മഴക്കെടുതിയില്‍ സംസ്ഥാനത്തിന് കോടികളുടെ കൃഷി നാശം: കോഴിക്കോടിന്റെ മലയോരമേഖലയില്‍ മാത്രം നശിച്ചത് 460 ഹെക്ടര്‍ കൃഷി
Agrarian crisis
മഴക്കെടുതിയില്‍ സംസ്ഥാനത്തിന് കോടികളുടെ കൃഷി നാശം: കോഴിക്കോടിന്റെ മലയോരമേഖലയില്‍ മാത്രം നശിച്ചത് 460 ഹെക്ടര്‍ കൃഷി
ന്യൂസ് ഡെസ്‌ക്
Wednesday, 20th June 2018, 1:02 pm

 

കനത്ത മഴയേയും കാറ്റിനേയും തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കണക്കുകള്‍. പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് 18841 ഹെക്ടറില്‍ 6.34 കോടി രൂപയുടെ കൃഷി നശിച്ചതായാണ് മന്ത്രി ഇ.കെ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചത്. കാലവര്‍ഷം തുടങ്ങിയ ആദ്യ ആഴ്ചയിലെ കണക്കുകള്‍ മാത്രം പരിഗണിച്ചാണിത്.

കാലവര്‍ഷക്കെടുതി ഏറ്റവുമധികം ബാധിച്ച കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവുമധികം കൃഷി നാശമുണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍. കോഴിക്കോടിന്റെ മലയോര മേഖലയിലുണ്ടായ കനത്ത മഴയേയും മലവെളളപ്പാച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് 460 ഹെക്ടര്‍ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. ഇതില്‍ 80%ത്തിലധികവും കൃഷിനാശമുണ്ടായിരിക്കുന്നത് താമരശേരി താലൂക്കിലാണ്. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി കാരശേരി, പനങ്ങാട് പഞ്ചായത്തുകളിലാണ് ഏറ്റവുമധികം കൃഷി നാശമുണ്ടായത്.

റബ്ബര്‍, വാഴ, കപ്പ, കവുങ്ങ്, തെങ്ങ്, ജാതി തുടങ്ങിയ കൃഷികളെയാണ് കാലവര്‍ഷം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജൂണ്‍ 19ന് രാവിലെ വരെ 111.5 കോടി രൂപയുടെ നഷ്ടമുണ്ടായി. ഉരുള്‍പൊട്ടലുണ്ടായി 14 പേര്‍ മരിച്ച കരിഞ്ചോല മലയിലെ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടത്തില്‍ നിന്നു ലഭിക്കുന്ന വിവരം. കോടഞ്ചേരി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുള്‍പൊട്ടലുകളിലും കാലവര്‍ഷക്കെടുതികളിലുമായി ഇരുപതു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. ചെമ്പുകടവ്, നിരന്നപാറ, തേര്‍വയല്‍, നൂറാംതോട്, ജീരകപ്പാറ എന്നിവിടങ്ങളിലായി 100 ഹെക്ടര്‍ കൃഷി സ്ഥലം ഒലിച്ചുപോയി.


Also Read:അയാള്‍ എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടവനാകുന്നു; മെസ്സിയോ റോണോയോ? ഇഷ്ടതാരത്തെ കുറിച്ചു റജബ് ത്വയ്യിബ് എര്‍ദോഗന്‍


 

കട്ടിപ്പാറ പഞ്ചായത്തില്‍ 56 ഏക്കറിലെ കൃഷി നശിച്ചെന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് പറഞ്ഞത്. ഇത് പ്രാഥമിക കണക്കുകള്‍ മാത്രമാണെന്നും ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയതിനാല്‍ പഞ്ചായത്തിലെ മറ്റുഭാഗങ്ങളിലെ കണക്കുകള്‍ ഇതുവരെ പൂര്‍ണമായി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചോലക്ക് പുറമേ കാല്‍വരി ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയും കല്ലുള്ളതോട്, ത്രിവേണി ഭാഗങ്ങളില്‍ മഴവെള്ളപ്പാച്ചിലിലും വ്യാപക കൃഷിനാശമുണ്ടായി.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വടകര മേഖലയിലും വ്യാപകമായ കൃഷിനാശമുണ്ടായി. ഇവിടങ്ങളില്‍ രണ്ടുകോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക കണക്ക്. കുറ്റ്യാടിയിലെ വേളം പഞ്ചായത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ കൃഷിചെയ്ത 2000ത്തിലേറെ കുലച്ച വാഴകള്‍ നശിച്ചു. 1,14977 രൂപ ചിലവിട്ട് തൊഴിലുറപ്പു പദ്ധതിക്കു കീഴില്‍ 175 തൊഴില്‍ദിനങ്ങള്‍ ചിലവിട്ട് കൃഷി ചെയ്ത വാഴകളാണ് നശിച്ചത്. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കാലവര്‍ഷം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വടകര മേഖലയില്‍ ആഞ്ഞടിച്ച ശക്തമായ കാറ്റില്‍ കാര്‍ഷിക മേഖലയില്‍ മാത്രം 1.54 കോടി രൂപയുടെ നാശനഷ്ടമാണുണ്ടായതെന്നാണ് കൃഷിവകുപ്പ് കലക്ടര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചുഴലിക്കാറ്റുണ്ടായതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്.

633 കര്‍ഷകരുടെ വിളകളാണ് നശിച്ചത്. വില്ല്യാപ്പള്ളി, തിരുവള്ളൂര്‍, മണിയൂര്‍, ചോറോട് പഞ്ചായത്തുകള്‍ വടകര നഗരസഭ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. ഈ മേഖലയില്‍ ഏറ്റവുമധികം നാശനഷ്ടം നേരിട്ടത് നാളികേര കര്‍ഷകരാണ്. 4750 കായ്ച്ച തെങ്ങുകളും 30 കായ്ക്കാത്ത തെങ്ങുകളും കാറ്റില്‍ നശിച്ചു. ഈയിനത്തില്‍ മാത്രം 95.3 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്.


Must Read:താജ്മഹലിന് സമീപത്ത് ശാഖ ആരംഭിക്കുമെന്ന് ആര്‍.എസ്.എസ്; അനുവദിക്കില്ലെന്ന് പൊലീസ്; പ്രതിഷേധ ധര്‍ണയുമായി പ്രവര്‍ത്തകര്‍


16,680 കുലച്ച വാഴകളാണ് കാറ്റില്‍ പൂര്‍ണമായും നശിച്ചത്. 37.13 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 8110 കുലയ്ക്കാത്ത വാഴകളും കടപുഴകി. 8.11 ലക്ഷം രൂപയുടെ നഷ്ടമാണ് ഈ വകയിലുണ്ടായത്. 2330 കവുങ്ങുകളും നശിച്ചു. നൂറോളം കുരുമുളകു വള്ളികളും നശിച്ചിട്ടുണ്ട്.

ഇതിനു പുറമേ വന്‍മരങ്ങളും നശിച്ചത് നഷ്ടം ഇരട്ടിയാക്കി. മാവ്, പ്ലാവ്, തേക്ക്, മഹാഗണി തുടങ്ങിയ മരങ്ങള്‍ വീണും കൃഷി നശിച്ചിട്ടുണ്ട്. പലമരങ്ങളും ഉപയോഗിക്കാന്‍ കഴിയാത്തവിധം നെടുകെ പിളര്‍ന്നുപോയിരുന്നു.

ഇത്രയധികം രൂപ നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും ചെറിയ തുകമാത്രമാണ് സര്‍ക്കാറില്‍ നിന്നും നഷ്ടപരിഹാരമായി ലഭിക്കുകയെന്നാണ് ഈ മേഖലയിലെ കര്‍ഷകര്‍ പറയുന്നത്. തെങ്ങിന് 700 രൂപയാണ് നഷ്ടപരിഹാരം. ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 1000 രൂപ ലഭിക്കും. വാഴയ്ക്ക് 100 രൂപയാണ് നഷ്ടപരിഹാരം. വടകരയിലെ മേപ്പയില്‍ ഉദയം കാര്‍ഷിക ക്ലബ്ബിന്റെ 250 വാഴകള്‍ നശിച്ച് ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെങ്കിലും 25000 രൂപമാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുകയെന്ന് കര്‍ഷകര്‍ പറഞ്ഞു.

വയനാട് ജില്ലയിലും ജൂണ്‍ മഴനാശം വിതച്ചു. വാഴത്തോട്ടങ്ങളിലാണ് കൂടുതലായും വെള്ളം കയറിയത്. പുഴയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലാണ്. കാവുമന്ദത്ത് പുഴ കരകവിഞ്ഞൊഴുകി നിരവധി വാഴത്തോട്ടങ്ങള്‍ വെള്ളത്തിനടിയിലായി. കോട്ടത്തറ, തരിയോട്, നൂല്‍പ്പുഴ, മാനന്തവാടി, തൊണ്ടര്‍നാട്, പനമരം പഞ്ചായത്തുകളിലേയും മറ്റും താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കര്‍ഷകരും പ്രതിസന്ധിയിലായി.

കാലവര്‍ഷക്കെടുതി കാരണം ഇടുക്കി ജില്ലയില്‍ രണ്ടുകോടിയിലേറെ രൂപയുടെ കൃഷിനാശമാണ് ഉണ്ടായതെന്നാണ് ഔദ്യോഗിക കണക്കുകള്‍. മഴ തുടരുന്നതിനാല്‍ ഇത് ഇരട്ടിയിലധികമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഈമാസം പകുതിയാകുമ്പോള്‍ 126 ഹൈക്ടര്‍ കൃഷിയിടമാണ് ഇടുക്കിയില്‍ മഴയെ തുടര്‍ന്ന് നശിച്ചതെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍. ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് മാങ്കുളം പഞ്ചായത്തിലാണ്. ദേവികളും, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട് എന്നിവിടങ്ങളിലായി 841 കര്‍ഷകരുടെ കൃഷിയിടമാണ് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചലിലും നശിച്ചതെന്നും കൃഷിവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

100 ഹെക്ടര്‍ കൃഷിയാണ് ഏറണാകുളം ജില്ലയില്‍ നശിച്ചതെന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കുകള്‍. ഇതുവരെ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. കാറ്റിലും മഴയിലുമുണ്ടായ നാശനഷ്ടം പൂര്‍ണമായി ശേഖരിച്ചിട്ടില്ല. 97 കൃഷിഭവനുകളില്‍ നിന്നും ലഭിച്ച കണക്കുകള്‍ പ്രകാരം 2438 തെങ്ങുകളും 6346 വാഴകളും 1736 കവുങ്ങുകളും 738 കുരുമുളകുകളും നശിച്ചു.

കൃഷിനാശത്തിന് ഒരു ഹെക്ടറിന് പരമാവധി 18000 രൂപവരെ സഹായം നല്‍കുമെന്നാണ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചത്. കര്‍ഷകര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരം വളരെ തുച്ഛമാണെന്ന് പരക്കെ ആക്ഷേപമുണ്ട്. 21 ലക്ഷം രൂപ കേന്ദ്രവിഹിതമാണ് കഴിഞ്ഞവര്‍ഷം ലഭിച്ചത്. വര്‍ഷത്തില്‍ രണ്ട് തവണയാണ് കേന്ദ്ര, സംസ്ഥാന വിഹിതം ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം രണ്ടരകോടി ചോദിച്ചെങ്കിലും പൂര്‍ണമായി കൊടുക്കാനുള്ള തുക കിട്ടിയിട്ടില്ലെന്നാണ്  കൃഷി വകുപ്പ് അധികൃതര്‍ പറയുന്നത്.