ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്തുവിട്ട് ബി.സി.സി.ഐ. മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുക. ഏകദിനത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മന്‍ ഗില്ലിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ അങ്കത്തിനിറങ്ങുന്നത്.
വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതും മറ്റൊരു പ്രത്യേകതയാണ്. എത്തിയത് മിന്നും ഫോമിലായിരുന്നിട്ടും നിരന്തരമായി അവഗണന അനുഭവിച്ച അയ്യര്‍ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മൊത്തം 15 പേരടങ്ങുന്ന ഏകദിന സ്‌ക്വാഡില്‍ സൂപ്പര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ ഒഴിവാക്കിയിട്ടുണ്ട്.
ഏകദിനത്തില്‍ താരത്തിന് വിശ്രമം നല്‍കിയതാണെന്നാണ് ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാക്കര്‍ പറഞ്ഞത്. എന്നാല്‍ ബുംറയെ ടി-20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയത് ഏഷ്യാ കപ്പില്‍ താരത്തിന് പരിക്കേറ്റതിനെ തുടര്‍ന്നാണെന്നും താരത്തിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയെ ഉള്‍പ്പെടുത്തിയെന്നും അഗാക്കര്‍ പറഞ്ഞു.
‘ഏഷ്യാ കപ്പില്‍ പരിക്കേറ്റതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ കഴിയില്ല. അടുത്ത ആഴ്ച അദ്ദേഹം ചികിത്സ ആരംഭിക്കും. ഈ പരമ്പര നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇടപെടാനുള്ള അവസരമാണ്. ഏകദിന പരമ്പരയില്‍ നിന്ന് ഞങ്ങള്‍ ജസ്ര്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ജോലിഭാരം ഞങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കും. സിറാജ് ധാരാളം പന്തെറിയുന്നു, കൂടാതെ ഫാസ്റ്റ് ബൗളര്‍മാരെ മാനേജ് ചെയ്യുന്നത് ഞങ്ങളുടെ മുന്‍ഗണനയാണ്,’ അഗാര്‍ക്കര്‍ പറഞ്ഞു.
മാത്രമല്ല മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഏകദിന സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. സഞ്ജു സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് പല റിപ്പോര്‍ട്ടുകള്‍ ഉണ്ടായപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകരും.
അതേസമയം ടി-20യില്‍ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനായും ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായുമാണ് നിയമിച്ചത്. 16 അംഗങ്ങളടങ്ങുന്ന സ്‌ക്വാഡാണ് ബി.സി.സി.ഐ പുറത്ത് വിട്ടത്. ഏകദിന സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചില്ലെങ്കിലും ടി-20യില്‍ സഞ്ജു തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 19ന് ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിന മത്സരം നടക്കുക. രണ്ടാം മത്സരം ഒക്ടോബര്‍ 23നും അവസാന മത്സരം 24നുമാണ് നടക്കുക. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ എട്ട് വരെയാണ് ടി-20 മത്സരങ്ങള്‍ നടക്കുക.