ന്യൂദല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ ഇറ്റാലിയന്‍ പത്രത്തിന്റെ ഗുരുതര വെളിപ്പെടുത്തല്‍. പൈലറ്റുമാരിലൊരാള്‍ മനപൂര്‍വം എഞ്ചിന്‍ ഓഫാക്കിയതാണ് അപകടത്തിന് കാരണമായതെന്ന് ഇറ്റാലിയന്‍ മാധ്യമമായ കോറ്യ ഡെല്ല സേറ റിപ്പോര്‍ട്ട് ചെയ്തു.
കോക്ക്പിറ്റ് വോയിസ് റെക്കോഡുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തലെന്ന് പത്രം അവകാശപ്പെടുന്നു. അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട കമാന്‍ഡര്‍ സുമിത്ത് സഭര്‍വാളാണ് എഞ്ചിന്‍ ഓഫ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ഇതിനുമുമ്പും അപകടത്തിന് കാരണം സുമിത്താണെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ദുരന്തത്തിന്റെ ഉത്തരവാദിത്തം പൈലറ്റിനുമേല്‍ കെട്ടിവെക്കാനുള്ള ശ്രമമാണെന്ന് സുമിത്തിന്റെ കുടുംബവും ഇന്ത്യന്‍ പൈലറ്റ് അസോസിയേഷനുകളും പ്രതികരിച്ചിരുന്നു.
ആരോപണങ്ങളില്‍ സുമിത്തിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതേസമയം വിമാനാപകടം അന്വേഷിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരെ സഹായിക്കുന്ന യു.എസ് വിദഗ്ധര്‍, പൈലറ്റിനെ സംശയിക്കും വിധത്തിലുള്ള വിവരങ്ങള്‍ നല്‍കിയെന്നാണ് ഇറാനിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ട്.
അപകടത്തിന് മുമ്പ് എഞ്ചിന്‍ തുടര്‍ച്ചയായി ഓഫായി. ആദ്യം ക്യാപ്റ്റന്‍ ഇരിക്കുന്ന വശത്തെ, ഇടത് എഞ്ചിനും പിന്നീട് വലത് എഞ്ചിനും ഓഫായി. പിന്നാലെ അപകടമുണ്ടായെന്നും പത്രത്തില്‍ പറയുന്നു.
നേരത്തെ, എഞ്ചിന്‍ എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെ വോയ്സ് റെക്കോര്‍ഡ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഈ റെക്കോര്‍ഡില്‍ ‘എഞ്ചിന്‍ ഓഫ് ചെയ്തത് ഞാനല്ല’ എന്ന് ഒരു പൈലറ്റ് മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ പൈലറ്റുമാരെ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.
നിലവില്‍ ഇറാനിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരോ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമാകണമെങ്കില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്തിമ റിപ്പോര്‍ട്ട് വരേണ്ടതുണ്ട്.
2025 ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള യാത്രാമധ്യേ എയര്‍ ഇന്ത്യ AI 171 വിമാനം തകർന്ന് വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ 241 പേരും മരണപ്പെട്ടിരുന്നു.
ഇവരില്‍ 52 പേര്‍ ബ്രിട്ടീഷ് പൗരന്മാരായിരുന്നു. വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് പുറമെ വിമാനം തകര്‍ന്നുവീണ അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജിന്റെ മെസിലുണ്ടായിരുന്ന 19 പേരും മരിച്ചിരുന്നു.
Content Highlight: Ahmedabad plane crash: Pilot shut down engine, Iranian newspaper says