ഇനി ഏജന്റ് ടീന മമ്മൂട്ടിക്കൊപ്പം; ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Entertainment news
ഇനി ഏജന്റ് ടീന മമ്മൂട്ടിക്കൊപ്പം; ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd August 2022, 10:14 am

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തിയ വിക്രത്തില്‍ നിര്‍ണായക വേഷത്തിലെത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രമാണ് ഏജന്റ് ടീന.

ഏജന്റ് ടീനയായി കയ്യടി നേടിയത് വാസന്തിയായിരുന്നു. ഇപ്പോഴിതാ ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് വാസന്തി. സെറ്റില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഫോട്ടോ പുറത്തുവന്നതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. നിലവില്‍ കോതമംഗലത്ത് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ഉദയ കൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി തമിഴില്‍ നിന്നുള്ള സൂപ്പര്‍ താരമായിരിക്കും അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. കൂടാതെ ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷാക്ക് എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മമ്മൂട്ടി ചിത്രങ്ങള്‍. ഭീഷ്മ പര്‍വ്വത്തിനു ശേഷം അമല്‍ നീരദ് ഒരുക്കുന്ന ബിലാലിന്റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രം ഏജന്റിലും മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. യുവ ഛായാഗ്രാഹകരില്‍ പ്രശസ്തനായ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുക.

Content Highlight : Agent tina of vikram movie to be the part of mammootty’s new film directed by b unni krishnan