മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് 2019ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍. പൃഥ്വിരാജ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് കോടികള്‍ വാരിയിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയപ്രവര്‍ത്തകനായും അബ്രാം ഖുറേഷിയെന്ന അധോലോക നായകനും മോഹന്‍ലാലില്‍ ഭദ്രമായിരുന്നു.
യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ മറച്ചുപിടിച്ചുകൊണ്ട് പുറമെ ശാന്തനായി പെരുമാറുന്ന സ്റ്റീഫന്‍ നെടുമ്പള്ളി മോഹന്‍ലാലില്‍ ഭദ്രമായിരുന്നു. പല രംഗങ്ങളിലും കണ്ണിലൂടെ കഥപറയാന്‍ മോഹന്‍ലാലിന് സാധിച്ചു. ഇപ്പോഴിതാ സ്റ്റീഫന്‍ നെടുമ്പള്ളിയായി മമ്മൂട്ടി വേഷമിട്ടാല്‍ എങ്ങനെയുണ്ടാകുമെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍.
Mammootty/ Facebook/ Meghna Ravindran
എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ച വീഡിയോയില്‍ ലൂസിഫറിലെ രംഗങ്ങള്‍ മമ്മൂട്ടി ചെയ്യുന്നതായി കാണിക്കുന്നുണ്ട്. ലുക്കും മാനറിസവുമെല്ലാം സ്റ്റീഫന്‍ എന്ന കഥാപാത്രത്തോട് ചേരുന്ന തരത്തിലാണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. ആറടി മൂര്‍ഖന്‍ എന്ന പേജാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി.
വീഡിയോയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകള്‍ പലരും പങ്കുവെക്കുന്നുണ്ട്. ആക്ഷന്‍ സീനുകളില്‍ അത്ര പെര്‍ഫെക്ഷന്‍ ഉണ്ടാകില്ലെന്നും ബാക്കി സീനുകള്‍ മമ്മൂട്ടിയില്‍ ഭദ്രമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട ചില നടന്മാരേ ഉണ്ടാകുള്ളൂവെന്നും സ്റ്റീഫന്‍ എന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ മാത്രമേയുള്ളൂവെന്നും ആരാധകര്‍ വാദിക്കുന്നുണ്ട്.
Lucifer/ Instagram/ 6adimoorkhan
‘ഖുറേഷിയുടെ ലുക്ക് മമ്മൂട്ടിക്ക് ചേരും. ബാക്കി സീനുകള്‍ മോഹന്‍ലാല്‍ തന്നെ ചെയ്താലേ ശരിയാകുള്ളൂ’, ‘ക്ലൈമാക്‌സിലെ രംഗം മമ്മൂട്ടി കിടിലനാക്കും’, ‘മമ്മൂട്ടി ചെയ്താലും ആ കഥാപാത്രം മോശമാകില്ല. പക്ഷേ പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യണം’ എന്നിങ്ങനെയാണ് വീഡിയോയെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകള്‍.
‘പടത്തിന്റെ പേര് കുറ്റിയില്‍ സ്റ്റീഫന്‍’ ‘ലൂസിഫറിന്റെ രണ്ടാം വരവ് അല്ലെങ്കില്‍ പ്രിയമുള്ള സ്റ്റീഫന്‍ കുഞ്ഞേ എന്ന് മാറ്റേണ്ടി വരും’ എന്ന കമന്റുകളുണ്ട്. ഒരു മറവത്തൂര്‍ കനവ് എന്ന സിനിമക്ക് മമ്മൂട്ടി നിര്‍ദേശിച്ച ടൈറ്റിലുകളെക്കുറിച്ച് ശ്രീനിവാസന്‍ പണ്ട് നല്കിയ അഭിമുഖം അടുത്തിടെ വൈറലായിരുന്നു. അതുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം കമന്റുകള്‍.