ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇന്ത്യ. രോഹിത് ശര്‍മയെ നായകനാക്കി 15 അംഗ സ്‌ക്വാഡ് ആണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ സ്‌ക്വാഡില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കേള്‍ക്കാന്‍ കാത്തിരുന്ന പേരായിരുന്നു സൂപ്പര്‍ താരം കരുണ്‍ നായരിന്റെത്. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് സെഞ്ച്വറിയുള്‍പ്പടെ 752.00 ശരാശരിയില്‍ 752 റണ്‍സ് നേടിയ താരം സ്‌ക്വാഡില്‍ ഇടം നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
ആഭ്യന്തര മത്സരം കളിക്കണം, താരങ്ങള്‍ ഡൊമസ്റ്റിക് ക്രിക്കറ്റിന് പ്രധാന്യം നല്‍കണം എന്ന് ബി.സി.സി.ഐ വാ തോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്രയും മികച്ച പ്രകടനം നടത്തിയ കരുണ്‍ നായരെ മറികടന്ന് മറ്റാരെ ടീമിലെടുക്കുമെന്ന് പോലും ആരാധകര്‍ ചിന്തിച്ചു.
എന്നാല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ കരുണ്‍ നായരിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
ഇത്രയും മികച്ച പ്രകടനം പുറത്തെടുത്തിട്ടും കരുണ്‍ നായരെ ഒഴിവാക്കിയതില്‍ വിശദീകണം നല്‍കുകയാണ് ഇന്ത്യന്‍ ചീഫ് സെലക്ടറും മുന്‍ സൂപ്പര്‍ താരവുമായിരുന്ന അജിത് അഗാര്‍ക്കര്‍.
15 പേരെ മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കൂ എന്ന കാരണത്താലാണ് താരത്തെ ഒഴിവാക്കിയതെന്നാണ് അപെക്‌സ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം.
‘750+ ശരാശരിയില്‍ റണ്‍സ് നേടുക എന്നത് തീര്‍ത്തും അത്ഭുതാവഹമാണ്. എന്നാല്‍ ഇത് 15 പേരുടെ സ്‌ക്വാഡാണ്, എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ല,’ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ അഗാര്‍ക്കര്‍ പറഞ്ഞു.
അതേസമയം, വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലില്‍ കളിക്കുകയാണ് വിദര്‍ഭയുടെ ക്യാപ്റ്റന്‍ കൂടിയായ കരുണ്‍ നായര്‍. വഡോദര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ തന്റെ മുന്‍ ടീമായ കര്‍ണാടകയാണ് എതിരാളികള്‍. ഇതാദ്യമായാണ് വിദര്‍ഭ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനല്‍ കളിക്കുന്നത്.
ഫെബ്രുവരി 20നാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലാദേശാണ് എതിരാളികള്‍.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ് ടീമുകളാണ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യയ്ക്കൊപ്പമുള്ളത്.
ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ പാകിസ്ഥാനാണെങ്കിലും പാകിസ്ഥാന് പുറത്ത് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.