അഹമ്മദാബാദ് വിമാനദുരന്തം; ബോയിങ് ഫ്ളൈറ്റുകളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ക്ക് തകരാറുകളില്ലെന്ന് കണ്ടെത്തല്‍
India
അഹമ്മദാബാദ് വിമാനദുരന്തം; ബോയിങ് ഫ്ളൈറ്റുകളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ക്ക് തകരാറുകളില്ലെന്ന് കണ്ടെത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd July 2025, 4:31 pm

ന്യൂ ദല്‍ഹി: അഹമ്മദാബാദ് വിമാനപകടത്തെത്തുടര്‍ന്ന് വ്യോമയാന നിരീക്ഷണ ഏജന്‍സി ഉത്തരവിട്ട പരിശോധനകള്‍ക്ക് ശേഷം, ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിങ് മെക്കാനിസത്തില്‍ തകരാറുകള്‍ ഇല്ലെന്ന് എയര്‍ ഇന്ത്യയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

എയര്‍ ഇന്ത്യയുടെ മുഴുവന്‍ ബോയിങ് 787, 737 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ച് (എഫ്.സി.എസ്) ലോക്കിങ് സംവിധാനത്തിന്റെ മുന്‍കരുതല്‍ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഒരു പ്രശ്നവും കണ്ടെത്തിയിട്ടില്ലെന്നും എയര്‍ ഇന്ത്യ കണ്ടെത്തി.

ജൂണ്‍ 12-നാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്‌വിക്കിലേക്ക് പറന്നുയര്‍ന്ന ഉടന്‍ എയര്‍ ഇന്ത്യ ബോയിങ് വിമാനം ഒരു കെട്ടിടത്തില്‍ ഇടിച്ചുകയറിയത്. അപകടത്തില്‍ 260 പേര്‍ മരിക്കുകയും ഉണ്ടായിരുന്നു. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ പറഞ്ഞ ലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഡി.ജി.സി.എ നിര്‍ദ്ദേശത്തിന് മുന്നോടിയായി ജൂലൈ 12 ന് എയര്‍ ഇന്ത്യ സ്വമേധയാ പരിശോധനകള്‍ ആരംഭിച്ചിരുന്നതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടേക്ക് ഓഫ് ചെയ്ത് ഒരു സെക്കന്‍ഡിനുള്ളില്‍ എഞ്ചിനുകളിലേക്ക് ഇന്ധനം വിതരണം ചെയ്യുന്ന സ്വിച്ചുകള്‍ ഓഫായിപ്പോയെന്ന് എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.  അപകടത്തിന് പിന്നിലെ പ്രധാന ഘടകമാണിതെന്ന് സംശയിക്കുന്നു.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരെയും ജീവനക്കാരെയും വഹിച്ചുകൊണ്ട് പോയ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം മേഘാനിനഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. വിശ്വസ് കുമാര്‍ രമേശ് എന്ന യാത്രക്കാരന്‍ മാത്രമാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു.

Content highlight: Ahmedabad plane crash: No faults found in fuel control switches on Boeing flights