അവസാന നിമിഷം പൈലറ്റിനെ മാറ്റി; മേയ് ഡേ മുന്നറിയിപ്പ് മുഴക്കിയില്ല; അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
India
അവസാന നിമിഷം പൈലറ്റിനെ മാറ്റി; മേയ് ഡേ മുന്നറിയിപ്പ് മുഴക്കിയില്ല; അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
അനിത സി
Tuesday, 10th February 2026, 7:20 pm

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധു കൂടിയായ എന്‍.സി.പി നേതാവ് രോഹിത് പവാര്‍.

അജിത് പവാറിന്റെ മരണത്തെ സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങളാണ് രോഹിത് പവാര്‍ ഉയര്‍ത്തിയത്. അജിത് പവാറിന്റെ മരണം അപകടമല്ലെങ്കില്‍ തീര്‍ച്ചയായും ഗൂഢാലോചനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിമാനത്തിന്റെ ഓപ്പറേറ്ററായ വിസ്റ്റ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ രീതികളെയും അദ്ദേഹം ചോദ്യം ചെയ്തു.

അപകടത്തിന് ഒരു മിനിറ്റ് മുമ്പ് ട്രാന്‍സ്‌പോണ്ടര്‍ ഓഫാക്കിയിരുന്നു. ഇത് അപകടത്തില്‍പ്പെടാന്‍ പൈലറ്റ് ഉദ്ദേശിച്ചിരുന്നു എന്നതിന്റെ സൂചനയാണോ അല്ലെങ്കില്‍ പൈലറ്റ് ഉറങ്ങിപ്പോയിരുന്നോ എന്നും രോഹിത് ചോദ്യം ചെയ്തു. പൈലറ്റ് മേയ് ഡേ മുന്നറിയിപ്പ് അലാം മുഴക്കിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേസ് അന്വേഷിക്കേണ്ടത് വിമാനത്താവളത്തിനുള്ളില്‍ അന്വേഷിക്കാന്‍ അധികാരമില്ലാത്ത മഹാരാഷ്ട്രയുടെ സി.ഐ.ഡിയല്ലെന്നും രോഹിത് പറഞ്ഞു.

അപകട സമയത്ത് ക്യാപ്റ്റന്‍ സുമിത് കപൂര്‍ മദ്യപിച്ചിരുന്നോ എന്ന സംശയം ഉന്നയിച്ച രോഹിത്, മുംബൈ വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

വിമാനത്തിന് 16 വര്‍ഷം പഴക്കമുണ്ടായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യവുമല്ല. വിമാനത്തിന്റെ ഡ്യൂട്ടി സമയ പരിധികളില്‍ കൃത്രിമത്വമുണ്ട്. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല തുടങ്ങിയ നിരവധി പിഴവുകള്‍ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് രോഹിത് പവാര്‍ പറഞ്ഞു.

അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരേയും ഓപ്പറേറ്ററേയും കുറിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പവര്‍പോയിന്റ് പ്രസന്റേഷനില്‍ ആരോപിച്ചു.

വിമാനയാത്രയ്ക്ക് തൊട്ടുമുമ്പാണ് പ്രധാന പൈലറ്റിനെ മാറ്റിയത്. അത് എന്തിനായിരുന്നു? വിമാനം പറത്തിയ ക്യാപ്റ്റന്‍ സുമിത് കപൂര്‍ ഹോങ്കോങ്ങില്‍ നിന്നും തിരിച്ചെത്തിയത് എന്തിനായിരുന്നെന്ന് പരിശോധിക്കണം.

2010ലും 2017ലും വിമാനയാത്രയ്ക്ക് മുമ്പുള്ള മദ്യപാന പരിശോധനകളില്‍ സുമിത് പരാജയപ്പെട്ടിരുന്നെന്നും യു.എസില്‍ പരിശീലനത്തില്‍ നിന്നും പുറത്തായിരുന്നെന്നും രോഹിത് തെളിവ് സഹിതം ചൂണ്ടിക്കാണിച്ചു.

അജിത് പവാര്‍ കൊല്ലപ്പെട്ട വിമാനാപകടത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രോഹിത് ആവശ്യപ്പെട്ടു. അന്വേഷണത്തിനായി അന്താരാഷ്ട്ര വ്യോമയാന ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പാക്കാവുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഡി.ജി.സി.എയുടെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. എങ്കിലും ആവശ്യമെങ്കില്‍ ബി.ഇ.എ ഫ്രാന്‍സ്, എ.എ.ഐ.ബി യു.കെ.എന്‍.ടി.എസ്.ബി. യു.എസ് എന്നീ പ്രുഖ ഏജന്‍സികളേയും അന്വേഷത്തില്‍ പങ്കാളികളാക്കാമെന്നും രോഹിത് പറഞ്ഞു.

ഡി.ജി.സി.എയിലെ മുന്‍ ഉദ്യോഗസ്ഥരില്‍ നിരവധി പേര്‍ വി.എസ്. ആറിലെ ജീവനക്കാരാണ്. ഇവര്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും രോഹിത് ആരോപിച്ചു.

ജനുവരി 28നാണ് അജിത് പവാറിന്റെയും നാല് പേരുടെയും ജീവനെടുത്ത വിമാനാപകടം നടന്നത്. പൂനെയിലെ ബാരാമതി ടേബിള്‍ ടോപ്പ് എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്ന ലിയര്‍ജെറ്റ് 45 വിമാനം തകര്‍ന്ന് അപകടമുണ്ടായത്.

എന്‍.സി.പി പാര്‍ട്ടികളുടെ ലയന ചര്‍ച്ചകള്‍ നടക്കുന്ന സമയത്തുണ്ടായ അപകടത്തെ തുടര്‍ന്ന് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.

Content Highlight: Pilot was replaced at the last minute; May Day warning was not sounded; Ajit Pawar’s death is mysterious, family says

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍