അങ്ങനെയെങ്കില്‍ ബ്രസീലിയന്‍ ഇതിഹാസ ചരിത്രം വഴിമാറും; 2026 ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന് ജോര്‍ജ് മെന്‍ഡസ്
Sports News
അങ്ങനെയെങ്കില്‍ ബ്രസീലിയന്‍ ഇതിഹാസ ചരിത്രം വഴിമാറും; 2026 ബാലണ്‍ ഡി ഓര്‍ ആര്‍ക്കെന്ന് ജോര്‍ജ് മെന്‍ഡസ്
ആദർശ് എം.കെ.
Friday, 21st August 2026, 2:23 pm

2026 ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരത്തെ തെരഞ്ഞെടുത്ത് ഏജന്റ് ജോര്‍ജ് മെന്‍ഡസ്. ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര താരം ലാമിന്‍ യമാലാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ ഏറ്റവും അനുയോജ്യന്‍ എന്നാണ് മെന്‍ഡസിന്റെ വിലയിരുത്തല്‍.

ബാഴ്‌സലോണയില്‍ വെച്ച് സംസാരിക്കുകയായിരുന്നു യമാലിന്റെ ഏജന്റ് കൂടിയായ ജോര്‍ജ് മെന്‍ഡസ്.

‘ബാലണ്‍ ഡി ഓര്‍ എന്നത് ഒരു പ്രതിഭയ്ക്കുള്ളതാണ്, ഈ വര്‍ഷം അത് നേടാന്‍ കഴിയുന്ന ഒരേയൊരു താരം ലാമിന്‍ യമാല്‍ മാത്രമാണ്. അവന്‍ ഒരു പ്രതിഭയാണ്, ഈ സീസണിന് ശേഷം മറ്റാരെയും അവനുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.

ലോകകപ്പും ലാ ലിഗയും ജയിക്കുകയും ബാഴ്‌സലോണയ്ക്കായി വീണ്ടുമൊരു മികച്ച സീസണ്‍ കാഴ്ചവെക്കുകയും ചെയ്ത സാഹചര്യത്തില്‍, 2026ലെ ബാലണ്‍ ഡി ഓര്‍ അവന്‍ തന്നെ നേടണമെന്ന് കരുതുന്നത് തികച്ചും ന്യായമാണ്. അവന്‍ അത് അര്‍ഹിക്കുന്നുണ്ട്,’ മെന്‍ഡസ് പറഞ്ഞു.

ലാമിന്‍ യമാല്‍. Photo: Barcelona

ബാഴ്‌സലോണയ്ക്കായി വിവിധ ടൂര്‍ണമെന്റുകളില്‍ നിന്നായി 45 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളും 17 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ടീമിനൊപ്പം ലീഗ് കിരീടവുമണിഞ്ഞു.

അര്‍ജന്റീനയെ പരാജയപ്പെടുത്തി ലോകകപ്പുയര്‍ത്തിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യം കൂടിയായിരുന്നു യമാല്‍.

കഴിഞ്ഞ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ വോട്ടെടുപ്പില്‍ ഉസ്മാന്‍ ഡെംബെലെക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു യമാല്‍. കഴിഞ്ഞ വര്‍ഷം നേടാന്‍ സാധിക്കാതെ പോയ കിരീടം ഇത്തവണ സ്വന്തമാക്കുക എന്നത് തന്നോയായിരുന്നു യമാലിന്റെ ലക്ഷ്യം.

19കാരനായ യമാല്‍ ഇത്തവണ പുരസ്‌കാരം സ്വന്തമാക്കുകയാണെങ്കില്‍ ബാലണ്‍ ഡി ഓര്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി ചരിത്രമെഴുതാനും സ്പാനിഷ് കൗമാരത്തിന് സാധിക്കും. ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയെ മറികടന്നാണ് യമാല്‍ ഈ നേട്ടത്തില്‍ തന്റെ പേരെഴുതുക.

റൊണാള്‍ഡോ നസാരിയോ

1997ല്‍ തന്റെ 21ാം വയസിലാണ് ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ പ്രധാനിയായ റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

 

Content Highlight: Agent Jorge Mendes says Lamine Yamal is a suitable contender for the 2026 Ballon d’Or.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.