AISF നേതാവ് നിമിഷ രാജു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി; ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നേതാവ്
Kerala
AISF നേതാവ് നിമിഷ രാജു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി; ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th November 2025, 9:43 pm

കൊച്ചി: എ.ഐ.എസ്.എഫ് ജോയിന്റ് സെക്രട്ടറി അഡ്വ. നിമിഷ രാജു പറവൂര്‍ ബ്ലോക്കില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കെടാമംഗലം ഡിവിഷനില്‍ നിന്നാണ് നിമിഷ മത്സരിക്കുക.

മുമ്പ് നിമിഷ രാജു മുന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്‌ക്കെതിരെ അധിക്ഷേപ പരാതി നല്‍കിയിരുന്നു.

2021 ഒക്ടോബറില്‍ എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി നിമിഷ രംഗത്തെത്തിയിരുന്നു.

എന്നാല്‍, നിമിഷ വ്യജപരാതിയാണ് നല്‍കിയതെന്ന് അക്കാലത്ത് തന്നെ പാര്‍ട്ടി സ്ഥിരീകരിച്ചതാണെന്ന് മുന്‍എ.ഐ.എസ്എഫ് നേതാക്കള്‍ തുറന്നുപറഞ്ഞിരുന്നു.

വ്യാജപരാതിയിലൂടെ ആര്‍ഷോയോട് വ്യക്തി വൈരാഗ്യം തീര്‍ത്തതാണെന്ന് സി.പി.ഐ നേതാവായിരുന്ന കാനം രാജേന്ദ്രന്‍ തന്നെ എ.ഐ.എസ്.എഫ് കൗണ്‍സില്‍ യോഗത്തില്‍ വിശദീകരിച്ചിരുന്നെന്ന് മുന്‍നേതാക്കള്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.

എ.എ സഹദ്, അസ്‌ലഹ് പാറേക്കാടന്‍ തുടങ്ങിയ മുന്‍ എ.എസ്.എഫ്.ഐ നേതാക്കളാണ് നിമിഷയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

വനിതാ നേതാവ് നടത്തിയത് നാറിയ നാടകമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നെന്നും എന്നാല്‍ അക്കാര്യം എ.ഐ.എസ്എഫ്-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും വിശദീകരിക്കാനായില്ലെന്നും താന്‍ അതില്‍ പ്രതിഷേധിച്ചാണ് രാജി വെച്ചതെന്നും എ.എ. സഹദ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


അതേസമയം, എ.ഐ.എസ്.എഫ് സംസ്ഥാന ഭാരവാഹിയാകാന്‍ മനക്കോട്ട കെട്ടിയാണ് അന്ന് വനിതാ സഖാവ് ആര്‍ഷോയ്‌ക്കെതിരെ വ്യാജപരാതി ഉന്നയിച്ചതെന്നാണ് അസ്‌ലഫ് പാറേക്കാടന്റെ വെളിപ്പെടുത്തല്‍.

അന്ന് അടി നടന്നപ്പോള്‍ കൂടെയുള്ള സഖാക്കളെ തിരിഞ്ഞുനോക്കാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കിട്ടുന്ന പബ്ലിസിറ്റി മുതലെടുക്കാനാണ് നിമിഷ ശ്രമിച്ചതെന്നും അസ്‌ലഫ് പറഞ്ഞിരുന്നു.

Content Highlight: AISF leader Nimisha Raju is LDF candidate; Woman leader files complaint against PM Arsho