14ല്‍ 13 ലും വിജയം; ഇത് ക്യാപ്റ്റന്‍ മാര്‍ക്രം മായാജാലം
T20 World Cup 2026
14ല്‍ 13 ലും വിജയം; ഇത് ക്യാപ്റ്റന്‍ മാര്‍ക്രം മായാജാലം
ഫസീഹ പി.സി.
Monday, 23rd February 2026, 8:57 am

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്ക തങ്ങളുടെ സൂപ്പര്‍ 8 യാത്ര തുടങ്ങിയത്. കഴിഞ്ഞ ദിവസം അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 76 റണ്‍സിനാണ് പ്രോട്ടിയാസ് ജയിച്ച് കയറിയത്.

ഇന്ത്യയ്ക്ക് എതിരായ വിജയത്തോടെ ഈ ലോകകപ്പിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനും ടീമിനായി. ഒപ്പം ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രമിന് ലോകകപ്പിലെ തന്റെ വിജയങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധിച്ചു.

ടി – 20 ലോകകപ്പില്‍ 13ാമത്തെ വിജയമാണ് കഴിഞ്ഞ ദിവസം മാര്‍ക്രം കുറിച്ചത്. ഇതുവരെ ടൂര്‍ണമെന്റില്‍ 14 മത്സരങ്ങളില്‍ പ്രോട്ടിയാസിനെ താരം നയിച്ചിട്ടുണ്ട്.

ഏയ്ഡൻ മാർക്രം. Photo: Dewald Brevis/x.com

ഇതോടെ ടി – 20 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റന്‍ എന്ന പട്ടവും മാര്‍ക്രം തന്റെ അക്കൗണ്ടിലെത്തിച്ചു. താരത്തിന് 92.9 ശതമാനമാണുള്ളത്. 85.7 ശതമാനമുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം. രോഹിത്തിന് 14 മത്സരങ്ങളില്‍ 12 ജയമാണുള്ളത്.

ടി – 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള ക്യാപ്റ്റന്‍

(ശതമാനം – ക്യാപ്റ്റന്‍ – ടീം – മത്സരങ്ങള്‍ – വിജയങ്ങള്‍ എന്നീ ക്രമത്തില്‍)

92.9 – ഏയ്ഡന്‍ മാര്‍ക്രം – സൗത്ത് ആഫ്രിക്ക – 14 – 13

85.7 – രോഹിത് ശര്‍മ – ഇന്ത്യ – 14 – 12

80.0 – ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 10 – 8

71.4 – കുമാര്‍ സംഗക്കാര – ശ്രീലങ്ക – 10 – 8

68.8 – ഗ്രെയാം സ്മിത്ത് – സൗത്ത് ആഫ്രിക്ക – 16 – 11

അതേസമയം പ്രോട്ടിയാസിനായി ഡേവിഡ് മില്ലര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. താരം 35 പന്തില്‍ 63 റണ്‍സാണ് എടുത്തത്. ഒപ്പം ഡെവാള്‍ഡ് ബ്രെവിസ് 29 പന്തില്‍ 45 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് 24 പന്തില്‍ പുറത്താവാതെ 44 റണ്‍സ് സംഭാവന ചെയ്തു. ഇവരുടെ കരുത്തില്‍ ടീം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി.

ഡേവിഡ് മില്ലർ. Photo: Proteas Men/.com

ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകളും അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റുകളും വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും പിഴുതു.

മറുപടി ബാറ്റിങ്ങില്‍ 37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെ മാത്രമാണ് തിളങ്ങിയത്. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിക്കാത്തതോടെ ടീം 111 റണ്‍സിന് പുറത്തായി.

പ്രോട്ടിയാസിനായി മാര്‍കോ യാന്‍സന്‍ നാല് വിക്കറ്റുകളും കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഏയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും നേടി.

Content Highlight: Aiden Markram became the captain with highest winning percentage in T20 World Cup with win against India

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി