വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിൽ പിന്നിൽ ബി.ജെ.പി; രജിനികാന്ത് എങ്ങനെയോ രക്ഷപ്പെട്ടു: എ.ഐ.എ.ഡി.എം.കെ നേതാവ്
national news
വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിൽ പിന്നിൽ ബി.ജെ.പി; രജിനികാന്ത് എങ്ങനെയോ രക്ഷപ്പെട്ടു: എ.ഐ.എ.ഡി.എം.കെ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 8:48 pm

ചെന്നൈ: നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന ആരോപണവുമായി എ.ഐ.എ.ഡി.എം.കെ നേതാവ് കോവൈ സത്യൻ.

ബി.ജെ.പിയുടെ ചൂണ്ടയിൽ നിന്ന് രജിനികാന്ത് എങ്ങനെയോ രക്ഷപ്പെട്ടതാണെന്നും അടുത്തത് വിജയ് ആണെന്നും അദ്ദേഹം പറഞ്ഞു.

‘ഒടുവിൽ പൂച്ച സഞ്ചിയിൽ നിന്ന് പുറത്തുചാടി. പത്ത് വർഷം മുമ്പേ തന്നെ നടൻ വിജയ്ക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ നേതാവ് ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഇപ്പോൾ നടക്കുന്നതെല്ലാം നമ്മൾ കാണുന്നത്.

ബി.ജെ.പിയുടെ ദയനീയമായ ശ്രമങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

രജിനികാന്തിനെ വെച്ച് ബി.ജെ.പി ഭാഗ്യം പരീക്ഷിച്ചു. രാഷ്ട്രീയത്തിലേക്ക് വരാൻ അദ്ദേഹത്തെ നിർബന്ധിച്ചു, പക്ഷേ എങ്ങനെയോ അദ്ദേഹം രക്ഷപ്പെട്ടു. ഇപ്പോൾ ചൂണ്ടയിലുള്ളത് വിജയ് ആണ്. കാരണം തമിഴ്നാട്ടിൽ ബി.ജെ.പിക്ക് വളരണമെങ്കിൽ സിനിമാ ലോകത്തുനിന്ന് ഒരാൾ വേണം. വിജയ്ക്കും ബി.ജെ.പിക്കും ആശംസകൾ. അത്രമാത്രമേ ഞങ്ങൾക്ക് പറയാനുള്ളൂ,’ കോവൈ സത്യൻ പറഞ്ഞു.

വിജയ് ഇന്ന് ‘തമിഴക വെട്രി കഴകം’ എന്ന തന്റെ പാർട്ടിയുടെ പ്രഖ്യാപനം നടത്തിയിരുന്നു. കരാറിലുള്ള രണ്ട് സിനിമകൾ കൂടി പൂർത്തിയാക്കിയാൽ സിനിമാ ജീവിതം അവസാനിപ്പിക്കുമെന്ന സൂചനകളും അദ്ദേഹം നൽകിയിരുന്നു.

അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യം എന്നും അദ്ദേഹം അറിയിച്ചിരുന്നു.

Content Highlight: AIADMK reacts on Actor Vijay’s political entry