തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് വര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കെ.എസ്.യു. സര്‍വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ നാളെ (വെള്ളിയാഴ്ച) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് അലോഷ്യസ് ആരോപിച്ചു.
ഫീസ് നിരക്ക് കുത്തനെ കൂട്ടിയത് സിന്‍ഡിക്കേറ്റിന് സമാന അധികാരമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. കമ്മിറ്റിയില്‍ സി.പി.ഐ.എം-സി.പി.ഐ പ്രതിനിധികളാണുള്ളതെന്നും അലോഷ്യസ് വിശദീകരിച്ചു.
വസ്തുതകള്‍ ഇതായിരിക്കെ, പി.എം. ശ്രീ വിഷയത്തില്‍ മുഖം രക്ഷിക്കാനായി എസ്.എഫ്.ഐ നടത്തുന്ന നാടകീയ സമരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഫീസ് വര്‍ധനയുടെ ഉത്തരവാദിത്തം വഹിക്കുന്നത് വൈസ് ചാന്‍സലറുടെ ചുമതലയിലുള്ള ബി. അശോക് ഐ.എ.എസ് ആണെന്നും, അദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും അലോഷ്യസ് കുറ്റപ്പെടുത്തി.
വിദ്യാര്‍ത്ഥി വിരുദ്ധതയുടെ കേന്ദ്രമായി മാറിയ സംസ്ഥാന സര്‍ക്കാരിനെതിരെയാണ് എസ്.എഫ്.ഐ സമരം ചെയ്യേണ്ടതെന്നും കെ.എസ്.യു സംസ്ഥാനധ്യക്ഷന്‍ വിമര്‍ശിച്ചു.
അതേസമയം, 200 ശതമാന ഫീസ് വര്‍ധനവ് നടപ്പാക്കിയ കാര്‍ഷിക സര്‍വകലാശാലയുടെ നടപടിക്കെതിരെ ഒരു മാസത്തോളമായി സമരത്തിലാണ് എസ്.എഫ്.ഐ.
കൃഷി മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും ഫീസ് കുറയ്ക്കാന്‍ വി.സി ബി. അശോക് തയ്യാറായിട്ടില്ല. ഫീസ് താങ്ങാനാവാതെ നിരവധി വിദ്യാര്‍ത്ഥികളാണ് പഠനം ഉപേക്ഷിക്കുന്നത്.
അതേസമയം വി.സിയുടെ നിഷേധാത്മക നിലപാടിനെതിരെയാണ് സമരമെന്ന് എസ്.എഫ്.ഐ സംസ്ഥാനധ്യക്ഷന്‍ എം. ശിവപ്രസാദ് അറിയിച്ചിരുന്നു.