2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിനെ നായകനാക്കിയും ശുഭ്മന്‍ ഗില്ലിനെ വെസ് ക്യാപ്റ്റനാക്കിയും പ്രഖ്യാപിച്ചാണ് ഇന്ത്യ ഏഷ്യ കീഴടക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മന്‍ ഗില്ലാണ് സൂര്യയുടെ ഡെപ്യൂട്ടി.
നിലവില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിനായി മൂന്ന് ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍ എന്നിവരാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഇതില്‍ അഭിഷേക് ശര്‍മ – സഞ്ജു സാംസണ്‍ എന്ന കോമ്പിനേഷനോ അഭിഷേക് ശര്‍മ – ശുഭ്മന്‍ ഗില്‍ എന്ന കോമ്പിനേഷനോ ആകും ഇന്ത്യ പരീക്ഷിക്കുക. അഭിഷേക് ഫസ്റ്റ് ചോയ്‌സ് ഓപ്പണറായി തന്നെയാണ് ഇന്ത്യയ്‌ക്കൊപ്പമുള്ളത്.
അഭിഷേക് ശര്‍മ – സഞ്ജു സാംസണ്‍
ശുഭ്മന്‍ ഗില്‍
യുവതാരം യശസ്വി ജെയ്‌സ്വാള്‍ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. സ്റ്റാന്‍ഡ് ബൈ ആയി മാത്രമാണ് ജെയ്‌സ്വാള്‍ ടീമിനൊപ്പം യാത്ര ചെയ്യുക.
ഇപ്പോള്‍ എന്തുകൊണ്ട് ജെയ്‌സ്വാളിനെ തഴയേണ്ടി വന്നു എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. അഭിഷേക് ശര്‍മ പന്തെറിയുമെന്നും ഇതാണ് താരത്ത ടീമിലെത്തിച്ചതെന്നും അഗാര്‍ക്കര്‍ പറയുന്നു.
‘ജെയ്‌സ്വാളിന്റെ കാര്യമെടുക്കുകയാണെങ്കില്‍, ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമെന്ന് പറയേണ്ടി വരും. അഭിഷേക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനൊപ്പം തന്നെ അവന്‍ ചെറിയ തോതില്‍ പന്തെറിയുകയും ചെയ്യും.
അഭിഷേക് ശര്‍മ
ഇവരില്‍ ഒരാള്‍ തീര്‍ച്ചയായും പുറത്താകുമെന്ന് ഉറപ്പായിരുന്നു. ജെയ്‌സ്വാള്‍ അവന്റെ അവസരത്തിനായി കാത്തിരിക്കണം,’ അഗാര്‍ക്കര്‍ പറഞ്ഞു.
ഐ.പി.എല്‍ 2025ലെ റണ്‍വേട്ടക്കാരില്‍ ഏഴാമനായിരുന്നു ജെയ്‌സ്വാള്‍. രാജസ്ഥാന്‍ നിരയില്‍ ഒന്നാമനും. 14 മത്സരത്തില്‍ നിന്നും 43.00 ശരാശരിയിലും 159.71 സ്‌ട്രൈക്ക് റേറ്റിലും 559 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് അര്‍ധ സെഞ്ച്വറികളാണ് താരം ഐ.പി.എല്‍ 2025ല്‍ അടിച്ചെടുത്തത്.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.
ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.
സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി
സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്
സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി
സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്
സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി
സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്
സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി
സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്
സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്
സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി
Content Highlight: Ajit Agarkar explains why Yashasvi Jaiswal misses out in India’s Asia Cup squad