ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. 54 റണ്‍സിനാണ് ശ്രേയസ് അയ്യരും സംഘവും സീസണിലെ തങ്ങളുടെ അഞ്ചാം വിജയം ആഘോഷിച്ചത്.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് ലഖ്നൗവിനെതിരെ അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ എല്‍.എസ്.ജിയ്ക്ക് വേണ്ടി ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത് പ്രിന്‍സ് യാദവ് മാത്രമാണ്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. എം. സിദ്ധാര്‍ത്ഥും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, മൊഹ്സിന്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഏയ്ഡന്‍ മാര്‍ക്രം പാര്‍ട് ടൈ ബോളറായി വന്ന് വെറും ഒരു ഓവറില്‍ വിക്കറ്റൊന്നും എടുക്കാതെ 32 റണ്‍സാണ് വിട്ടുനല്‍കിയത്. 32.00 എന്ന എക്കോണമിയാണ് താരത്തിന്റെ ബൗളിങ്ങില്‍ രേഖപ്പെടുത്തിയത്. മത്സരത്തിലെ 13ാം ഓവറിലായിരുന്നു താരത്തിന് റണ്‍സ് വഴങ്ങേണ്ടി വന്നത്. ഇതോടെ ഒരു വമ്പന്‍ നാണക്കേടിന്റെ റെക്കോഡിലും മാര്‍ക്രം എത്തിച്ചേര്‍ന്നു. ഐ.പി.എല്ലില്‍ ലഖ്‌നൗവിന് വേണ്ടി ഒരു ബൗളര്‍ ഒരു ഓവറില്‍ വഴങ്ങുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് എന്ന മോശം റെക്കോഡാണ് മാര്‍ക്രത്തിന്റെ തലയില്‍ പതിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് പ്രിയാന്‍ഷ് ആര്യയുടെയും കൂപ്പര്‍ കനോലിയുടെയും വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് വലിയ ടോട്ടല്‍ നേടിയത്. പ്രിയാന്‍ഷ് ആര്യ 37 പന്തില്‍ നിന്നും നാല് ഫോറും ഒമ്പത് കൂറ്റന്‍ സിക്‌സും ഉള്‍പ്പെടെ 93 റണ്‍സ് നേടിയാണ് തിളങ്ങിയത്.
കനോലി 46 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും അടക്കം 87 റണ്‍സും അടിച്ചെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശശാങ്ക് സിങ്ങും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് ടീം ടോട്ടല്‍ 250 കടത്തുകയായിരുന്നു. സ്റ്റോയിനിസ് 29 റണ്‍സും ശശാങ്ക് 17 റണ്‍സും നേടി.
Content Highlight: Aiden Markram In Unwanted Record For LSG