വിജയത്തിലും കരഞ്ഞ് രഹാനെ; മക്‌സ്‌വെല്‍ വാഴുന്ന നാണക്കേടില്‍ മുന്നേറി കൊല്‍ക്കത്ത ക്യാപ്റ്റന്‍!
Cricket
വിജയത്തിലും കരഞ്ഞ് രഹാനെ; മക്‌സ്‌വെല്‍ വാഴുന്ന നാണക്കേടില്‍ മുന്നേറി കൊല്‍ക്കത്ത ക്യാപ്റ്റന്‍!
ശ്രീരാഗ് പാറക്കല്‍
Monday, 20th April 2026, 8:16 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിജയം സ്വന്തമാക്കിയിരുന്നു. കരുത്തരായ രാജസ്ഥാന്‍ റോയല്‍സിനെ നാല് വിക്കറ്റുകള്‍ക്കാണ് കെ.കെ.ആര്‍ തകര്‍ത്തത്. ഇതോടെ സീസണിലെ ആദ്യ വിജയം രേഖപ്പെടുത്താന്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് സാധിച്ചു.

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ പൂജ്യം റണ്‍സിനാണ് കൂടാരം കയറിയത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും താരത്തിന് താളം കണ്ടെത്താനായിട്ടില്ല. മാത്രമല്ല മത്സരത്തിലെ ഡക്കിന് പുറമെ ഒരു മോശം റെക്കോഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് രഹാനെ. ഐ.പി.ല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ താരങ്ങളുടെ ലിസ്റ്റില്‍ നാലാമനാകാനാണ് രഹാനെയ്ക്ക് സാധിച്ചത്. ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ഈ ലിസ്റ്റില്‍ മുന്നിലുള്ളത്.അജിന്‍ക്യ രഹാനെ

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ താരങ്ങള്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 19

ദിനേശ് കാര്‍ത്തിക് – 18

സുനില്‍ നരെയ്ന്‍ – 18

രോഹിത് ശര്‍മ – 18

പിയൂഷ് ചൗള – 16

റാഷിദ് ഖാന്‍ – 16

അജിന്‍ക്യ രഹാനെ – 15

മന്ദീപ് സിങ് – 15

മനീഷ് പാണ്ഡേ – 14

അമ്പാട്ടി റായിഡു – 14

മത്സരത്തില്‍ ഒരു ഘട്ടത്തില്‍ തകര്‍ച്ചയിലെത്തിയ കൊല്‍ക്കത്തയെ റിങ്കു സിങ്ങും അനുകുല്‍ റോയിയും ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരിക്കുന്നു. 34 പന്തുകളില്‍ നിന്നും പുറത്താവാതെ 53 റണ്‍സ് നേടിയാണ് റിങ്കു തിളങ്ങിയത്. അഞ്ച് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. അനുകൂല്‍ റോയ് 29 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

രാജസ്ഥാന്റെ ബൗളിങ് നിരയില്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍, യാഷ് പുഞ്ച, രവി ബിഷ്ണോയ്, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് വൈഭവ് സൂര്യവംശിയും യശ്വസി ജെയ്‌സ്വാളുമാണ്. വൈഭവ് 28 പന്തില്‍ 46 റണ്‍സാണ് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ജെയ്‌സ്വാള്‍ 29 പന്തില്‍ നാല് ഫോറുകളും രണ്ട് സിക്‌സും അടക്കം 39 റണ്‍സും സ്വന്തമാക്കി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി, കാര്‍ത്തിക് ത്യാഗി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചു. സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Ajinkya Rahane In Unwanted Record Achievement In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ