അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ്, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ അഫ്ഗാനെതിരെയുള്ള പരമ്പരക്ക് എത്തുന്നത്. ഏകദിന ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചില്ല. ഇഷാന്‍ കിഷനാണ് സെക്കന്റ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.
പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബെ, കുര്‍ണൂര്‍ ബ്രാര്‍ എന്നിവരും ഏകദിന ടീമില്‍ ഇടം നേടി. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും റിഷബ് പന്തിനെ നീക്കം ചെയ്ത് കെ.എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനായി നിയമിക്കുകയും ചെയ്തു. ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.
ഈ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചതിന്റെ കാരണം ചീഫ് സെക്ടര്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ലഭിച്ച മികച്ച സമയമാണിതെന്നാണ് അഗാര്‍ക്കര്‍ പറഞ്ഞത്. രവീന്ദ്ര ജഡേജ ഇപ്പോഴും ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും ജഡേജക്ക് ഈ പരമ്പരയില്‍ വിശ്രമം അനുവദിച്ചതാണെന്നുമാണ് അഗാര്‍ക്കര്‍ പറഞ്ഞത്.
‘ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി 15-16 മാസം ബാക്കിയുണ്ട്. പ്രത്യേകിച്ച് സൗത്ത് ആഫ്രിക്കയില സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നമ്മുടെ മികച്ച ഓപ്ഷനുകള്‍ ആരൊക്കെയാണെന്ന് പരിശോധിക്കണം. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
രവീന്ദ്ര ജഡേജക്കും അക്സര്‍ പട്ടേലിനും എന്ത് ചെയ്യാനാവുമെന്ന് നമുക്കറിയാം. അതിനാല്‍ ഇപ്പോള്‍ മറ്റ് ചില താരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമാണിത്. ജഡേജക്ക് ഈ ടെസ്റ്റില്‍ വിശ്രമം അനുവദിച്ചതാണ്. അദ്ദേഹത്തിന് ഈ കാര്യമറിയാം. അദ്ദേഹം ഇപ്പോഴും ടെസ്റ്റ് ടീമിലെ അവിഭാജ്യ ഘടകമാണ്,’ അജിത് അഗാര്‍ക്കര്‍ പറഞ്ഞു.