ലോര്‍ഡ്‌സില്‍ അങ്ങനെ സെഞ്ച്വറിയടിച്ചത് അഗാര്‍ക്കര്‍ മാത്രം; മൂന്ന് റണ്ണിന് ചരിത്രനേട്ടം നഷ്ടമായി ഷക്കീല്‍
Sports News
ലോര്‍ഡ്‌സില്‍ അങ്ങനെ സെഞ്ച്വറിയടിച്ചത് അഗാര്‍ക്കര്‍ മാത്രം; മൂന്ന് റണ്ണിന് ചരിത്രനേട്ടം നഷ്ടമായി ഷക്കീല്‍
ആദർശ് എം.കെ.
Sunday, 30th August 2026, 10:58 pm

പാകിസ്ഥാനെതിരായ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കി, മൂന്നാം ടെസ്റ്റിന് മുമ്പ് തന്നെ ആതിഥേയര്‍ പരമ്പര സ്വന്തമാക്കുകയായിരുന്നു.

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 194 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. ത്രീ ലയണ്‍സ് ഉയര്‍ത്തിയ 389 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 194ന് പുറത്തായി.

സ്‌കോര്‍

ഇംഗ്ലണ്ട്: 290 & 208

പാകിസ്ഥാന്‍: 110 & 194 (T: 389)

സൗദ് ഷക്കീലിന് മാത്രമാണ് പാക് നിരയില്‍ ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. ടീം ടോട്ടലിന്റെ പകുതിയിലധികം റണ്‍സും ഷക്കീലാണ് അടിച്ചെടുത്തത്.

നേരിട്ട 122ാം പന്തില്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെയായിരുന്നു താരത്തിന്റെ മടക്കം. 13 ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ജോഷ് ടംഗിന്റെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് ഷക്കീല്‍ തിരിച്ചുനടന്നത്.

മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയതോടെ ഒരു ചരിത്ര നേട്ടവും താരത്തിന് നഷ്ടമായി. ലോര്‍ഡ്‌സില്‍ നാലാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത് ഏഷ്യന്‍ താരമെന്ന നേട്ടമാണ് മൂന്ന് റണ്‍സകലെ പാക് താരത്തിന് നഷ്ടപ്പെട്ടത്.

മുന്‍ ഇന്ത്യന്‍ താരവും നിലവിലെ ചീഫ് സെലക്ടറുമായ അജിത് അഗാര്‍ക്കറാണ് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ നാലാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഏക ഏഷ്യന്‍ താരം.

അജിത് അഗാര്‍ക്കര്‍

2002ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിലായിരുന്നു താരത്തിന്റെ നേട്ടം.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്റെ സെഞ്ച്വറി കരുത്തില്‍ (155) 487 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 221ന് പുറത്തായി. 84 റണ്‍സ് നേടിയ വിരേന്ദര്‍ സേവാഗായിരുന്നു ടോപ്പ് സ്‌കോറര്‍.

ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ക്കായി മൈക്കല്‍ വോണും ജോണ്‍ ക്രോലിയും സെഞ്ച്വറി നേടി. ഒടുവില്‍ 301/6 എന്ന നിലയില്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും 568 റണ്‍സിന്റെ ലക്ഷ്യം ഇന്ത്യയ്ക്ക് മുമ്പില്‍ വെക്കുകയുമായിരുന്നു.

ഇന്ത്യയ്ക്കായി വസീം ജാഫര്‍ (53), രാഹുല്‍ ദ്രാവിഡ് (63), വി.വി.എസ്. ലക്ഷ്മണ്‍ (74) എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും സച്ചിനും സേവാഗും ക്യാപ്റ്റന്‍ ഗാംഗുലിയും അടങ്ങുന്ന മറ്റ് താരങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചില്ല.

എന്നാല്‍ എട്ടാം നമ്പറിലിറങ്ങിയ അഗാര്‍ക്കര്‍ പൊരുതാന്‍ ഉറച്ചുതന്നയായിരുന്നു. 190 പന്ത് നേരിട്ട താരം പുറത്താകാതെ 109 റണ്‍സുമായാണ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 16 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അഗാര്‍ക്കറിന്റെ അന്താരാഷ്ട്ര കരിയറിലെ ഏക സെഞ്ച്വറി കൂടിയാണിത്. ഈ സെഞ്ച്വറി 24 വര്‍ഷങ്ങള്‍ക്കിപ്പുറം ലോര്‍ഡ്‌സിലെ നാലാം ഇന്നിങ്‌സിലെ ഏക സെഞ്ച്വറിയായി നിലകൊള്ളുന്നു.

അതേസമയം, പരമ്പരയിലെ അവസാന ടെസ്റ്റെങ്കിലും വലിജയിച്ച് മുഖം രക്ഷിക്കാനാകും പാകിസ്ഥാന്റെ ശ്രമം. സെപ്റ്റംബര്‍ ഒമ്പത് മുതലാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. എഡ്ജ്ബാസ്റ്റണാണ് വേദി.

 

Content Highlight: Ajit Agarkar remains only Asian batter to score century in 4th innings of a Test at Lords

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.