ഇന്ത്യയിലെ മുസ്‌ലിങ്ങളോട് ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്; ബുള്‍ഡോസര്‍ രാജിനെതിരെ ഉവൈസി
national news
ഇന്ത്യയിലെ മുസ്‌ലിങ്ങളോട് ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്; ബുള്‍ഡോസര്‍ രാജിനെതിരെ ഉവൈസി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th April 2022, 8:12 am

ഹൈദരാബാദ്: ദല്‍ഹിയിലും മധ്യപ്രദേശിലും മുസ്‌ലിങ്ങളുടെ വീടുകളും വ്യപാരകേന്ദ്രങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ആളുകള്‍ എന്നെ വിളിച്ച് തങ്ങളോട് ചെയ്യുന്ന അതിക്രമങ്ങളെ കുറിച്ചും അവരുടെ ഗ്രാമങ്ങളും കടകളും തകര്‍ക്കപ്പെടുന്നതിനെ കുറിച്ചും പറയുന്നു. ആരും പ്രതീക്ഷ കൈവിടരുത്, വിഷമിക്കരുത്. നമ്മള്‍ അതിനെ ക്ഷമയോടെ നേരിടും, പക്ഷേ ഒരിക്കലും മറ്റൊരു വീട് നശിപ്പിക്കരുത്,’ ഉവൈസി പറഞ്ഞു.

റംസാനിലെ അവസാന വെള്ളിയാഴ്ച ഹൈദരാബാദിലെ മക്ക മസ്ജിദിന് സമീപം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത സംഭവങ്ങളെക്കുറിച്ച് സംസാരിക്കവെ ഉവൈസി വികാരാധീനനായി.

‘ഈ വിദ്വേഷം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇത് രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. നിങ്ങളുടെ പാര്‍ട്ടിയും നിങ്ങളുടെ സര്‍ക്കാരും, ഭരണവും ഇന്ത്യന്‍ മുസ് ലങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞങ്ങളും ഈ രാജ്യത്ത് മാന്യമായി ജീവിക്കുന്ന പൗരന്മാരാണ്. ഞങ്ങളുടെ ജീവിതവും പ്രധാനപ്പെട്ടതാണ്.

ഞങ്ങള്‍ മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ തലകുനിക്കില്ല. ഞങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ തലകുനിക്കുന്നവരാണ്. ഞങ്ങള്‍ക്ക് അല്ലാഹു മതി. മരണത്തെ ഭയക്കാത്തതിനാല്‍ മുസ്‌ലിങ്ങള്‍ തങ്ങളുടെ ഭൂമി വിട്ടുപോകില്ല.

അല്ലാഹു ജീവനെടുത്താല്‍ ഞങ്ങള്‍ മരിക്കും, അവന്‍ എടുത്തില്ലെങ്കില്‍ ഞങ്ങള്‍ ജീവിക്കും. ഞങ്ങള്‍ കാത്തിരിക്കും, നിങ്ങള്‍ ഞങ്ങളുടെ വീട് തകര്‍ത്തു, പക്ഷേ അല്ലാഹു കാത്തിരിക്കില്ല. ദല്‍ഹിയില്‍ എന്ത് സംഭവിച്ചാലും ഞങ്ങള്‍ ഒരുമിച്ച് വന്ന് അവരെ സഹായിക്കും. അവരെ സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ കാര്യമില്ല,’ ഉവൈസി പറഞ്ഞു.

‘ബി.ജെ.പി മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ തരംഗം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നിങ്ങള്‍ ക്ഷമയോടെയിരിക്കണം. നിങ്ങള്‍ ശക്തരായിരിക്കണം. ഈ അനീതിക്കെതിരെ ഭരണഘടനാപരമായി, നിയമത്തിന്റെ പാതയില്‍ പോരാടണം.

ഞങ്ങള്‍ ആയുധമെടുക്കെന്നത് വരെ അടിച്ചമര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നു. എന്നാല്‍ ഞങ്ങളുടെ ആയുധങ്ങള്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? ദുആ മാത്രം തേടുന്ന കൈകളാണ് ഞങ്ങളുടെ ആയുധം, ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: AIMIM leader Azaduddin Owaisi slams at  destroying Muslim homes using bulldozers