മുംബൈ: മുംബൈ നഗരത്തിന്റെ വായു ഗുണനിലവാരം താഴുന്നതില്‍ സര്‍ക്കാര്‍ നടപടികളെ കുറ്റപ്പെടുത്തി പ്രതിപക്ഷം. മുംബൈയില്‍ വായു മലിനീകരണം വഷളായിക്കൊണ്ടിരിക്കുമ്പോള്‍ ആവശ്യമായ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനും (ബി.എം.സി)മടിക്കുകയാണെന്ന് കോണ്‍ഗ്രസും ശിവസേന(യു.ബി.ടി)യും കുറ്റപ്പെടുത്തി.
വായു മലിനീകരണം മുംബൈയുടെ ഭാവിയെ ആശങ്കയിലാക്കുകയാണ്. നഗരത്തിന്റെ വായു ഗുണനിലവാരത്തിന്റെ എ.ക്യു.ഐ ലെവലുകള്‍ എപ്പോഴും 150-200നും ഇടയിലാണെന്ന് കോണ്‍ഗ്രസ് എം.പി വര്‍ഷ ഗെയ്ക്‌വാദ് ചൂണ്ടിക്കാണിച്ചു. ദിയോനാര്‍, വഡേല തുടങ്ങിയ മേഖലകള്‍ അപകടകരമെന്ന നിലയിലേക്ക് കടന്നെന്നും വര്‍ഷ പറഞ്ഞു.
എ.ക്യു.ഐയുടെ കാര്യത്തില്‍ മുംബൈ ദല്‍ഹിയുമായി മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. PM 2.5ഉം P.M 10ഉം വളരെ ഉയര്‍ന്ന നിലയിലാണ്. ഒരു മുംബൈക്കാരന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം അഞ്ച് മുതല്‍ ഏഴ് വര്‍ഷം വരെ കുറയുന്നുവെന്നും അവര്‍ പറഞ്ഞു. കുട്ടികളും മുതിര്‍ന്ന പൗരന്മാരുമാണ് ദുരിതമനുഭവിക്കുന്നതെന്നും വര്‍ഷ വിശദീകരിച്ചു.
വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി പങ്കജ് മുണ്ടെയ്ക്കും ബി.എം.സി കമ്മീഷണര്‍ക്കും കത്തെഴുതുമെന്നും എം.പി പറഞ്ഞു.
അതേസമയം, വിഷയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സംസ്ഥാന സര്‍ക്കാരിനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പറഞ്ഞു.
സംസ്ഥാനം വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടു. ബി.എം.സി വായു ഗുണനിലവാര നിരീക്ഷണ സെന്‍സറുകള്‍ അപര്യാപ്തമാണെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. മാലിന്യക്കൂമ്പാരങ്ങള്‍ക്ക് തീ പിടിക്കുന്നത് തുടരുകയാണെന്നും സച്ചിന്‍ വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെത് ശാസ്ത്രീയമായ സമീപനമല്ലെന്ന് ശിവസേന (യു.ബി.ടി) എം.പി അരവിന്ദ് സാവന്തും വിമര്‍ശിച്ചു. നഗരത്തിന്റെ ശ്വാസകോശമായ വനങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിച്ച തങ്ങളെ ബി.ജെ.പി വികസന വിരുദ്ധരെന്ന് വിളിക്കുകയാണ് ചെയ്തതെന്ന് അരവിന്ദ് ആരോപിച്ചു.
നേരത്തെ, മുംബൈ നഗരത്തിലെ വായു മലിനീകരണം ഉയരുന്നതുമായി ബന്ധപ്പെട്ട് ബി.എം.സി, മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അമിക്കസ്‌ക്യൂറി തുടങ്ങിയവര്‍ പരസ്പര വിരുദ്ധമായ അവകാശവാദങ്ങള്‍ ഉന്നയിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു.