എഡിറ്റര്‍
എഡിറ്റര്‍
മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് കോഴിക്കോട് എയിംഫില്‍ അക്കാദമി; വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുന്നതായും പരാതി
എഡിറ്റര്‍
Friday 21st April 2017 2:05pm

കോഴിക്കോട്: വ്യോമയാന മേഖലയില്‍ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ കബളിപ്പിച്ച് കോഴിക്കോട് എയിംഫില്‍ അക്കാദമി.

വ്യോമയാന മേഖലയില്‍ ബി.ബി.എ എം.ബി.എ ബിരുദങ്ങള്‍ വാഗ്ദാനം ചെയ്താണ് എയിംഫില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കപ്പെടാതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്ഥാപനത്തിനെതിരെ രംഗത്ത് വന്നത്.

സ്ഥാപനത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കടുത്ത നടപടിയാണ് അക്കാദമി എടുത്തത്. സ്ഥാപനത്തിന്റെ തട്ടിപ്പ് പുറത്ത് പറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് വക്കീല്‍ നോട്ടീസയച്ചും സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കാതെയുമാണ് സ്ഥാപനം വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നത്.

സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തി, സ്ഥാപന ഉടമയുടെ പേര് മോശമാക്കി എന്ന് കാണിച്ച് ഓരോ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും അഞ്ച് കോടി രൂപയാണ് നഷ്ടപരിഹാരമായി ചോദിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇതിന് പുറമെ അക്കാദമി തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കുന്നുവെന്ന പരാതിയും വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നു. സ്ഥാപനം തുറന്ന് വെച്ച് അവര്‍ പുതിയ അഡ്മിഷന്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണെന്നും പുതിയ കുട്ടികളൊന്നും ഇവിടെ ഈ ചതിയില്‍ വന്നുപെടരുതെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.


Dont Miss പുലിമുരുകനെതിരായി നിലപാടെടുത്തിന്റെ പേരില്‍ തനിക്കെതിരെ നടന്നത് സംഘടിതമായ ആക്രമണം; ഷാനി പ്രഭാകര്‍ 


നേരത്തെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ സ്ഥാപനത്തിനെതിരെ കേസെടുക്കുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്തിരുന്നു. ഇതേ സ്ഥാപനത്തിനെതിരെ കൊച്ചിയിലും വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു.

അതിനിടെ സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടക്കാവ് എസ്.ഐയെ സ്ഥലം മാറ്റുകയും അന്വേഷണം ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഇതോടെ എയിംഫിലിനെതിരായ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ഭയത്തിലാണ് തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികള്‍.

Advertisement