ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമ്പോഴും പാലങ്ങളും കെട്ടിടങ്ങളും തകരുന്നു: അജിത് പവാര്‍
India
ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമ്പോഴും പാലങ്ങളും കെട്ടിടങ്ങളും തകരുന്നു: അജിത് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 2:07 pm

ന്യൂദല്‍ഹി: ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പറയുമ്പോഴും രാജ്യത്ത് പാലങ്ങളും കെട്ടിടങ്ങളും തകരുന്ന വിഷയത്തില്‍ തന്റെ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയുമായ അജിത് പവാര്‍.

‘നമ്മള്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പറഞ്ഞിരുന്നു. അത് സത്യവുമാണ്. ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമ്പോള്‍ നമ്മുടെ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു വീഴുമോ? ആരാണ് അതിന്റെയൊക്കെ ഉത്തരവാദി?,’ അജിത് പവാര്‍ ചോദിച്ചു.

പൂനെയില്‍ പ്രൊഫഷണല്‍ സ്ട്രക്ചറല്‍ എഞ്ചിനിയേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തിന് ഇടയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുന്നതിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞിരുന്നു.

അതിന് പിന്നാലെയാണ് പവാര്‍ തന്റെ ഈ ആശങ്ക പ്രകടിപ്പിച്ചത്. അതേസമയം മഴക്കാലമായതോടെ റോഡുകളിലെ കുഴികളെ കുറിച്ചും പാലം തകരുന്നതിനെ കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യമാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുഗ്രാമില ഒരു റോഡില്‍ മഴയെ തുടര്‍ന്ന് ഗര്‍ത്തം രൂപപ്പെടുകയും അതിലേക്ക് ട്രക്ക് വീഴുകയും ചെയ്തിരുന്നു. രാജസ്ഥാനില്‍ ഒരു റോഡ് ഒലിച്ചു പോയ സാഹചര്യവും ഉണ്ടായിരുന്നു.

വഡോദര ജില്ലയില്‍ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണിരുന്നു. ജൂലൈ ഒമ്പതിന് നടന്ന സംഭവത്തില്‍ 20 പേരായിരുന്നു മരിച്ചത്. പത്ത് ദിവസം മുമ്പായിരുന്നു മുംബൈയില്‍ 250 കോടി ചെലവഴിച്ച് ഉദ്ഘാടനം ചെയ്ത ഫ്‌ളൈഓവറില്‍ കുഴികള്‍ രൂപപ്പെട്ടത്.

കഴിഞ്ഞ മാസം പൂനെയില്‍ ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകര്‍ന്നു വീണ് നാല് ആളുകള്‍ക്ക് ജീവന്‍ നഷ്ടമായ സാഹചര്യവും ഉണ്ടായിരുന്നു. ഒഡീഷയില്‍ 60 കോടി രൂപക്ക് നിര്‍മിച്ച ഫ്‌ളൈഓവര്‍ രണ്ട് മാസത്തിനുള്ളില്‍ തകര്‍ന്ന് വീണതും വലിയ വാര്‍ത്തയായിരുന്നു.

Content Highlight: Ajit Pawar Asked even as India becomes the third largest economy, bridges and buildings are collapsing