ന്യൂദൽഹി: അനുമതിയില്ലാതെ തന്റെ പേര്, ചിത്രങ്ങൾ, വ്യക്തിത്വം, എ.ഐ നിർമിത ചിത്രങ്ങൾ എന്നിവ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ ദൽഹി ഹൈക്കോടതിയിൽ ഹരജി നൽകി
ബോളിവുഡ് താരം ഐശ്വര്യറായ്.
തന്റെ വ്യക്തിത്വവും സ്വകാര്യതയും സംരക്ഷിക്കണമെന്ന ആവശ്യത്തിലാണ് നടി ഹരജി നൽകിയിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായ് തന്റെ ചിത്രങ്ങളും ശബ്ദങ്ങളും ഉപയോഗിക്കുന്നതിനെതിരെയും ഹരജിയിൽ പറയുന്നു.
അഭിഭാഷകനായ സന്ദീപ് സേഥിയാണ് ഐശ്വര്യ റായിക്കുവേണ്ടി കോടതിയിൽ ഹാജരായത്.
‘ഐശ്വര്യ റായിയുടെ എന്ന പേരിൽ മോർഫ് ചെയ്ത ചിത്രങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ യൂട്യൂബിൽ പ്രചരിക്കുന്നുണ്ട്. അതൊന്നും യഥാർഥ ചിത്രങ്ങളല്ല. ആ ചിത്രങ്ങൾ തന്റേതാണെന്ന് അവർ അംഗീകരിച്ചിട്ടുമില്ല. എല്ലാം എ.ഐ നിർമിതമാണ്. ചിലരുടെ ലൈംഗിക താത്പര്യങ്ങൾ നിറവേറ്റാനായി അവരുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുക എന്നത് ദൗർഭാഗ്യകരമാണ്’ സന്ദീപ് സേഥി മാധ്യമങ്ങളോട് പറഞ്ഞു.
ഹരജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി അടുത്ത വർഷം ജനുവരി 15ലേക്ക് മാറ്റിവെച്ചു.
വ്യക്തിത്വത്തെയും വ്യക്തിഗത അവകാശങ്ങളെയും സംരക്ഷിക്കുന്നതിനായി ദൽഹി ഹൈക്കോടതി ഇടക്കാല ഉത്തരവ് ഉടനെ പുറപ്പെടുവിക്കും. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
വിവിധ സ്ഥാപനങ്ങളും നിരവധി വെബ്സൈറ്റുകളും നടിയുടെ സമ്മതമില്ലാതെ പേര്, ചിത്രം, ശബ്ദം എന്നിവ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയുമെന്ന് കോടതി അറിയിച്ചു. യു.ആർ.എൽ ഉൾപ്പടെയുള്ളവ നീക്കം ചെയ്യുമെന്നും കോടതി അറിയിച്ചു.
ആദ്യമായല്ല ഒരു ബോളിവുഡ് താരം തന്റെ വ്യക്തിത്വത്തിന്റെയും അവകാശങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ, ബോളിവുഡ് വെറ്ററൻ ജാക്കി ഷ്രോഫും, 2022 നവംബറിൽ നടൻ അമിതാഭ് ബച്ചനും 2023 ൽ നടൻ അനിൽകപൂറും വ്യക്തിഗത അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അനധികൃത ചൂഷണം വഴി ഇത്തരത്തിൽ വാണിജ്യ നേട്ടം ഉണ്ടാക്കുന്നുവെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
Content Highlight: Aishwarya Rai files petition in High Court over misuse of her name and pictures without permission