ഖദര്‍ ഉപേക്ഷിക്കുന്ന യുവ നേതാക്കളുടേത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമെന്ന് അജയ് തറയില്‍; പണച്ചെലവുള്ള കാര്യമാണെന്ന് യുവ നേതാക്കള്‍; കോണ്‍ഗ്രസില്‍ ഖദര്‍ തര്‍ക്കം
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഖദര്‍ വസ്ത്രം ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയിലാണ് ഇത്തരത്തിലൊരു ചര്‍ച്ചക്ക് തുടക്കമിട്ടത്. ഖദര്‍ ഉപേക്ഷിക്കുന്ന യുവാക്കളുടെ നിലപാട് കോണ്‍ഗ്രസിന്റെ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നാണ് അജയ് തറയില്‍ പറഞ്ഞത്. മതേതരത്വവും ഖദറുമാണ് കോണ്‍ഗ്രസിന്റെ അസ്ഥിത്വമെന്നും മുതലാളിത്വത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധമാണ് ഖദര്‍ എന്നും അജയ് തറയില്‍ പറയുന്നു.
ഖദര്‍ ഇടാത്തതാണ് ന്യൂജന്‍ എന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും യുവനേതാക്കളെ ലക്ഷ്യംവെച്ചുകൊണ്ട് അജയ് തറയില്‍ പറയുന്നു. ഖദര്‍ ഉപേക്ഷിച്ചുകൊണ്ട് നമ്മളെന്തിനാണ് ഡി.വൈ.എഫ്.ഐക്കാരെ അനുകരിക്കുന്നതെന്നും അത് കാപട്യമാണെന്നും അജയ് തറയില്‍ വ്യക്തമാക്കി. യുവതലമുറക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്ററിലാണ് അജയ് തറയില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ അജയ് തറയിലിനോട് സൗഹാര്‍ദപൂര്‍വം വിയോജിക്കുന്ന നിലപാടാണ് യുവനേതാക്കള്‍ കൈക്കൊണ്ടിട്ടുള്ളത്. ഖദര്‍ ധരിക്കുന്നത് പണച്ചെലവുള്ള കാര്യമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് അബിന്‍ വര്‍ക്കിയിലും മുന്‍ എം.എല്‍.എ കെ.എസ്. ശബരീനാഥനും പറയുന്നത്. ഖദറിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ അജയ് തറയില്‍ പറഞ്ഞ ഇക്കാര്യത്തോട് വിയോജിക്കുകയാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
രാഹുല്‍ ഗാന്ധി പോലും ടീ ഷര്‍ട്ട് ധരിച്ചാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയവും ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖാദിയും ഖദറും കോണ്‍ഗ്രസിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും അടയാളമാണെന്നും എന്നാല്‍ ഇന്ന് ഒരു ദിവസം വെള്ള ഖദര്‍ ധരിക്കണമെങ്കില്‍ 150 രൂപ ചെലവാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
വസ്ത്രം ഏതായാലും മനസ് നന്നായാല്‍ മതിയെന്നാണ് ഈ വിഷയത്തോട് കെ.എസ്. ശബരീനാഥന്‍ പ്രതികരിച്ചത്. മാത്രവുമല്ല, അബിന്‍ വര്‍ക്കി പറഞ്ഞത് പോലെ ഖദര്‍ ഉപയോഗിക്കുന്നതിനുള്ള ചെലവിനെ കുറിച്ചും പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചും ശബരീനാഥന്‍ പറയുന്നു.
തൂവെള്ള ഖദര്‍ വസ്ത്രത്തെ ഗാന്ധിയന്‍ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും ഒരു ഖദര്‍ ഡ്രൈക്ലീന്‍ ചെയ്യുന്ന പണം കൊണ്ട് അഞ്ച് കളര്‍ ഷര്‍ട്ട് ഇസ്തിരിയിട്ടെടുക്കാമെന്നും ശബരീനാഥന്‍ പറയുന്നു. ഖദര്‍ ഷര്‍ട്ട് വീട്ടില്‍ കഴുകി ഇസ്തിരിയിടാന്‍ ബുദ്ധിമുട്ടാണെന്നും എന്നാല്‍ കളര്‍ വസ്ത്രം അത്തരത്തില്‍ ചെയ്യാന്‍ എളുപ്പമാണെന്നും ശബരീനാഥന്‍ പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴയില്‍ നടത്തിയ പഠനക്യാമ്പില്‍ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് പ്രവര്‍ത്തകരോട് അഭിപ്രായം ആരാഞ്ഞപ്പോഴും ഖദര്‍ ധരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടിനെ കുറിച്ച് പറയുന്നുണ്ട്. ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ കൂടുതല്‍ എളുപ്പം ഖദറല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുമ്പോഴാണെന്നും ഖദര്‍ ധരിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് ഒരു അകലം അനുഭവപ്പെടുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം ഡല്‍ഹിയിലെ പ്രത്യേക കാലാവസ്ഥ കാരണമാണ് രാഹുല്‍ ഗാന്ധി ടീഷര്‍ട്ട് ഉപയോഗിക്കുന്നതെന്ന് യുവനേത്താകള്‍ക്കുള്ള മറുപടിയായി അജയ് തറയില്‍ ഇന്ന് പറഞ്ഞു. ന്യൂസ് 18 കേരളക്ക് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
CONTENT HIGHLIGHTS: Ajay Tharayil says that young leaders who leave Khadar are running away from values; Youth leaders say that it is a matter of money; Khadar controversy in Congress