പണ്ഡിതന് തെറ്റുപറ്റിയാല്‍ അത് തിരുത്തണം, അല്ലെങ്കില്‍ അത് തെറ്റിദ്ധാരണയായി സമൂഹത്തില്‍ ഉണ്ടാകും: ഐഷ സുല്‍ത്താന
Kerala News
പണ്ഡിതന് തെറ്റുപറ്റിയാല്‍ അത് തിരുത്തണം, അല്ലെങ്കില്‍ അത് തെറ്റിദ്ധാരണയായി സമൂഹത്തില്‍ ഉണ്ടാകും: ഐഷ സുല്‍ത്താന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2022, 5:46 pm

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പൊതുവേദിയില്‍ അപമാനിച്ച ഇ.കെ സമസ്ത നേതാവിനെതിരെ വിമര്‍ശനവുമായി ഐഷ സുല്‍ത്താന. ഒരു മുസ്‌ലിം പെണ്‍കുട്ടിയെ വേദിയില്‍ നിന്നും മാറ്റിനിര്‍ത്താനുള്ള അധികാരം ആര്‍ക്കുമില്ലെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നുമാണ് ഐഷ സുല്‍ത്താന പറയുന്നത്.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു വിഷയത്തിലെ തന്റെ നിലപാട് ഐഷ വ്യക്തമാക്കിയത്.

ഇസ്‌ലാം മതത്തില്‍ സ്ത്രീകളുടെ അവകാശത്തെ കുറിച്ചും സ്വാതന്ത്യത്തെ കുറിച്ചും പറയുന്നുണ്ടെന്നും അതിനാല്‍ തന്നെ അവരെ പൊതുവേദിയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഐഷ ചോദിക്കുന്നു.

‘മതമാണ് പ്രശ്‌നമെങ്കില്‍ ഇസ്‌ലാം മതത്തില്‍ സ്ത്രീയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും പറ്റി പറയുന്നത് എങ്ങനെയെന്നുള്ളത് അറിയില്ലേ?
1: സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണെന്നാണ് ഇസ്‌ലാമില്‍ പറയുന്നത്.
2: ഇസ്‌ലാമില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ്.
3: സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും ഇസ്‌ലാം മതത്തില്‍ പഠിപ്പിക്കുന്നു.
4: ഒരു സ്ത്രീ കല്യാണം കഴിക്കുവാണേല്‍ അവളുടെ ഭര്‍ത്താവ് ആരാകണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും ആ സ്ത്രീക്ക് മാത്രമാണ്.
ഇത്രയും അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് ഇസ്‌ലാം മതം കൊടുക്കുമ്പോള്‍, വേദിയില്‍ നിന്നും പെണ്‍കുട്ടികളെ മാറ്റി നിര്‍ത്തണം എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് അവിടെ പറഞ്ഞത്?’ ഐഷ പോസ്റ്റില്‍ കുറിക്കുന്നു.

പണ്ഡിതന് ഒരു തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്തേണ്ടതാണെന്നും അല്ലാത്തപക്ഷം അത് സമൂഹത്തിലെ ആളുകള്‍ക്കിടയില്‍ അതൊരു തെറ്റിദ്ധാരണയായി എന്നും ഉണ്ടാകുമെന്നും ഐഷ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ വെച്ച് ഇ.കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ അപമാനിച്ചത്.

ഒരു മദ്റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ ചൊടിപ്പിച്ചത്.

‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്ലിയാര്‍ പരസ്യമായി മൈക്കിലൂടെ വിളിച്ചുപറയുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു.

ഇതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനമായിരുന്നു മുസ്‌ലിയാര്‍ക്കെതിരെ ഉയര്‍ന്നുവന്നത്.

 

Content Highlight: Aisha Sultana responds to EK Samastha leader Abdullah Musliyar who insulted a first class student in public.