മലയാളികളുടെ ഹൃദയത്തിൽ ഇന്നും നില നിൽക്കുന്ന സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം തമാശയും പ്രണയവും വിരഹവും ചേർത്ത് പ്രേക്ഷകർക്ക് മനോഹരമായൊരു അനുഭവമായിരുന്നു നൽകിയത്. റിലീസ് സമയത്ത് തന്നെ വലിയ സ്വീകരണം നേടിയ സിനിമ വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒന്നാണ്.
മഞ്ജു വാര്യരുടെ അഭിരാമി എന്ന കഥാപാത്രവും സുരേഷ് ഗോപിയുടെ ഡെന്നീസും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയപ്പോൾ, ജയറാം അവതരിപ്പിച്ച രവിശങ്കറും കലാഭവൻ മണിയുടെ മോനായി എന്ന കഥാപാത്രവും ചിത്രത്തിന് വേറിട്ടൊരു അനുഭവം നൽകി. ചെറിയ വേഷമെങ്കിലും മോഹൻലാലിൻറെ സാന്നിധ്യവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു.
ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷമുള്ള ബത്‌ലഹേം ഹൗസ് എങ്ങനെയായിരിക്കുമെന്ന ചിന്തയിൽ ഒരു എ.ഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രത്തിന്റെ അവസാനത്തിൽ തുറന്നുവച്ചിരുന്ന ചോദ്യമായ അഞ്ച് കസിൻസിൽ ആരാണ് രവിശങ്കറിനെ സ്നേഹിച്ചതെന്ന് ആരാധകർ തന്നെ മറുപടി കണ്ടെത്തിയിരിക്കുകയാണ്. ഈ എ.ഐ സൃഷ്ടിയിൽ ജ്യോതിയെയും രവിശങ്കറിനെയും ഒന്നിപ്പിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.
മോനായിയുടെ ഫ്രെയിം ചെയ്ത ഫോട്ടോയിലൂടെ ആരംഭിക്കുന്ന വീഡിയോ, ഡെന്നീസിന്റെയും അഭിരാമിയുടെയും സന്തോഷജീവിതത്തിലേക്ക് കടക്കുന്നു. തുടർന്ന് ജ്യോതിക്കായി കാത്തിരിക്കുന്ന രവിശങ്കറിനെയും, ഒടുവിൽ എല്ലാവരും ഒത്തുചേരുന്ന ബത്‌ലഹേം ഹൗസിനെയും വീഡിയോ കാണിക്കുന്നു. എന്നാൽ മോനായിയുടെ അഭാവം പ്രേക്ഷകരെ വീണ്ടും വേദനിപ്പിക്കുന്നു. കാലം കടന്നുപോയിട്ടും കലാഭവൻ മണിയുടെ സ്ഥാനം ശൂന്യമായിത്തന്നെയാണ് വീഡിയോയിലും കാണിച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് ശേഷം ബത്‌ലഹേമിലേക്ക് കൊണ്ടുപോയതിന് നന്ദി, മോനായി ഇല്ലാത്ത ബത്‌ലഹേം ചിന്തിക്കാൻ പോലും കഴിയില്ല, നിരഞ്ജന്റെ ഓർമകൾ ആമിയെ ഇപ്പോഴും പിന്തുടരുന്നുണ്ടോ? തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
സിബി മലയിലിന്റെ സംവിധാനവും രഞ്ജിത്തിന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും സിയാദ് കോക്കറുടെ നിർമാണ മികവും ഒത്തുചേർന്നപ്പോഴാണ് ‘സമ്മർ ഇൻ ബത്‌ലഹേം’ പിറന്നത്. സഞ്ജീവ് ശങ്കറിന്റെ മനോഹരമായ ദൃശ്യങ്ങളും വിദ്യാസാഗർ-ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ പാട്ടുകളും ഇന്നും മലയാളികളുടെ പ്ലേലിസ്റ്റിൽ മുന്നിട്ട് നിൽക്കുന്നവയാണ്.
യേശുദാസും ചിത്രയും സുജാതയും എം.ജി. ശ്രീകുമാറും പാടിയ ആ ഗാനങ്ങൾ റീ-റിലീസ് വേളയിലും തീയേറ്ററുകളിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്. കാലം എത്ര കടന്നുപോയാലും ഈ സിനിമയും അതിലെ കഥാപാത്രങ്ങളും മലയാളിയുടെ ഹൃദയത്തിൽ നിന്ന് മായില്ലെന്നു കൂടിയാണ് ഈ എ.ഐ ആർട്ടും സൂചിപ്പിക്കുന്നത്.
Content Highlight: AI video from the movie Summer in Bethlehem goes viral on social media
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.