വിരാടിനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു; തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
Cricket
വിരാടിനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു; തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം
ശ്രീരാഗ് പാറക്കല്‍
Wednesday, 5th August 2026, 10:35 pm

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായുള്ള കളിക്കളത്തിലെ കൂട്ടുകെട്ടിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ താരം അജിന്‍ക്യാ രഹാനെ. വിരാടിനൊപ്പം ബാറ്റ് ചെയ്യുന്നത് താന്‍ ശരിക്കും ആസ്വദിച്ചിരുന്നെന്നും തങ്ങളുടെ കൂട്ടുകെട്ട് ഇത്രയും വിജയകരമാകാനുള്ള പ്രധാന കാരണം ബാറ്റ് ചെയ്യുമ്പോള്‍ തമ്മില്‍ എപ്പോഴും ഉണ്ടായിരുന്ന പോസിറ്റീവായ തുറന്ന ആശയവിനിമയമാണെന്നും രഹാനെ പറഞ്ഞു.

‘വിരാടിനൊപ്പം ബാറ്റ് ചെയ്യുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഞങ്ങള്‍ പരസ്പരം മികച്ച രീതിയില്‍ മുന്നോട്ട് പോകുമായിരുന്നു. വിരാടിന്റെ ആക്രമണാത്മക ശൈലിയും എന്റെ ശാന്തമായ സമീപനവും ടീമിന് ഏറെ ഗുണം ചെയ്തു.

ഞങ്ങളുടെ കൂട്ടുകെട്ട് ഇത്രയും വിജയകരമാകാന്‍ പ്രധാന കാരണം, ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ എപ്പോഴും ഉണ്ടായിരുന്ന പോസിറ്റീവായ തുറന്ന ആശയവിനിമയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രീസിലിരിക്കുമ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ ഞങ്ങള്‍ പരസ്പരം മടിയില്ലാതെ പങ്കുവെക്കുമായിരുന്നു,’ രഹാനെ സ്റ്റിക് ടു ക്രിക്കറ്റില്‍ പറഞ്ഞു.

വിരാട് കോഹ്‌ലിയും അജിന്‍ക്യാ രഹാനെയും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ മധ്യനിര കൂട്ടുകെട്ടുകളിലൊന്നാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യയെ കരകയറ്റുന്നതില്‍ ഇരുവരും നിര്‍ണായക പങ്കുവഹിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം 67 ഇന്നിങ്സുകളില്‍ നിന്ന് 3,661 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 56.32 ശരാശരിയുള്ള ഇവരുടെ പേരില്‍ 10 സെഞ്ച്വറി കൂട്ടുകെട്ടുകളും 17 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളും ഉണ്ട്.

2016ല്‍ ഇന്‍ഡോറില്‍ ന്യൂസിലന്‍ഡിനെതിരെ നാലാം വിക്കറ്റില്‍ നേടിയ 365 റണ്‍സാണ് ഇവരുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്തവും വിജയകരവുമായ ബാറ്റിങ് സഖ്യങ്ങളിലൊന്നായി കോഹ്‌ലി രഹാനെ കൂട്ടുകെട്ട് ഇന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രയ്ക്ക് അടുത്തിടെ വിരാമമിട്ടിരുന്നു. രഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ നിന്നും 144 ഇന്നിങ്സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് അക്കൗണ്ടില്‍ ഉള്ളത്.

Content Highlight: Ajinkya Rahane Talking About Virat Kohli

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ