അഹമ്മദാബാദ് വിമാനപകടം; ബ്ലാക് ബോക്‌സ് തകരാറില്‍
national news
അഹമ്മദാബാദ് വിമാനപകടം; ബ്ലാക് ബോക്‌സ് തകരാറില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th June 2025, 11:52 am

അഹമ്മദാബാദ്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് തകരാറിലെന്ന് വിവരം. ബ്ലാക്ക് ബോക്‌സ് തകരാറായതിനാല്‍ അതില്‍ നിന്നുമുള്ള വിവരങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നതായാണ് അധികൃതര്‍ അറിയിക്കുന്നത്.

ബ്ലാക് ബോക്‌സ് ഡാറ്റാ എക്‌സ്ട്രാക്ഷന്‍ നടത്തുന്നതിനായി വാഷിങ്ടണ്‍ ഡിസിയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന് അയക്കുമെന്നാണ് പ്രാഥമിക വിവരം. ബ്ലാക് ബോക്‌സിലെ വിവരങ്ങള്‍ ശേഖരിക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനും പ്രോട്ടോക്കോള്‍ പാലിക്കുന്നതിനും ഉദ്യോഗസ്ഥരുടെ സംഘം ബ്ലാക് ബോക്‌സിനൊപ്പം പോകുമെന്നുമാണ് വിവരം.

ജൂണ്‍ 12ന് തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് തിങ്കളാഴ്ചയാണ് കണ്ടെടുത്തത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് 242 യാത്രക്കാരെയും ജീവനക്കാരെയും വഹിച്ചുകൊണ്ട് പോയ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം മേഘാനിനഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഇടിച്ചുകയറുകയായിരുന്നു. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു. വിശ്വസ് കുമാര്‍ രമേശ് എന്ന യാത്രക്കാരന്‍ മാത്രമാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയനും ഉള്‍പ്പെടുന്നു. അപകടത്തില്‍ നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. മലയാളിയായ ഒരു നേഴ്‌സും അപകടത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഇതില്‍ 210 പേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം തിരിച്ചറിഞ്ഞതായാണ് വിവരം. 187 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

Content Highlight: Ahmedabad plane crash: Black box damaged