മോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് വൈദ്യുത നിലയങ്ങള്‍ ഓണാക്കണം; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
Nationl News
മോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് വൈദ്യുത നിലയങ്ങള്‍ ഓണാക്കണം; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 2:44 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്യണമെന്നും വൈദ്യുത നിലയങ്ങള്‍ ഓണാക്കാനും അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും മധ്യപ്രദേശിലും ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
വൈദ്യുത നിലയങ്ങളിലെ കല്‍ക്കരി ശേഖരം താഴ്ന്ന നിലയിലായതിനാല്‍ വൈദ്യുതി വിതരണത്തില്‍ തകരാര്‍ നേരിടുന്നതായുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘എട്ട് വര്‍ഷത്തെ വലിയ ചര്‍ച്ചയുടെ ഫലമായി രാജ്യത്ത് എട്ട് ദിവസത്തെ കല്‍ക്കരി സ്റ്റോക്ക് മാത്രമേയുള്ളൂ.

മോദിജി, വിലക്കയറ്റം ഉയര്‍ന്നുവരികയാണ്. പവര്‍ കട്ട് ചെറുകിട വ്യവസായങ്ങളെ തകര്‍ക്കും, ഇത് കൂടുതല്‍ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കും. വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ ഓഫ് ചെയ്ത് പവര്‍ പ്ലാന്റുകള്‍ ഓണാക്കുക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതിനിടെ, അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുകയാണ്. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടക്കുന്നത്.

എന്നാല്‍, സംഭവത്തില്‍ കോണ്‍ഗ്രസ് സംഭവസ്ഥലത്ത് എത്തിയിട്ടില്ലെന്ന് വിമര്‍ശനമുണ്ട്. സംഭവത്തിനെതിരെ ആം ആദ്മി രംഗത്തുവരാത്തത് ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉയരുന്നുണ്ട്. ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്താന്‍ ആം ആദ്മി തയ്യാറായിട്ടില്ല. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളോ സ്ഥലം എം.എല്‍.എയും മന്ത്രിസഭയിലെ അംഗവുമായ സഞ്ജയ് ഝായോ ഇതുവരെ സംഭവ സ്ഥലത്തുവന്നിട്ടില്ല.

അതേസമയം സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് സംഭവ സ്ഥലത്ത് എത്തുകയും കെട്ടിടം പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ ബൃന്ദ കാരാട്ട് തടയുകയും ചെയ്തു.