു കടത്തുമ്പോള്‍ സംഭവിക്കുന്നത് വലതുപക്ഷം നിരന്തരം കേരളത്തിനെതിരെയും കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയും നടത്തുന്ന കാമ്പെയിനുകള്‍ക്ക് ശക്തി പകരല്‍ മാത്രമാണ്. കേരളത്തിലെ വിദ്യാഭ്യാസ രംഗം ഒരു തകര്‍ന്ന പ്രോജക്റ്റ് ആയാണ് ആഷ്‌ലി അവതരിപ്പിക്കുന്നത്. ഇന്ന് അടച്ചുപൂട്ടാനൊരുങ്ങിയ സര്‍ക്കാരിതര വിദ്യഭ്യാസ സ്ഥാപനങ്ങളെ വരെ ഏറ്റെടുത്ത് മികവിന്റെ സ്ഥാപനങ്ങളാക്കി മാറ്റിയ, മികച്ച സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന, പാഠപുസ്തകങ്ങള്‍ സമയത്തെത്തുന്ന, സ്വകാര്യ സ്‌കൂളുകളെ ഉപേക്ഷിച്ച് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തുന്ന കേരളത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ നേട്ടങ്ങളെയെല്ലാം നിസ്സാരവത്കരിച്ചു കൊണ്ടാണ് ആഷ്‌ലിയുടെ ലേഖനം അരാഷ്ട്രീയ കോമണ്‍സെന്‍സ് പടച്ചുവിടുന്നത്.

വരാനിരിക്കുന്ന വിമര്‍ശനങ്ങളെ മുന്‍കൂട്ടി കണ്ടെന്നോണം വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ പരാമര്‍ശിച്ചു കൊണ്ട്, ഇങ്ങനെയൊക്കെ ഉണ്ടങ്കിലും ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല എന്ന് പറയുന്നുമുണ്ട്. ഇനി പറയുന്ന ലേഖനത്തിലെ വരികള്‍ ശ്രദ്ധിക്കുക:

//സ്‌കൂളിന്റെ ബില്‍ഡിങ്ങിന്റെയും സ്മാര്‍ട്ട് ക്ലാസ്സുകളുടെയും ഫ്രീ യൂണിഫോമിന്റെയും കണക്കു പറഞ്ഞു സര്‍ക്കാരുകളെ പുകഴ്ത്തുകയും ഇകഴ്ത്തുകയും ചെയ്യുന്നവരാരും അക്കാദമിക് ക്വാളിറ്റി എന്നൊരു വിഷയമേ ഏറ്റെടുക്കുന്നില്ല// കേരളത്തിലെ സ്‌കൂള്‍-ഹയര്‍ സെക്കന്ററി വിദ്യാഭ്യാസത്തെ വിമര്‍ശിച്ചാല്‍ വരാവുന്ന ചോദ്യങ്ങളെ “അക്കാദമിക്ക് ക്വാളിറ്റിയില്ല” എന്ന, വസ്തുതയുടെ യാതൊരു പിന്‍ബലമുമില്ലാത്ത വാദം കൊണ്ട് ഇല്ലാതാക്കാനാണ് ആഷ്‌ലി ശ്രമിക്കുന്നത്.

ആര്‍ഗ്യുമെന്റ് വളരെ വ്യക്തമാണ്. ലിബറലിസത്തിന്റെ അടിസ്ഥാനപരമായ ആശയവും, സോഷ്യലിസ്റ്റ് സംവിധാനങ്ങളോടുള്ള അവരുടെ വിമര്‍ശനവുമാണ് ലേഖനം ഒളിച്ചു കയറ്റുന്നത്. എഫിഷ്യന്‍സി, ക്വാളിറ്റി, പ്രൊഡക്റ്റിവിറ്റി എന്നിവയൊക്കെ പൊതുമേഖലയില്‍ സാധ്യമാവുകയില്ല എന്ന ലിബറല്‍-നവലിബറല്‍ വാദം കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ “ദുരവസ്ഥയില്‍” ആകുലപ്പെട്ടുകൊണ്ട് ലേഖനം ഊട്ടിയുറപ്പിക്കുന്നുണ്ട്.

നിങ്ങളെന്ത് വാദങ്ങളും ഉന്നയിച്ചോളൂ, വിമര്‍ശനങ്ങളുമുയര്‍ത്തൂ. അത് ഏതൊരു സംവിധാനത്തിന്റെയും പോരായ്മകള്‍ തീര്‍ക്കാന്‍ തീര്‍ച്ചയായും സഹായകരമാണ്. പക്ഷേ അതിന് തീര്‍ച്ചയായും വസ്തുതകളുടെ പിന്‍ബലം വേണം. പ്രത്യേകിച്ച് അക്കാദമിക്‌സില്‍ നില്‍ക്കുന്ന വ്യക്തികളെന്ന നിലയ്ക്ക്. അല്ലാതെ ഞാനവിടെ കണ്ടു, ഇവിടെ കേട്ടു, എനിക്ക് അത്രയും വിശ്വാസമുള്ള കോണ്‍ഫിഡന്‍ഷ്യല്‍ സോഴ്‌സില്‍ നിന്നാണ്, എനിക്ക് നേരിട്ട് അനുഭവമുണ്ട് എന്നൊക്കെ പറഞ്ഞ് ജനറലൈസേഷന്‍ നടത്തുന്നത് ഒരു തരത്തിലുള്ള വിജ്ഞാനോത്പ്പാദനത്തിനും, പോളിസി പ്രോസസിനും ഉപകാരപ്പെടുന്നതല്ല.

ഇവിടെ നോക്കുക, എന്ത് ഉദാഹരണമാണ് കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം ക്വാളിറ്റി ഇല്ലാത്തതാണ് എന്ന് വാദിക്കാന്‍ ഉപയോഗിക്കുന്നതെന്ന്. ഒരു തരത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാനെത്തുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ മൊറേലിനെത്തന്നെ തകര്‍ക്കുന്നതാണ് ഇത്തരം വാദം. ലേഖനത്തിലെ വരികളികളിലൂടെ കടന്നു നോക്കാം.

//…പഠിപ്പിക്കുന്നതിന്റെയും പഠിക്കുന്നതിന്റെയും ക്വാളിറ്റിയെപ്പറ്റി ഒരു ചര്‍ച്ചയും അവിടെ നടക്കുന്നില്ല. എ പ്ലസുകളുടെ ബാഹുല്യത്തെപറ്റിയുള്ള മേനി പറച്ചിലാണ് എങ്ങും. പത്താം ക്ലാസ്സുവരെ സി.ബി.എസ്.ഇയില്‍ പഠിച്ചു പ്ലസ് ടു വിനു സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഡല്‍ഹിയില്‍ നടക്കുന്നത് പോലെ ഗുണപരമായ സ്‌കൂള്‍ വിദ്യാഭ്യാസമാണ് ഈ മാറ്റത്തിന് അവരെ പ്രേരിപ്പിക്കുന്നതെങ്കില്‍ ഇതൊരു നല്ല കാര്യമാണ് എന്നതില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ അതാണോ സത്യം? തൊണ്ണൂറുകളുടെ അവസാനം വരെ 50-60 ശതമാനം മാത്രം കുട്ടികള്‍ പാസ്സായിരുന്ന പത്താം ക്ലാസ് പരീക്ഷ 2000 ങ്ങളില്‍ ആദ്യം 80 ഉം പിന്നീട് 90 ശതമാനം വിജയം ആയി മാറിയപോലെയുള്ള ഒരു കണ്‍കെട്ട് മാത്രമാണ് ഇത്. കേരളത്തിലെ ഒരു പാട് എ പ്ലസുകാര്‍ പ്ലസ് ടു മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ അഡ്മിഷന്‍ കിട്ടുന്ന ഡല്‍ഹി കോളേജുകളില്‍ നിറഞ്ഞു കവിയുകയാണ്. കള്ളം കാണിച്ചല്ല; മിനക്കെട്ടാണ് സ്‌കൂളുകള്‍ നന്നാക്കേണ്ടത്. അത് അല്‍പായുസ്സേ ആകൂ; അപകടകരവും.//

കള്ളത്തരത്തിന്റെ ഉല്‍പ്പന്നമൊന്നുമല്ല സാര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍. പഠിച്ചും കഷ്ടപ്പെട്ടുമൊക്കെ തന്നെയാണ് അവര്‍ കേരളത്തില്‍ നിന്ന് ഡല്‍ഹി വരെ എത്തി നില്‍ക്കുന്നത്.

പരീക്ഷാ മൂല്യനിര്‍ണ്ണയം ഉദാരമാകുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ കുട്ടികള്‍ ജയിക്കുന്നതെന്നും നല്ല മാര്‍ക്ക് വാങ്ങുന്നതെന്നും ലേഖകന്‍ പറയാതെ പറയുന്നുണ്ട്. അങ്ങനെ ലേഖകന് ആകുലപ്പെടണമെങ്കില്‍ കേരളം ഇവാലുവേഷനില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്രത്തോളം കൂടുതല്‍ ലിബറല്‍ ആണെന്ന് വസ്തുതാപരമായി സ്ഥാപിക്കേണ്ടതുണ്ട്. മനസ്സിലാക്കാന്‍ കഴിയുന്നത് 2000-ന്‌ശേഷം ഇന്ത്യയിലെ മൊത്തം സ്‌കൂള്‍ ബോര്‍ഡുകളുടെ കണക്കെടുക്കുമ്പോള്‍ പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധന ഉണ്ടാവുന്നു എന്നതാണ്.

MHRD കണക്കുകളെ ഉദ്ധരിക്കുകയാണെങ്കില്‍ 2005 മുതല്‍ 2010 വരെ മൊത്തം ഇന്ത്യയിലെ സ്‌കൂള്‍ പാസ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 10% വും ഹയര്‍ സെക്കന്ററി തലത്തില്‍ 5% വര്‍ദ്ധവും ഉണ്ടായിട്ടുണ്ട്. ചെറിയ ഒരു വായനയില്‍ മനസ്സിലായത് ഈ മാര്‍ക്കിന്റെയും വിജയത്തിന്റെയും വര്‍ദ്ധനവ് ഒരു പാന്‍ ഇന്ത്യ പ്രതിഭാസം ആണെന്നുള്ളതാണ്. അങ്ങനെയെങ്കില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് കള്ളത്തരത്തിന്റെ ഉല്‍പ്പന്നങ്ങളാവുന്നത് എന്ന് ലേഖകന്‍ ഒന്ന് കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കേണ്ടതുണ്ട്. ഒരു സംസ്ഥാനം മാത്രമാണ് ലിബറല്‍ മൂല്യനിര്‍ണ്ണയം പിന്തുടരുന്നത് എങ്കില്‍ ലേഖകന്റെ വാദത്തിന് പിന്‍ബലമുണ്ട്, പക്ഷേ ഇവിടെ ഒരു രാജ്യം മുഴുവന്‍ അങ്ങനാണ് എങ്കില്‍ എവിടെയാണ് ഒരുതാരതമ്യത്തിന് സാധ്യതയുള്ളത്?

ആഗോള തലത്തില്‍ തന്നെ പ്രൈമറി എജുക്കേഷന് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടതിന്റെ പ്രാധ്യാന്യം ചര്‍ച്ച ചെയ്യുകയും പലവിധത്തിലുള്ള പ്രോഗ്രാമുകളിലൂടെ സ്ട്രാറ്റജൈസ് ചെയ്യുകയും ചെയ്ത കാലമാണ് ലേഖകന്‍ പരാമര്‍ശിച്ച പോസ്റ്റ് മില്ലെനിയം (2000). യുണൈറ്റഡ് നാഷന്‍സിന്റെ (UN) മില്ലെനിയം ഡെവലപ്പ്‌മെന്റ് ഗോള്‍സിലെ എട്ട് ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു “യൂണിവേഴ്‌സല്‍ പ്രൈമറി എജുക്കേഷന്‍”. മില്ലെനിയത്തിന്റെ ആദ്യ ദശാബ്ദത്തില്‍ തന്നെയാണ് ഇന്ത്യയില്‍ വിദ്യാഭ്യാസം ഒരു അവകാശമാക്കേണ്ടതിന്റെ ചര്‍ച്ചകള്‍ ശക്തമായതും 2009ല്‍ വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയതും.

വിദ്യാഭ്യാസം എന്നത് കൂടുതല്‍ ചര്‍ച്ചയാവുകയും ആളുകള്‍ കൂടുതല്‍ ബോധവാന്‍മാരാവുകയും ചെയ്യുന്ന കാലത്ത് കുട്ടികള്‍ കൂടുതല്‍ വിജയം നേടുന്നത് കള്ളത്തരമാണ്, മാനിപ്പുലേഷന്‍ ആണ് എന്ന് വാദിക്കേണ്ടതുണ്ടോ? ഇനി അങ്ങനെ വാദിക്കുകയാണെങ്കില്‍ തന്നെ ഡാറ്റ ഉദ്ധരിക്കാനുള്ള ഒരു ഔചിത്യം കാണിക്കണമായിരുന്നു. കേരളം എത്രത്തോളം ഇവാലുവേഷനില്‍ ലിബറല്‍/മാനിപ്പുലേറ്റഡ് ആണ് എന്ന് മറ്റ് സ്റ്റേറ്റ് ബോര്‍ഡുകളെയും സെന്‍ട്രല്‍ ബോര്‍ഡുകളെയും താരതമ്യപ്പെടുത്തിയുള്ള ഒരു വിശകലനവും വേണമായിരുന്നു.

നിങ്ങള്‍ പറയുന്ന ഈ യോഗ്യതയില്ലാത്ത മലയാളി വിദ്യാര്‍ത്ഥികള്‍ ഇവിടെ മോശം പ്രകടനമാണോ കാഴ്ച്ചവയ്ക്കുന്നത് എന്ന് പറയാന്‍ ലേഖകന്‍ ബാധ്യസ്ഥനാണ്. അവരെല്ലാം തോറ്റ് തൊപ്പിയിട്ട് മടങ്ങുന്നവരാണോ?

എനിക്കറിയാവുന്ന അവിടെ പഠിച്ചിറങ്ങുന്ന മിക്കയാളുകളും ഇന്ത്യയിലും വിദേശത്തുമുള്ള, അതേ യൂണിവേഴ്‌സിറ്റിയടക്കമുള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നത വിദ്യാഭ്യാസം തുടരുന്നവരാണ്. ഇനി അവരുടെ വിദ്യാഭ്യാസത്തില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടെന്നു തന്നെയിരിക്കട്ടെ. അതൊന്നും അവിടെ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ മിടുക്കരല്ലാതെ സംഭവിക്കുന്നതല്ല. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഫീസ് ഘടനയും ഹോസ്റ്റല്‍ താമസ ചിലവും അവര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. മുകളില്‍ പറഞ്ഞ ലേഖനത്തിന്റെ ലേഖകന്‍ പഠിപ്പിക്കുന്ന സെന്റ്സ്റ്റീഫന്‍സ് കോളേജിലെ ഒരു വര്‍ഷത്തെ ഫീസ് (ഹോസ്റ്റല്‍ അടക്കം) എകദേശം ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെല്ലാം പുറമെ ഓട്ടോണമി സ്റ്റാറ്റസിനു വേണ്ടിയുള്ള മിനുക്കുപണിയിലുമാണ്.

ഹിന്ദു കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് 1,10,000 രൂപയിലധികവും, ആണ്‍കുട്ടികള്‍ക്ക് 80,000 രൂപയിലധികവും ഒരു വര്‍ഷം കോളേജ്-ഹോസ്റ്റല്‍ ഫീ ഇനത്തില്‍ മുടക്കണം. മലയാളികള്‍ കൂടുതലായി പഠിക്കുന്ന രാംജാസ്, മിറാണ്ട, LSR, സാക്കിര്‍ ഹുസൈന്‍ എന്നീ കോളേജുകളിലെയും അവസ്ഥ ഇതൊക്കെ തന്നെയാണ്. ചിലയിടത്ത് കോളേജ് ഹോസ്റ്റലുകളേയില്ല, പലയിടത്തും ഉണ്ടെങ്കിലും അത് എല്ലാവര്‍ക്കും കിട്ടണമെന്നുമില്ല. അങ്ങനെ പല കാരണങ്ങളാല്‍ പുറത്ത് സ്വകാര്യ താമസസ്ഥലങ്ങള്‍ തേടുന്നവരാണ് പലരും.

ഇതിനെല്ലാം പുറമെ ഭാഷ, പരിചയമില്ലാത്ത കാലാവസ്ഥ, സാമൂഹികാന്തരീക്ഷം എന്നിവ സൃഷ്ഠിക്കുന്ന ഒരുപാട് കടമ്പകള്‍ വേറെയും. അത്തരം ഒരു വലിയ ഒരു പ്രതിസന്ധികള്‍ ഉണ്ടായിട്ടും മികച്ച വിജയം നേടുന്നവര്‍ തന്നെയാണ് അവര്‍. കൊഴിഞ്ഞു പോകുന്ന ചെറിയ ഒരു ശതമാനത്തെ മനസ്സിലാക്കിയാല്‍ അവരൊന്നും പഠിക്കാന്‍ മിടുക്കില്ലാതെ മത്സരത്തില്‍ നിന്ന് പിന്‍മാറിയവരല്ല. സാമ്പത്തിക ഭാരം താങ്ങാനാവാതെ വീണു പോവുന്നവരാണ്.

നോക്കൂ ഇന്ത്യയില്‍ മറ്റെങ്ങുമില്ലാത്ത രീതിയില്‍ വിവിധങ്ങളായ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെയും, ജനാധിപത്യ വേദികളിലൂടെയും, കലോത്സവ വേദികളിലൂടെയും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലൂടെയുമെല്ലാം രുപപെടുന്ന വിദ്യാര്‍ത്ഥികളെയാണ് അധ്യാപകന്‍ കൂടിയായ ലേഖകന്‍ നിരുത്തരവാദപരമായി രാഷ്ട്രീയ നേതൃത്വത്തിന്റെ കള്ിപാവകളെന്നും, കള്ളം കാണിച്ച് എ പ്ലസ് വാങ്ങുന്നവര്‍ എന്നുമൊക്കെ പരിഹാസരൂപേണ എഴുതി വെക്കുന്നത്

അവരെ കള്ളന്‍മാരായി ചിത്രീകരിക്കരുത് സര്‍. കഷ്ടപ്പെട്ട് പഠിച്ച് അഡ്മിഷന്‍ വാങ്ങി ഡല്‍ഹിയിലെ പ്രതികൂല സാഹചര്യത്തോട് പൊരുതി വളരുന്നവരാണ് അവര്‍.

കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിക്കുന്നതിനിടയില്‍ ലേഖകന്‍ വിട്ടുപോയ ഒരു കാര്യമുണ്ട്. നവലിബറല്‍ നയങ്ങളുടെ ഭാഗമായും, ലോക വ്യാപാര സംഘടനയോടുള്ള തങ്ങളുടെ കൂറ് പുലര്‍ത്തുന്നതിന്റെ ഭാഗമായും ആദ്യം കോണ്‍ഗ്രസ്സും പിന്നീട് ബി.ജെ.പിയും നേതൃത്വം നല്‍കുന്ന ഗവണ്‍മെന്റുകള്‍ ചെയ്തുവച്ച, വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കുകയും കമ്പോളവത്കരിക്കുകയും ചെയ്ത നടപടികളാണ് കേരളത്തിലെന്നല്ല രാജ്യം മുഴുവനുള്ള സ്വാശ്രയ-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളവും വളവും നല്‍കിയത്.

അവയെ നേരിടാനുള്ള ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നടപടികളെല്ലാം നിയമക്കുരുക്കില്‍പെട്ട് ഇല്ലാതായപ്പോള്‍ ഇവിടുത്തെ ലിബറല്‍ ബുദ്ധിജീവികള്‍ കയ്യടിച്ച് സ്വീകരിച്ചു. സ്വകാര്യവത്കരണം തടയാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന ആവശ്യവും കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അവഗണിച്ചു. ന്യൂനപക്ഷ സംരക്ഷണത്തിന് ഭരണഘടന അനുവദിച്ച അവകാശങ്ങളെല്ലാം കേരളത്തില്‍ അങ്ങനെ വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിലാണ് കൊണ്ടുചെന്നെത്തിച്ചത്. ഇതെല്ലാം വളരെ സൗകര്യപൂര്‍വ്വം മറച്ചുവെക്കുന്നുണ്ട് ലേഖകന്‍. എന്നിട്ട് “എല്ലാ പാര്‍ട്ടിയും കണക്കാണ് ” എന്ന ഒരു അരാഷ്ട്രീയ വാദവും. ഒരു അക്കൗണ്ടബിലിറ്റിയുമില്ലാത്ത കോണ്‍ഗ്രസ്സിനെയും ബി.ജെ.പിയേയും യാതൊരു തരത്തിലും ഈ ഒരേ നുകത്തിലുള്ള കൂട്ടിക്കെട്ടലുകള്‍ ബാധിക്കില്ല എന്ന് ലേഖകന് നന്നായിട്ടറിയാം.

ലേഖകന്‍ സ്വകര്യപൂര്‍വ്വം എഴുതാതെ പോയ ഒന്നുണ്ട്. കേരളത്തിലെ ഒന്നാം സര്‍ക്കാറിനെ എന്ത് കാരണത്താലാണ് അട്ടിമറിച്ചതെന്ന്. കോണ്‍ഗ്രസ്സിന്റെ ഒത്താശയോടെ വിമോചന സമരത്തിന് കാരണമായത് ഇ.എം.എസ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്ല് ആയിരുന്നല്ലോ. അതിനു ശേഷവും വിദ്യാഭ്യാസ രംഗത്ത് ഒരു പരിധി വിട്ടുള്ള ഇടപെടല്‍ നടത്താനാവാത്ത വിധം അതിനെ മാറ്റിയത് ഇതേ കോണ്‍ഗ്രസ്സ്-മത-സമുദായ മേനേജ്‌മെന്റുകളുടെ അവിശുദ്ധ കൂട്ടുകെട്ടായിരുന്നല്ലോ. ഇത്തരം കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും ഒന്നാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ലേഖകന്റെ ശ്രമം അത്ര നിഷ്‌കളങ്കമായി തോന്നുന്നില്ല.

അരാഷ്ട്രീയ നിഷ്‌കുകളുടെ മനസ്സില്‍ കണ്‍ഫ്യൂഷനുണ്ടാക്കി ഇടതുപക്ഷത്തെയും ഒന്നിനും കൊള്ളാത്തവരും അഴിമതിക്കാരും കെടുകാര്യസ്ഥയുടെ വക്താക്കളുമാക്കുന്നത് ഒരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമായ വിമര്‍ശനമല്ല മറിച്ച് വലതുപക്ഷത്തെ സഹായിക്കല്‍ മാത്രമാണ് എന്ന് പറയേണ്ടതായി വരും.

അജിത് ഇ.എ
ജെ.എന്‍.യുവില്‍ കനേഡിയന്‍ സ്റ്റഡീസില്‍ ഗവേഷകന്‍