എല്ലാ സിനിമകളും ദൃശ്യമല്ല; അജയ് ദേവ്ഗണിന്റെ ട്വീറ്റിന് താഴെ ആരാധകരുടെ കമന്റ് മഴ
Entertainment news
എല്ലാ സിനിമകളും ദൃശ്യമല്ല; അജയ് ദേവ്ഗണിന്റെ ട്വീറ്റിന് താഴെ ആരാധകരുടെ കമന്റ് മഴ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th December 2022, 12:31 pm

1991ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണ്‍ സിനിമയാണ് ‘ഫൂല്‍ ഓര്‍ കാണ്ടെ’. ഇതില്‍ രണ്ട് ബൈക്കുകളില്‍ കാല്‍ സ്പ്ലിറ്റ് ചെയ്തുള്ള അജയ് ദേവ്ഗണിന്റെ ഇന്‍ഡ്രോ സീന്‍ ഇന്നും ക്ലാസിക് രംഗമായി തന്നെ ബോളിവുഡില്‍ കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ തന്റെ ആദ്യചിത്രത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയാണ് അജയ് ദേവ്ഗണ്‍.

താന്‍ പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ ക്ലിപ്പ് ട്വീറ്റ് ചെയ്ത് താരം പ്രേക്ഷകരോടായി ഒരു ചോദ്യം ചോദിച്ചിരുന്നു. ‘ഫൂല്‍ ഓര്‍ കാണ്ടെ റിട്ടേണ്‍സിന് നല്ലൊരു സമയമാണോ ഇത്. നിങ്ങള്‍ എന്താണ് വിചാരിക്കുന്നത്’ എന്നാണ് താരം പ്രേക്ഷകരോടായി ചോദിച്ചത്. ഈ ചോദ്യത്തിന് പല തരത്തിലുള്ള മറുപടികളുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

 

എല്ലാ പടങ്ങളും ദൃശ്യമല്ലെന്നാണ് ു ഒരു ആരാധകന്‍ കമന്റില്‍ പറഞ്ഞിരിക്കുന്നത്. റീമേക്കിനേക്കാള്‍ നല്ലത് രണ്ടാം ഭാഗമായിരിക്കുമെന്ന് പറഞ്ഞവരുമുണ്ട്. അതേസമയം ട്വീറ്റ് ചെയ്ത വീഡിയോയില്‍, അഭിമുഖം നടത്തുന്നയാള്‍ അജയ് ദേവഗണിന്റെ കരിയറില്‍ റീമേക്ക് ചെയ്യേണ്ട സിനിമകളുണ്ടോ എന്നാണ് ചോദിക്കുന്നത്.

ഫൂല്‍ ഓര്‍ കാണ്ടെ ആരെങ്കിലും റീമേക്ക് ചെയ്താല്‍ നന്നാകുമെന്നാണ് താരം മറുപടി പറഞ്ഞത്. തുടര്‍ന്ന് ബൈക്കില്‍ കാല്‍ സ്പ്ലിറ്റ് ചെയ്തുള്ള അജയ് ദേവ്ഗണിന്റെ ഇന്‍ഡ്രോ സീന്‍ ഇപ്പോഴും ചെയ്യാന്‍ പറ്റുമോയെന്നും അവതാരകന്‍ ചോദിച്ചു. അത്തരം രംഗം ഇപ്പോള്‍ ചെയ്യണമെങ്കില്‍ ചിലപ്പോള്‍ ഒരു മാസത്തെ പരിശീലനമെങ്കിലും വേണ്ടി വരും, എന്നാലും ശ്രമിച്ച് നോക്കാമെന്നും അജയ് ദേവ്ഗണ്‍ മറുപടി പറഞ്ഞു.

കുക്കു കോഹ്ലി സംവിധാനം ചെയ്ത ഫൂല്‍ ഔര്‍ കാണ്ടെ എന്ന 1991ലെ ചിത്രത്തില്‍ അരുണ ഇറാനി, ജഗ്ദീപ്, അംരീഷ് പുരി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. വലിയ വാണിജ്യ വിജയമായ ചിത്രം അജയ് ദേവ്ഗണിന് ബോളിവുഡില്‍ വലിയ ബ്രേക്ക് നല്‍കി.

അതേസമയം ദൃശ്യം 2വാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. മലയാളത്തില്‍ നിന്നും റീമേക്ക് ചെയ്ത സിനിമ ബോക്‌സ് ഓഫിസില്‍ വലിയ തരംഗം സൃഷ്ടിച്ച് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.അജയ് ദേവ്ഗണും തബുവും ശ്രിയ ശരണും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: ajay devgan share a video