സൂര്യയെയും കെയ്ന്‍ വില്യംസണെയും വെട്ടി; ഗെയ്ല്‍ വാഴുന്ന സിംഹാസനത്തില്‍ കുതിപ്പുമായി മാര്‍ക്രം!
Cricket
സൂര്യയെയും കെയ്ന്‍ വില്യംസണെയും വെട്ടി; ഗെയ്ല്‍ വാഴുന്ന സിംഹാസനത്തില്‍ കുതിപ്പുമായി മാര്‍ക്രം!
ശ്രീരാഗ് പാറക്കല്‍
Sunday, 15th February 2026, 9:44 am

2026 ടി-20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ കിടിലന്‍ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പ്രോട്ടിയാസിന്റെ വിജയം.
കിവീസ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസ് 17 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ചതോടെ സൗത്ത് ആഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക് കടക്കുന്ന ആദ്യ ടീമായി.

ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെ കരുത്തിലാണ് ടീം ജയം സ്വന്തമാക്കിയത്. 44 പന്തില്‍ 86 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. 195.45 എന്ന സൂപ്പര്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡ് സ്വന്തമാക്കാനും മാര്‍ക്രമിന് സാധിച്ചിരിക്കുകയാണ്.

ഏയ്ഡന്‍ മാര്‍ക്രം ബാറ്റിങ്ങിനിടയില്‍ – Photot: Proteas

ടി-20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ സ്‌കോറാണിത് (ഒരു ഇന്നിങ്‌സില്‍). ക്രിസ് ഗെയ്ല്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും കിവീസ് ക്യാപ്റ്റനായിരുന്ന കെയ്ന്‍ വില്യംസണെയും മറികടന്നാണ് മാര്‍ക്രം അഞ്ചാമത് എത്തിയത്.

ടി-20 ലോകകപ്പില്‍ ഒരു ഇന്നിങസില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ക്യാപ്റ്റന്‍, റണ്‍സ്, എതിരാളി, വര്‍ഷം

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 98 – ഇന്ത്യ – 2010

ലോര്‍ക്കന്‍ ടക്കര്‍ (അയര്‍ലാന്‍ഡ്) – 94* – ഒമാന്‍ – 2026

രോഹിത് ശര്‍മ (ഇന്ത്യ) – 92 – ഓസ്ട്രേലിയ – 2024

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 88 – ഓസ്ട്രേലിയ – 2009

ഏയ്ഡന്‍ മാര്‍ക്രം (സൗത്ത് ആഫ്രിക്ക) – 86* – ന്യൂസിലാന്‍ഡ് – 2026

കെയ്ന്‍ വില്യംസണ്‍ (ന്യൂസിലാന്‍ഡ്) – 85 – ഓസ്ട്രേലിയ – 2021

സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 84* – യു.എസ്.എ – 2026

മത്സരത്തില്‍ മാര്‍ക്രമിന് പുറമെ ക്വിന്റണ്‍ ഡികോക്ക് (20), റയാന്‍ റിക്കിള്‍ട്ടണ്‍ (21), ഡെവാള്‍ഡ് ബ്രെവിസ് (21), ഡേവിഡ് മില്ലര്‍ (24) എന്നിവരാണ് റണ്‍സ് നേടിയത്. കിവീസിനായി ജെയിംസ് നീഷം, രചിന്‍ രവീന്ദ്ര, ലോക്കി ഫെര്‍ഗുസണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

കിവീസിനായി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് 48 റണ്‍സ് നേടിയ മാര്‍ക് ചാപ്മാനാണ്. ഡാരില്‍ മിച്ചല്‍ 32 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ ഒന്നിച്ച ജെയിംസ് നീഷം – മാറ്റ് ഹെന്റി സഖ്യം ടീം സ്‌കോര്‍ 175ലെത്തിച്ചു. നീഷം 15 പന്തില്‍ 23 റണ്‍സെടുത്തപ്പോള്‍ ഹെന്റി എട്ട് പന്തില്‍ ഒമ്പത് റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

പ്രോട്ടിയാസിനായി മാര്‍ക്കോ യാന്‍സെന്‍ നാല് വിക്കറ്റ് പിഴുതു. കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Content Highlight: Aiden Markram In Great Record List In T20 World Cup

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ