ഇനി മുതല്‍ അദ്ദേഹത്തിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ടാകും; സൂപ്പര്‍ താരത്തെ പ്രശംസിച്ച് രഹാനെ
Cricket
ഇനി മുതല്‍ അദ്ദേഹത്തിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ടാകും; സൂപ്പര്‍ താരത്തെ പ്രശംസിച്ച് രഹാനെ
ശ്രീരാഗ് പാറക്കല്‍
Tuesday, 10th March 2026, 11:49 am

2026 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അജിന്‍ക്യാ രഹാനെ. സഞ്ജുവിന് സൗത്ത് ഇന്ത്യയില്‍ നിന്ന് വലിയൊരു ആരാധകവൃന്ദമുണ്ടെന്നും എന്നാല്‍ ഇനി മുതല്‍ അദ്ദേഹത്തിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ടാകുമെന്നും രഹാനെ പറഞ്ഞു.

‘സഞ്ജുവിന് സൗത്ത് ഇന്ത്യയില്‍ നിന്ന് വലിയൊരു ആരാധകവൃന്ദമുണ്ടായിരുന്നു. എന്നാല്‍ ഇനി മുതല്‍ അദ്ദേഹത്തിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ടാകും. അദ്ദേഹം നേടിയ റണ്‍സും അദ്ദേഹം നല്‍കിയ സംഭാവനയും അത്ഭുതകരമാണ്. അത് കാണാന്‍ വളരെ സന്തോഷമുണ്ട്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടിയ സഞ്ജു സാംസണ്‍

അദ്ദേഹം ഒരു ക്വാളിറ്റി ബാറ്ററാണ്. ഇപ്പോള്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ്, അദ്ദേഹം എം.എസ്. ധോണിയെയും പിന്തുടരുന്നു. സഞ്ജു സ്വയം ശാന്തനാണ്, മാത്രമല്ല സമ്മര്‍ദത്തിലും സംയമനം പാലിക്കുന്നു. എം.എസ്. അവന് ധോണിയോട് അല്‍പം സാമ്യമുണ്ട്. എം.എസ്. എപ്പോഴും സ്വയം ശാന്തത പാലിക്കാന്‍ ഇഷ്ടപ്പെടുന്നു,’ രഹാനെ പറഞ്ഞു.

സഞ്ജു

ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89ഉം നേടിയിരുന്നു.

Content Highlight: Ajinkya Rahane Talks About Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ