ന്യൂദല്‍ഹി: വായു മലിനീകരണവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ഇന്ത്യയ്ക്ക് ബാധകമല്ലെന്ന് കേന്ദ്രം. ഡബ്ല്യൂ.എച്ച്.ഒ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ വെറും മാര്‍ഗരേഖ മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
ഇന്ന് (വ്യാഴം) നടന്ന രാജ്യസഭാ സമ്മേളനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് വായു മലിനീകരണത്തെ കുറിച്ച് സംസാരിച്ചത്. ഏറ്റവും മലിനമായ നഗരങ്ങളെ കണ്ടെത്തുന്നതും ആഗോള റാങ്കിങ് നല്‍കുന്നതും ഔദ്യോഗികമായ സംഘടനകളോ സ്ഥാപനങ്ങളോ അല്ലെന്നും മന്ത്രി പറഞ്ഞു.
സി.പി.ഐ.എം എം.പി വി. ശിവദാസന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കീര്‍ത്തി വര്‍ധന്‍ സിങ്. ജനങ്ങളുടെ പ്രതിരോധ ശക്തി, പരിസ്ഥിതി, ഭൂമിശാസ്ത്രം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, ദേശീയ സാഹചര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് ഓരോ രാജ്യവും വായു മലിനീകരണം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതെന്നും കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.
ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലും ഇന്ത്യയിലെ വായു മലിനീകരണം ചര്‍ച്ചയായിരുന്നു. വായുമലിനീകരണം മൂലമുണ്ടാകുന്ന മരണമോ രോഗമോ തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ നിര്‍ണായകമായ ഒരു ഡാറ്റയുമില്ലെന്നാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവ് പാര്‍ലമെന്റിനെ അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്പനിയായ ഐക്യുഎയര്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് പ്രകാരം, 2024ല്‍ ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13 എണ്ണം ഇന്ത്യയിലാണ്.
മാത്രമല്ല സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിന്റെ വിശകലനം അനുസരിച്ച്, യു.പിയിലെ ഗാസിയാബാദാണ് ഇന്ത്യയിലെ ഏറ്റവും മലിനപ്പെട്ട നഗരം. നവംബറിലെ 30 ദിവസവും ഗാസിയാബാദിലെ മലിനീകരണ തോത് ദേശീയ മാനദണ്ഡങ്ങള്‍ക്കും മുകളിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ മലിനപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ തലസ്ഥാനഗരമായ ദല്‍ഹി നാലാം സ്ഥാനത്താണ്. മേഘാലയിലെ ഷില്ലോങ് ആണ് ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വായു നിലവാരമുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ തിരുവനന്തപുരവും ഇടംപിടിച്ചിരുന്നു.
Content Highlight: Air pollution; WHO guidelines not applicable to India, says Centre