വാഷിങ്ടണ്‍: നിര്‍മിത ബുദ്ധി (എ.ഐ) ലോക ക്രമത്തെ തന്നെ മാറ്റിമറിക്കുമെന്ന ആശങ്കയും പ്രതീക്ഷയും നിലനില്‍ക്കെ മനുഷ്യരാശിക്ക് മുന്നറിയിപ്പുമായി എ.ഐയുടെ ഗോഡ്ഫാദര്‍ എന്നറിയപ്പെടുന്ന നോബല്‍ പുരസ്‌കാര ജേതാവ് ജെഫ്രി ഹിന്റണ്‍.
എ.ഐ സാമൂഹിക ഘടനയെ അടിമുടി മാറ്റുമെന്നും ജനങ്ങളെ തൊഴില്‍രഹിതരാക്കുമെന്നും എ.ഐയുടെ സൃഷ്ടാക്കളില്‍ ഒരാളായ ജെഫ്രി പറയുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമ്പോള്‍ എലോണ്‍ മസ്‌ക് കൂടുതല്‍ സമ്പന്നനാവുകയാണ് ചെയ്യുകയെന്ന് ഹിന്റണ്‍ നിരീക്ഷിച്ചു. ബ്ലൂംബെര്‍ഗിന്റെ വാള്‍സ്ട്രീറ്റ് വീക്കില്‍ സംസാരിക്കുകയായിരുന്നു ഹിന്റണ്‍.
എ.ഐ മൂലമുള്ള നേട്ടങ്ങള്‍ ആര്‍ക്കാണ് ഗുണം ലഭിക്കുകയെന്നും ഓട്ടോമേറ്റഡ് യന്ത്രങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്കാണോ അതോ ഈ യന്ത്രങ്ങള്‍ കാരണം ജോലി നഷ്ടപ്പെടുന്നവര്‍ക്കോയെന്നും ഹിന്റണ്‍ ചോദിക്കുന്നു.
ഈ നേട്ടങ്ങള്‍ ചുരുക്കം ചിലരെ അതിസമ്പന്നരാക്കുകയും ഒപ്പം ഭൂരിപക്ഷം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യും. സമൂഹത്തില്‍ ഇതിലൂടെ വലിയ തോതിലുള്ള അസമത്വം സൃഷ്ടിക്കപ്പെടുമെന്നും ഭ്രാന്തമായ ഒരു ലോകത്തിന് കാരണമാകുമെന്നും ജെഫ്രി ഹിന്റണ്‍ പറഞ്ഞു.
നിലവില്‍ നിര്‍മിത ബുദ്ധി ദോഷകരമല്ല, എന്നാല്‍ അത് ലോകസമ്പദ് വ്യവസ്ഥയില്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നത് സംബന്ധിച്ചാണ് ഭീഷണി നിലനില്‍ക്കുന്നതെന്ന് ഹിന്റണ്‍ പറയുന്നു.
നിലവിലെ സാമൂഹിക ബന്ധങ്ങള്‍ പൂര്‍ണമായി എ.ഐ മാറ്റി സ്ഥാപിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവരെ തൊട്ട് അതിസമ്പന്നരെ വരെ ഇത് ബാധിക്കും.
വന്‍കിട കമ്പനികള്‍ മാനവവിഭവശേഷിക്ക് പകരമായി നിര്‍മിത ബുദ്ധിയെ മാറ്റിസ്ഥാപിക്കുന്നതിനുള്ള ഗവേഷങ്ങള്‍ക്കായി വന്‍തുകയാണ് ചെലവഴിക്കുന്നത്. മനുഷ്യന് പകരമായി പൂര്‍ണമായും യന്ത്രങ്ങളെ പകരം സ്ഥാപിക്കാനാണ് ശ്രമങ്ങള്‍.
വിദ്യാഭ്യാസം, ആരോഗ്യമേഖല, നിര്‍മാണമേഖല തുടങ്ങിയവയില്‍ എ.ഐ സൗകര്യങ്ങള്‍ വരുന്നതോടെ പതിയെ ചെറിയൊരു വിഭാഗം അതിസമ്പന്നരായി മാറുകയും പൂര്‍ണമായും ഓട്ടോമേഷന്‍ ടെക്‌നോളജിയിലേക്ക് ഈ മേഖലകള്‍ മാറ്റപ്പെടുമെന്നും ഹിന്റണ്‍ ചൂണ്ടിക്കാണിക്കുന്നു. വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ ഇതെല്ലാം സംഭവിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ആഗോള ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആമസോണ്‍, ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികള്‍ 2025-ല്‍ ഏകദേശം 420 ബില്യണ്‍ ഡോളര്‍ (3,48,600 കോടി രൂപ) വരെയാണ് എ.ഐ ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.
ഈ ഗവേഷണങ്ങളെല്ലാം തൊഴിലാളികള്‍ക്ക് പകരം ഓട്ടോമേറ്റഡ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ തേടുന്നതിനാണ്. ഇവ വിജയം കണ്ടാല്‍ ഏറ്റവുമധികം ബാധിക്കുക സാധാരണക്കാരായ തൊഴിലാളികളെയായിരിക്കും.
എ.ഐയുടെ ഭീഷണി നിലനില്‍ക്കുന്നത് പാശ്ചാത്യരാജ്യങ്ങള്‍ക്ക് മേലെ മാത്രമല്ല ഇന്ത്യ പോലുള്ള രാജ്യങ്ങളെയും ആഴത്തില്‍ ബാധിക്കുമെന്നും ഹിന്റണ്‍ മുന്നറിയിപ്പ് നല്‍കുന്നു. കോള്‍സെന്റര്‍, ഡാറ്റാ എന്‍ട്രി ജോലികള്‍, അക്കൗണ്ടിംഗ്, സോഫ്റ്റ്‌വെയര്‍ തുടങ്ങി ഏറ്റവുമധികം തൊഴിലവസരങ്ങളുള്ള എല്ലാ മേഖലകളെയും എ.ഐയുടെ കടന്നുകയറ്റം അപകടകരമായി ബാധിക്കും.
ഇന്ത്യ പോലുളള രാജ്യങ്ങളില്‍ നിലവിലുള്ള തൊഴിലില്ലായ്മയെ എ.ഐ കൂടതുതല്‍ രൂക്ഷമാക്കിയേക്കും. അധികം വൈകുന്നതിന് മുമ്പ് തന്നെ ലോകവ്യാപകമായി എന്തെങ്കിലും മുന്നൊരുക്കം നടത്തണം. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ നോക്കാം പ്രതികരിക്കാം എന്ന ചിന്തയാണെങ്കില്‍ അതിനു സമയമില്ലെന്നും ജെഫ്രി ഹിന്റണ്‍ വ്യക്തമാക്കി.
കോള്‍സെന്ററുകള്‍, ഡാറ്റാ എന്‍ട്രി, അടിസ്ഥാന സേവന മേഖലകള്‍ തുടങ്ങിയ മേഖലകള്‍ക്ക് പുറമെ അക്കൗണ്ടിംഗ്, പ്രോഗ്രാമിംഗ്, മീഡിയ തുടങ്ങിയ വൈറ്റ്-കോളര്‍ ജോലികളെയും എ.ഐയുടെ കടന്നുകയറ്റം മോശമായി ബാധിക്കും. നിലവില്‍ തന്നെ വന്‍തോതില്‍ തൊഴില്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഹിന്റണ്‍ ഓര്‍മിപ്പിച്ചു.
അതേസമയം, നിര്‍മിത ബുദ്ധി കാരണം സമൂഹത്തിലുണ്ടാകുന്ന അസമത്വത്തിന്റെ വര്‍ധനവില്‍ ഒരു സര്‍ക്കാരുകളും നിയമം മൂലം സാമൂഹികഘടനയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആണവായുധം പോലെ എ.ഐ സര്‍വനാശം മാത്രം വിതയ്ക്കുന്ന ഒന്നല്ലെന്നും സാമൂഹിക പുരോഗതിയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടൂള്‍ തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, നിലവിലെ സാമ്പത്തിക ബന്ധങ്ങളും ഘടനയും അതിന് തയ്യാറല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വ്യാവസായിക വിപ്ലവ കാലത്ത് തൊഴില്‍ നഷ്ടം സംഭവിച്ചെങ്കിലും കമ്പനികളിലൂടെ തൊഴില്‍ നേട്ടമുണ്ടായി. എന്നാല്‍, എ.ഐ സര്‍വമേഖലകളിലേക്കും വ്യാപിച്ചാല്‍ തൊഴില്‍ സാധ്യതകള്‍ കുറയുകയാണ് ചെയ്യുക.
എന്നാല്‍ ലാഭം ഇരട്ടിക്കുകയും ഇത് ടെക് കമ്പനി ഉടമസ്ഥര്‍ക്ക് മാത്രമാണ് ഗുണം ചെയ്യുക. ഇതിലൂടെ തൊഴില്‍ രഹിത സമൂഹം സൃഷ്ടിക്കപ്പെടും.
ഇത്തരത്തിലുള്ള തൊഴിലില്ലായ്മ പണരാഹിത്യമുള്ള ജീവിതത്തിലേക്ക് നയിക്കുമ്പോള്‍ സമൂഹത്തിന്റെയും വ്യക്തിയുടെയും നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യും. ഇതിലൂടെ ഭ്രാന്തമായ ലോകത്തിലേക്കാണ് വഴിമാറുകയെന്നും ഹിന്റണ്‍ വിശദീകരിച്ചു.
ലാഭം മാത്രം ലക്ഷ്യമാക്കി നടത്തുന്ന എ.ഐ ഗവേഷണങ്ങളെ നിയന്തിക്കുകയും രാജ്യങ്ങള്‍ എ.ഐ സുരക്ഷയ്ക്കായി ഗവേഷണം തുടങ്ങണമെന്നും ഹിന്റണ്‍ ആവശ്യപ്പെട്ടു. തങ്ങളുടെ മേല്‍ക്കോയ്മ ഉറപ്പു വരുത്താന്‍ സാമ്പത്തിക ശക്തികളായ ചൈനയുടെയും അമേരിക്കയുടെയും മത്സരം ഒരു ഭാഗത്ത് നടക്കുന്നുണ്ട്.
എന്നാല്‍ എ.ഐ രംഗത്ത് ചൈന അതിവേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എ.ഐ മേഖലയില്‍ അമേരിക്കയുടെ മേല്‍ക്കോയ്മ ഇനി സാധ്യമല്ലെന്നും ഹിന്റണ്‍ അഭിപ്രായപ്പെട്ടു.
എ.ഐയെ എങ്ങനെ മനുഷ്യര്‍ക്കും ഗുണകരമാക്കാം എന്ന് സമൂഹം ചിന്തിക്കണം. ഒപ്പം സാമ്പത്തിക വിതരണത്തിലുള്ള ഒരു പുനര്‍വിചിന്തനം സര്‍ക്കാരുകള്‍ നടത്തുകയും ചെയ്യണം.
ഉത്തരവാദിത്തവും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങളുണ്ടാക്കി എ.ഐയുടെ ഉപയോഗത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുതിയ രീതിയിലുള്ള അറിവും പരിശീലനവും നല്‍കി പുനരധിവസിപ്പിക്കാന്‍ തയ്യാറാകണം.
ഇത്തരത്തില്‍, ജനങ്ങളുടെ ക്ഷേമവും സുരക്ഷയും സര്‍ക്കാര്‍ ഉറപ്പു വരുത്തിയില്ലെങ്കില്‍ എ.ഐ കാരണം ചെര്‍ണോബിലില്‍ സംഭവിച്ചപോലത്തെ പൊട്ടിത്തെറിയായിരിക്കും മനുഷ്യസമൂഹത്തിന് സംഭവിക്കുകയെന്നും അദ്ദേഹം നിരീക്ഷിച്ചു.
Content Highlight: AI will make Elon Musk Super richer and people will be unemployed; will also be a setback for India; Jeffrey Hinton, the godfather of artificial intelligence