ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്.
കൊല്‍ക്കത്തയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനമാണ് 22കാരനായ അംഗൃഷ് രഘുവംശി കാഴ്ചവെച്ചത്. ഫിന്‍ അലനെ ഒമ്പത് റണ്‍സിന് നഷ്ടമായതിന് ശേഷം ക്രീസിലെത്തിയ രഘുവംശി 33 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 45 റണ്‍സ് നേടിയാണ് മടങ്ങിയത്.
കൂടെ ഓപ്പണറും ക്യാപ്റ്റനുമായ അജിന്‍ക്യ രഹാനെ 24 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 41 റണ്‍സും നേടി. 170.83 എന്ന സ്‌ട്രൈക്കറ്റ് റേറ്റിലായിരുന്നു രഹാനെ ബാറ്റ് വീശിയത്. മാത്രമല്ല അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നതോടെ ഒരു നിര്‍ഭാഗ്യത്തിന്റെ റെക്കോഡ് ലിസ്റ്റിലും രഹാനെ പേര് ചേര്‍ത്തിരിക്കുകയാണ്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 40കളില്‍ പുറത്താകുന്ന അഞ്ചാമത്തെ താരമാകുകയാണ് രഹാനെ. ഈ ലിസ്റ്റില്‍ മുന്നിലുള്ളത് രോഹിത് ശര്‍മയാണ്. 22 തവണയാണ് താരം 40കളില്‍ പുറത്തായത്.
അവസാന ഘട്ടത്തില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയത് റോവ്മാന്‍ പവലും കാമറൂണ്‍ ഗ്രീനുമാണ്. 24 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടി പവലും 24 പന്തില്‍ 32* റണ്‍സ് നേടി ഗ്രീനും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.