കുട്ടികൾക്കുനേരെയുള്ള എ.ഐ ഭീഷണികൾ വർധിക്കുന്നു; മുന്നറിയിപ്പുമായി യു.എൻ
United Nations
കുട്ടികൾക്കുനേരെയുള്ള എ.ഐ ഭീഷണികൾ വർധിക്കുന്നു; മുന്നറിയിപ്പുമായി യു.എൻ
ശ്രീലക്ഷ്മി എ.വി.
Monday, 26th January 2026, 10:45 pm

ന്യൂയോർക്ക്: കുട്ടികൾക്കുനേരെയുള്ള എ.ഐ ഭീഷണികൾ വർധിക്കുന്നതായി മുന്നറിയിപ്പുമായി യു.എൻ.

എ.ഐയിൽ നിന്നുള്ള ദോഷകരമായ ഓൺലൈൻ ഉള്ളടക്കങ്ങളുൾപ്പെടെ ദുരുപയോഗം, ചൂഷണം, മാനസിക ആഘാതം എന്നിവയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കായി ഐക്യരാഷ്ട്രസഭ അടിയന്തര ആഹ്വാനം നടത്തി.

ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് യൂണിയനിലെ ( ITU ) ടെലികമ്മ്യൂണിക്കേഷൻ ഡെവലപ്‌മെന്റ് ബ്യൂറോയുടെ ഡയറക്ടർ കോസ്മാസ് സവാസാവ ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങളും ശുപാർശകളും ഉൾപ്പെടുന്ന പ്രസ്താവന തയാറാക്കിയെന്ന് യു.എൻ റിപ്പോർട്ട് ചെയ്തു.

ഗ്രൂമിങ് മുതൽ ഡീപ് ഫേക്കിങ് വരെയുള്ള ദോഷകരമായ ഉള്ളടക്കങ്ങൾ ഇതിൽ ഉൾപ്പെടുന്നതായി പ്രസ്താവനയിൽ പറയുന്നു.

കൊവിഡ് മഹാമാരി സമയത്ത് നിരവധി കുട്ടികൾ, പ്രത്യേകിച്ച് പെൺകുട്ടികളും യുവതികളും, ഓൺലൈനിൽ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും, പല കേസുകളിലും അത് ശാരീരിക ഉപദ്രവങ്ങളിലെക്ക് കടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ ഉപയോഗിച്ച് കുട്ടികളുടെ ഓൺലൈൻ പെരുമാറ്റം, വൈകാരികാവസ്ഥ, താത്പര്യങ്ങൾ എന്നിവ വിശകലനം ചെയ്ത് അവരുടെ ഗ്രൂമിങ് ക്രമീകരിക്കാൻ കഴിയുമെന്ന് കുട്ടികൾക്കുവേണ്ടി വാദിക്കുന്ന സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.

സ്വതന്ത്ര ആഗോള സ്ഥാപനമായ ചൈൽഡ്‌ലൈറ്റ് ഗ്ലോബൽ ചൈൽഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025 ലെ റിപ്പോർട്ടിൽ യു.എസിൽ സാങ്കേതികവിദ്യ വഴിയുള്ള ബാലപീഡന കേസുകൾ 2023 ൽ 4,700 ആയിരുന്നു. അത് 2024ൽ 67,000 വർധിച്ചതായാണ് റിപ്പോർട്ടുകൾ.

പ്രശ്നത്തിന്റെ വ്യാപ്തിയും കാഠിന്യവും മനസിലാക്കി യു.എൻ അംഗരാജ്യങ്ങൾ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതയാണ് റിപ്പോർട്ടുകൾ.

ഇതിന്റെ പശ്ചാത്തലത്തിൽ 2025 അവസാനത്തോടെ, 16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഓസ്‌ട്രേലിയ.

10 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ മൂന്നിൽ രണ്ട് ഭാഗവും വെറുപ്പുളവാക്കുന്ന, അക്രമാസക്തമായ അല്ലെങ്കിൽ അസ്വസ്ഥത ഉളവാക്കുന്ന ഉള്ളടക്കം കണ്ടിട്ടുണ്ടെന്നും പകുതിയിലധികം പേരും സൈബർ ഭീഷണിക്ക് ഇരയായിട്ടുണ്ടെന്നും സർക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.

മലേഷ്യ, യുകെ, ഫ്രാൻസ്, കാനഡ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഓസ്‌ട്രേലിയയുടെ മാതൃക പിന്തുടരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

Content Highlight: AI threats to children are increasing; UN warns

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.