ബജറ്റ് പോലും തിരിച്ചുകിട്ടാതെ ബാക്ക് ടു ബാക്ക് ഫ്‌ളോപ്പിലേക്ക് പൃഥ്വിരാജ്; രാജീവന്‍ ബോക്‌സ് ഓഫീസില്‍ രക്ഷപ്പെടണമെങ്കില്‍ ഇനിയും 16 കോടി വേണം
Malayalam Cinema
ബജറ്റ് പോലും തിരിച്ചുകിട്ടാതെ ബാക്ക് ടു ബാക്ക് ഫ്‌ളോപ്പിലേക്ക് പൃഥ്വിരാജ്; രാജീവന്‍ ബോക്‌സ് ഓഫീസില്‍ രക്ഷപ്പെടണമെങ്കില്‍ ഇനിയും 16 കോടി വേണം
അമര്‍നാഥ് എം.
Thursday, 16th July 2026, 12:41 pm

ആടുജീവിതത്തിന് ശേഷം സോളോ ഹീറോയായി ഒരു ഹിറ്റ് ലഭിക്കാതെ പാടുപെടുകയാണ് പൃഥ്വിരാജ്. മലയാളത്തിലും അന്യഭാഷയിലുമെല്ലാം കളംനിറഞ്ഞ് നില്‍ക്കുന്നുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പൃഥ്വിക്ക് സാധിക്കുന്നില്ല. ഏറ്റവും പുതിയ ചിത്രമായ ഐ, നോബഡിയും ബോക്‌സ് ഓഫീസില്‍ സേഫാകാന്‍ പാടുപെടുകയാണ്.

വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം ഒരാഴ്ച പിന്നിടുമ്പോള്‍ 16 കോടിയാണ് നേടിയിട്ടുള്ളത്. നിര്‍മാതാക്കള്‍ക്ക് ബ്രേക്ക് ഇവന്‍ ആകണമെങ്കില്‍ ഇനിയും 16 കോടിയിലേറെ ചിത്രം നേടണം. 35 കോടിയിലേറെ ചൈലവഴിച്ചാണ് ചിത്രം ഒരുക്കിയത്. ബജറ്റിന്റെ ആധിക്യമാണ് ഐ, നോബഡിക്ക് തിരിച്ചടിയായത്. ചിത്രം ഹിറ്റാകണമെങ്കില്‍ 65 കോടിയെങ്കിലും നേടണമെന്നാണ് ബോക്‌സ് ഓഫീസ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

അതിഗംഭീര മേക്കിങ്ങാണെങ്കിലും തിരക്കഥയിലെ പാളിച്ചയാണ് ഐ, നോബഡിക്ക് തിരിച്ചടിയായത്. രാജീവന്‍ എന്ന സാധാരണക്കാരന്‍ ഒരു ബാങ്ക് മോഷണത്തിന്റെ ഭാഗമാകേണ്ടി വരുന്നതും പിന്നീട് അയാള്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ കഥ. വലിച്ചുനീട്ടിയ കഥയും ക്ലൈമാക്‌സിലെ അമിതമായ ഹീറോയിസവും ചിത്രത്തിന് തിരിച്ചടിയായി മാറി.

ഐ, നോബഡിയും പരാജയത്തിലേക്ക് കുതിക്കുന്നതോടെ തുടര്‍ച്ചയായ രണ്ടാമത്തെ ഫ്‌ളോപ്പാണ് പൃഥ്വിക്ക് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ വിലായത്ത് ബുദ്ധ 10 കോടി പോലും നേടാതെയാണ് കളംവിട്ടത്. 30 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ വിലായത്ത് ബുദ്ധ നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടമാണ് സമ്മാനിച്ചത്. ഇതുവരെ ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ചിത്രത്തെ ഏറ്റെടുത്തിട്ടില്ല.

വിലായത്ത് ബുദ്ധക്കും ഐ, നോബഡിക്കും പുറമെ പൃഥ്വിരാജ് ഭാഗമായ ചിത്രമായിരുന്നു പള്ളിച്ചട്ടമ്പി. ടൊവിനോ നായകനായെത്തിയ ചിത്രത്തില്‍ പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വി പ്രത്യക്ഷപ്പെട്ടത്. പീരിയോഡിക് ചിത്രമായെത്തിയ പള്ളിച്ചട്ടമ്പിയും ബോക്‌സ്  ഓഫീസില്‍ നിലംതൊട്ടിട്ടില്ല. ചിത്രത്തില് പൃഥ്വിരാജിന്റെ വിഗ്ഗ് ട്രോള്‍ മെറ്റീരിയലായിരുന്നു.

ഒന്നിന് പിന്നാലെ ഒന്നായി പൃഥ്വിയുടെ ബിഗ് ബജറ്റ് സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ആരാധകരും നിരാശയിലാണ്. എമ്പുരാന് ശേഷം പൃഥ്വിയോടുള്ള വെറുപ്പ് ഇരട്ടിയായ സംഘപരിവാര്‍ അനുകൂലികള്‍ താരത്തിന്റെ പരാജയം ആഘോഷമാക്കുന്നുമുണ്ട്. ഓണം റിലീസിന് തയാറെടുക്കുന്ന ഖലീഫയും വന്‍ ബജറ്റിലാണ് ഒരുങ്ങിയിട്ടുള്ളത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തും.

Content Highlight: After Vilayath Buddha Prithviraj facing another flop

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം