അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ അഫ്ഗാനെതിരെയുള്ള പരമ്പരക്ക് എത്തുന്നത്. ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചില്ല. ഇഷാന്‍ കിഷനാണ് സെക്കന്റ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.
ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് ടീമില്‍ അവസരം ലഭിച്ചില്ല. പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ, കുര്‍ണൂര്‍ ബ്രാര്‍ എന്നിവരും ഏകദിന ടീമില്‍ ഇടം നേടി. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിഷബ് പന്തിനെ നീക്കം ചെയ്ത് കെ.എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു.
സമീപകാലങ്ങളില്‍ മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയെ ഇത്തവണയും സെലക്ടര്‍മാര്‍ അവഗണിച്ചു. രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി മിന്നും പ്രകടനങ്ങള്‍ നടത്തിയ ഷമി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരത്തിന് ടീമില്‍ സ്ഥാനമില്ലാതെ പോവുകയായിരുന്നു. ഷമിയെ ടീമിലെടുക്കാത്തതിനെക്കുറിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രതികരിക്കുകയും ചെയ്തു. ഷമി ടി-20 മാത്രമാണ് കളിക്കുന്നതെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്.
‘എനിക്ക് ലഭിച്ച വിവരം അനുസരിച്ച് അദ്ദേഹം ടി-20 മാത്രമേ കളിക്കുന്നുള്ളൂ. അദ്ദേഹത്തിന്റെ ശരീരം ടി-20 കളിയ്ക്കാൻ മാത്രമാണ് ഇപ്പോൾ തയ്യാറായിട്ടുണ്ട്. ഈ വർഷം അദ്ദേഹം ഒരു ആഭ്യന്തര സീസൺ കളിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അതിനാൽ അദ്ദേഹത്തെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല,’ അഗാർക്കർ പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ ബംഗാളിനായി ഏഴ് മത്സരങ്ങളില്‍ നിന്നും 37 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാമനായായിരുന്നു ഷമി ഫിനിഷ് ചെയ്തിരുന്നത്. ഫെബ്രുവരിയില്‍ നടന്ന രഞ്ജി സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ നേടി ഷമി തിളങ്ങിയിരുന്നു. ഐ.പി.എല്ലില്‍ ഈ സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളും ഷമി നേടിയിട്ടുണ്ട്.
2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയാണ് ഷമി അവസാനമായി ഇന്ത്യക്കായി ഏകദിനത്തില്‍ പന്തെറിഞ്ഞത്. 2023ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഷമിയുടെ അവസാന റെഡ് ബോള്‍ മത്സരം. 2025ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ അവസാന ടി-20 മത്സരം.